Pravasimalayaly

ഇ ബുൾജെറ്റ് സഹോദരന്മാർക്ക് വേണ്ടി ആരാധകർ

ഇ ബുള്‍ ജെറ്റ് സഹോദരന്‍മാര്‍ എന്ന അറിയപ്പെടുന്ന വ്‌ളോഗര്‍മാരായ എബിനും ലിബിനുമെതിരെ കണ്ണൂര്‍ ആര്‍ടിഒ നടപടി സ്വീകരിച്ചതിന് പിന്നാലെ സോഷ്യല്‍മീഡിയയില്‍ കലാപ ആഹ്വാനങ്ങളുമായി ഒരു വിഭാഗം യുട്യൂബര്‍മാര്‍. ‘നിരവധി ആരാധകരുള്ള ഞങ്ങളോട് കളിക്കേണ്ട, കേരളം കത്തും’, ‘ഇന്ന് ജെറ്റ് സഹോദരന്‍മാരെ പിടിച്ചു, നാളെ നമ്മളെയും അവര്‍ കുടുക്കും’, ‘ആ ഉദ്യോഗസ്ഥനെ പൂട്ടണം, അവനൊന്നും പുറത്തിറങ്ങാന്‍ പാടില്ല’ തുടങ്ങിയ പരാമര്‍ശങ്ങളാണ് ചില യുട്യൂബര്‍മാര്‍ നടത്തിയിരിക്കുന്നത്.
അതേസമയം, ഇവര്‍ക്കെതിരെ രൂക്ഷവിമര്‍ശനങ്ങളും സോഷ്യല്‍മീഡിയയില്‍ ഉയരുന്നുണ്ട്. ‘കൊവിഡില്‍ ജനം ബുദ്ധിമുട്ടുമ്പോള്‍ ആര്‍ടി ഓഫീസില്‍ കയറി ഷോ കാണിച്ചവരെ അറസ്റ്റ് ചെയ്യണം’, ‘നിയമം ലംഘിച്ചത് എത്ര ആരാധകരുള്ള യുട്യൂബേഴ്‌സ് ആണേലും പിടിച്ച് അകത്തിടണം’ തുടങ്ങിയ കമന്റുകളുമായാണ് മറ്റൊരു വിഭാഗം രംഗത്തെത്തിയിരിക്കുന്നത്.ഇതിനിടെ എബിനും ലിബിനുമെതിരെ ഗുരുതര ആരോപണങ്ങളുമായി കണ്ണൂര്‍ ആര്‍ടിഒ രംഗത്തെത്തി. ഓഫീസ് പരിസരത്ത് മനപൂര്‍വ്വം സംഘര്‍ഷമുണ്ടാക്കാനാണ് ഇരുവരും ശ്രമിച്ചതെന്നും നിയമവിരുദ്ധമായാണ് ഇവര്‍ വാഹനത്തില്‍ അറ്റകുറ്റപണികള്‍ നടത്തിയതെന്നും ആര്‍ടിഒ മാധ്യമങ്ങളോട് പറഞ്ഞു. കൊവിഡ് പ്രോട്ടോക്കോള്‍ ലംഘിച്ചതിനൊപ്പം ആര്‍ടി ഓഫീസ് പ്രവര്‍ത്തനവും തടസപ്പെടുത്തിതോടെയാണ് പൊലീസില്‍ വിവരം അറിയിച്ചതെന്നും ഉദ്യോഗസ്ഥന്‍ പറഞ്ഞു.

Exit mobile version