കണ്ണൂര്‍ കളക്ടറേറ്റിലെ ആര്‍ടി ഓഫീസില്‍ സംഘര്‍ഷമുണ്ടാക്കിയ വ്‌ളോഗര്‍മാരായ ലിബിനെയും എബിനെയും കണ്ണൂര്‍ മുന്‍സിഫ് കോടതി റിമാന്റ് ചെയ്തു. ഇവര്‍ക്കെതിരെ പൊതുമുതല്‍ നശിപ്പിച്ചതിനും കൊവിഡ് മനദണ്ഡങ്ങള്‍ ലംഘിച്ചതിനും പൊലീസ് കേസെടുത്തിരുന്നു. ഇരുവരും ഫോളോവേഴ്‌സിനൊപ്പം ആര്‍ടി ഓഫിസിലെത്തി സംഘര്‍ഷം സൃഷ്ടിച്ചതോടെയാണ് പൊലീസ് ഇവര്‍ക്കെതിരെ കേസെടുത്ത് കോടതിയില്‍ ഹാജരാക്കിയത്. സംഭവത്തെക്കുറിച്ച് പൊലീസ് പറഞ്ഞത്: ”രാവിലെ 11 മണിക്ക് ആര്‍ടി ഓഫീസിലെ സംഘര്‍ഷത്തെത്തുടര്‍ന്നാണ് അവര്‍ രണ്ടുപേരെയും കസ്റ്റഡിയിലെടുത്തത്. ആര്‍ടി ഓഫീസിലെ ഉദ്യോഗസ്ഥരുടെ പരാതിയിലായിരുന്നു നടപടി. വണ്ടി നിയമവിരുദ്ധ ആള്‍ട്ടറേഷന്‍ ചെയ്തതിന് ഫൈന്‍ അടയ്ക്കണമെന്ന് ഉദ്യോഗസ്ഥര്‍ പറഞ്ഞിരുന്നു. എന്നാല്‍ ഫൈന്‍ അടയ്ക്കാന്‍ പറ്റില്ലെന്ന് യുട്യൂബേഴ്‌സ് പറഞ്ഞപ്പോള്‍ തമ്മില്‍ വാക്ക്തര്‍ക്കമുണ്ടായി. തുടര്‍ന്നാണ് പൊലീസിനെ വിളിച്ചത്. അവരെ പൊലീസ് മര്‍ദിച്ചിട്ടില്ല. അതിന്റെ ആവശ്യമില്ല. ഇവരെ കസ്റ്റഡിയിലെടുത്തപ്പോള്‍ യുട്യൂബേഴ്‌സ് എന്ന് പറഞ്ഞ് കുറെ പേര്‍ സ്റ്റേഷനിലേക്ക് സംഘടിച്ചെത്തിയിരുന്നു. കൊവിഡ് മാനദണ്ഡങ്ങള്‍ പാലിക്കാത്തത് കൊണ്ട് അവരില്‍ പലരെയും അറസ്റ്റ് ചെയ്തിരുന്നു. മുന്‍കരുതല്‍ എന്ന നിലയിലും കൊവിഡ് മാനദണ്ഡങ്ങള്‍ ലംഘിച്ചതിനും ഇവര്‍ക്കെതിരെയും കേസെടുക്കും. അവരുടെ വണ്ടി ആര്‍ടിഒ രേഖമൂലം ഞങ്ങളെ ഏല്‍പ്പിച്ചിട്ടുണ്ട്. അത് കോടതിയിലേക്ക് റിപ്പോര്‍ട്ട് ചെയ്യ. ആര്‍ടിഒ ഉദ്യോഗസ്ഥന്‍ പറഞ്ഞത്: ”അവരുടെ ടാക്‌സ് അടവ് കൃത്യമായിരുന്നില്ല. നിയമവിരുദ്ധ ആള്‍ട്ടറേഷനാണ് വാഹനത്തില്‍ നടത്തിയിരിക്കുന്നത്. ഇത് പോലൊരു വാഹനം റോഡില്‍ ഇറങ്ങിയാല്‍ മറ്റുള്ളവര്‍ക്കും അപകടമാണ്. അവരുടെ വാഹനം പിടിച്ചെടുത്തിട്ടില്ല. അവര്‍ ഇവിടെ കൊണ്ടിട്ടതാണ്. മനപ്പൂര്‍വ്വം സംഘര്‍ഷമുണ്ടാക്കാനാണ് അവര്‍ ശ്രമിച്ചത്. ഓഫീസില്‍ കയറി ഉദ്യോഗസ്ഥരുടെ ജോലി തടസപ്പെടുത്തിയ സാഹചര്യവുമുണ്ടായി. എഴുതിയ ചെക്ക് റിപ്പോര്‍ട്ട് അന്തിമമല്ല. അവര്‍ക്ക് വേണമെങ്കില്‍ കോടതിയില്‍ പോകാം. ഇവിടെ വന്ന് പ്രശ്‌നങ്ങള്‍ ഉണ്ടാക്കുന്നത് നിയമം അറിയാത്തത് കൊണ്ടാണ്. കടുത്ത നിയമലംഘനമാണ് ഇവര്‍ നടത്തിയത്. നിയമം അനുസരിക്കുക എന്നത് പൗരന്റെ കടമയാണ്. ഇവിടെ നടന്നത് അവരുടെ നാടകമാണ്. തെറ്റായ സന്ദേശമാണ് ഇവര്‍ ജനങ്ങള്‍ക്ക് നല്‍കുന്നത്. ആര്‍ക്കും എന്തും ചെയ്യാമെന്ന അവസ്ഥയിലേക്ക് കാര്യങ്ങള്‍ പോകാന്‍ അനുവദിക്കില്ല. നിയമം അനുസരിച്ചാണ് വാഹനം ഓടിക്കേണ്ടത്. ഇത് പോലെ പ്രശ്‌നങ്ങളുണ്ടാക്കി രക്ഷപ്പെടാമെന്നും ഇത്തരം വാഹനം റോഡില്‍ ഇറക്കാമെന്ന തെറ്റായ സന്ദേശമാണ് ഇവര്‍ നല്‍കുന്നത്. നിയമപ്രകാരം മാത്രമാണ് മോട്ടോര്‍ വാഹനവകുപ്പ് നടപടി സ്വീകരിച്ചത്. ഇത്രയും ആള്‍ക്കാരെ വിളിച്ച് കൂട്ടി കൊവിഡ് പ്രോട്ടോക്കോള്‍ പാലിക്കാതെ ഓഫീസിന്റെ പ്രവര്‍ത്തനം മൊത്തം അവര്‍ തടസപ്പെടുത്തി. ഇത് അംഗീകരിക്കാന്‍ സാധിക്കില്ല.”