Monday, November 18, 2024
HomeNewsKeralaതൃക്കാക്കരയിലെ അശ്‌ളീല വീഡിയോ തയ്യാറാക്കിയത് വി ഡി സതീശനെന്ന് ഇ പി ജയരാജൻ

തൃക്കാക്കരയിലെ അശ്‌ളീല വീഡിയോ തയ്യാറാക്കിയത് വി ഡി സതീശനെന്ന് ഇ പി ജയരാജൻ

തൃക്കാക്കര തിരഞ്ഞെടുപ്പ് പ്രചരണത്തില്‍ അശ്ലീല വീഡിയോ തയ്യാറാക്കിയതിന് പ്രതിപക്ഷ നേതാവ് വി.ഡി.സതീശനാണെന്ന് ഇപ്പോള്‍ വ്യക്തമാകുന്നുവെന്ന് എല്‍ഡിഎഫ് കണ്‍വീനര്‍ ഇ.പി. ജയരാജന്‍. തന്റെ ഫേസ് ബുക്ക് കുറിപ്പിലാണ് ജയരാജന്‍ ഇങ്ങനെ പറഞ്ഞത്. പ്രതിപക്ഷ നേതൃസ്ഥാനത്ത് നിന്ന് അദ്ദേഹത്തെ മാറ്റണമെന്നും ജയരാജന്‍ ആവശ്യപ്പെട്ടു.

ഫേസ് ബുക്ക് കുറിപ്പിന്റെ പൂര്‍ണ്ണ രൂപം

‘വി.ഡി സതീശന്റേയും യുഡിഎഫിന്റേയും വികൃത മുഖം ഒരോ ദിവസം കഴിയുംതോറും പുറത്തുവന്നുകൊണ്ടിരിക്കുകയാണ്. തൃക്കാക്കര തെരെഞ്ഞെടുപ്പ് ഘട്ടത്തില്‍ അശ്ലീല വീഡിയോ തയ്യാറാക്കിയതും സതീശന്‍ മുഖാന്തരമാണെന്ന് തന്നെയാണ് ഇപ്പോള്‍ വ്യക്തമാകുന്നത്. ക്രൈം നന്ദകുമാര്‍, പിസി ജോര്‍ജ്ജ്, സ്വപ്ന സുരേഷ് തുടങ്ങിയവരെല്ലാമാണ് ഇപ്പോള്‍ കോണ്‍ഗ്രസിന്റെ മാര്‍ഗ ദര്‍ശികള്‍.

ഇവരെ എഴുന്നള്ളിച്ചായിരുന്നു എല്‍ഡിഎഫ് ഗവണ്‍മെന്റിനും മുഖ്യമന്തിക്കുമെതിരെയെല്ലാം യുഡിഎഫ് പ്രചരണം നടത്തിക്കൊണ്ടിരുന്നത്. 20 തവണ സ്വര്‍ണം കടത്തിയെന്ന് സ്വമേധയാ വെളിപ്പെടുത്തിയാളാണ് സ്വപ്ന, തന്റെ സ്ഥാപനത്തിലെ സഹപ്രവര്‍ത്തകരായ സ്ത്രീകളെ അശ്ലീല വീഡിയോ സൃഷ്ടിക്കാന്‍ നിര്‍ബന്ധിച്ച വാര്‍ത്ത ക്രൈം നന്ദകുമാറിനെതിരെ പുറത്തുവരുന്നു.
പിസി ജോര്‍ജ്ജിന്റെ കാര്യം പ്രത്യേകം പറയാതെ തന്നെ എല്ലാവര്‍ക്കുമറിയാം. ഇവരെയെല്ലാം മാതൃകകളാക്കിയാണ് കോണ്‍ഗ്രസിന്റെ പ്രവര്‍ത്തനങ്ങള്‍. യഥാര്‍ത്ഥത്തില്‍ സ്വര്‍ണ്ണക്കടത്ത് നടത്തിയവരേയും അത് വാങ്ങിയ കള്ളക്കടത്തുകാരേയും സംരക്ഷിക്കാനാണ് പ്രതിപക്ഷ നേതാവും യുഡിഎഫും ഇപ്പോള്‍ പ്രവര്‍ത്തിക്കുന്നത്. ഇത്തരത്തില്‍ നടത്തിക്കൊണ്ടിരിക്കുന്ന വൃത്തികെട്ട രാഷ്ട്രീയത്തിനെതിരെ ആശയം ചോര്‍ന്നുപോകാത്ത കോണ്‍ഗ്രസുകാര്‍ രംഗത്തുവരണം’ 

കോണ്‍ഗ്രസിനകത്തുള്ള മതേതര ജനാധിപത്യ വാദികള്‍ ഈ കാര്യങ്ങള്‍ ഗൗരവത്തിലെടുത്ത് നിലപാട് സ്വീകരിക്കണം. വി.ഡി. സതീശനും സുധാകരനും കൂടിച്ചേര്‍ന്ന് പ്ലാന്‍ ചെയ്താണ് മുഖ്യമന്ത്രിയെ ആക്രമിക്കാന്‍ കണ്ണൂരിലെ ഗുണ്ടാ സംഘത്തെ വിമാനത്തില്‍ അയച്ചത് എന്നത് വ്യക്തമാണ്. ഏവിയേഷന്‍ ഡിപ്പാര്‍ട്ട്മെന്റും ഇന്‍ഡിഗോ മാനേജ്മെന്റും സമഗ്രമായ അന്വേഷണം നടത്തി, വിമാനത്തിനകത്ത് മുഖ്യമന്ത്രിയെ അക്രമിക്കാന്‍ ശ്രമിച്ചതിനും മറ്റു യാത്രക്കാര്‍ക്ക് ബുദ്ധിമുട്ടുണ്ടാക്കുകയും ഇന്‍ഡിഗോ സര്‍വ്വീസിനെ അപമാനിക്കുകയും ചെയ്തതിനെതിരെ ഇക്കൂട്ടര്‍ക്കെതിരെ തക്കതായ നടപടികള്‍ സ്വീകരിക്കുകയും വേണം. വ്യോമഗതാഗതത്തെ ആകെ അപഹാസ്യമാക്കുന്നതായിരുന്നു ഈ ഗുണ്ടാസംഗത്തിന്റെ നടപടി. ഗുരുതരമായ കുറ്റകൃത്യമാണ് ഇവര്‍ നടത്തിയത്. പ്രതിപക്ഷ നേതാവിനെ ആ സ്ഥാനത്ത് നിന്നും കോണ്‍ഗ്രസ് നേതൃത്വം നീക്കണം. ആള്‍ ഇന്ത്യാ കോണ്‍ഗ്രസ് കമ്മിറ്റി ഈ വിഷയത്തില്‍ എന്ത് നിലപാട് സ്വീകരിക്കുമെന്ന് അറിയാന്‍ കേരള ജനതയ്ക്ക് താല്‍പര്യമുണ്ട്. കോണ്‍ഗ്രസ് നേതൃത്വത്തിന്റെ നിലവാരമില്ലാത്ത ഈ രീതികളിലുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് വലിയ വില നല്‍കേണ്ടി വരും.’

RELATED ARTICLES

Leave a Reply

- Advertisment -

Most Popular

Recent Comments