ഡിപിആര്‍ കാണാതെയുള്ള ആഘാത പഠനം അസംബന്ധം; സില്‍വര്‍ ലൈന്‍ പദ്ധതി പരാജയമാകുമെന്ന് ഇ ശ്രീധരന്‍

0
59

കൊച്ചി: ഡി.പി.ആര്‍ കാണാതെ കെ റെയിലിന്റെ പേരില്‍ നടക്കുന്ന പരിസ്ഥിതി ആഘാത പഠനം അസംബന്ധമെന്ന് ഇ ശ്രീധരന്‍. പരിസ്ഥിതി, സാമൂഹിക ആഘാത പഠനങ്ങള്‍ നടത്തുന്ന ഏജന്‍സികള്‍ തന്നെ ഡിപിആര്‍ കണ്ടില്ലെന്ന് പറയുന്നത് ഗൗരവതരമായ കാര്യമാണെന്നും അദ്ദേഹം പറഞ്ഞു. ട്രാക്ക് ഏതൊക്കെ വഴികളിലൂടെയാണ് പോകുന്നതെന്നും അലൈന്‍മെന്റും ട്രാക്കിന്റെ ഉയര്‍ച്ച താഴ്ചയും ചെരിവും കട്ടിങ്ങുമെല്ലാം നിശ്ചയിച്ചെങ്കില്‍ മാത്രമേ പരിസ്ഥിതി, സാമൂഹിക ആഘാത പഠനങ്ങള്‍ ഫലപ്രമദമാവുകയുള്ളു.

ട്രാക്ക് ഭൂമിയിലൂടെ പോകുന്നതിന്റെയും തൂണുകളില്‍ പോകുന്നതിന്റെയും ആഘാത പഠനം വ്യത്യസ്തമാണ്. ഇതു രണ്ടുതരത്തിലാണ് ചെയ്യേണ്ടതും. എവിടെയാണ് പാലങ്ങള്‍ വരുന്നത്, ചെറിയ പാലങ്ങള്‍ എത്ര, വലുതെത്ര ഇങ്ങനെയുള്ള വ്യക്തത ലഭിക്കാതെ പഠനം നടത്തുന്നത് ശരിയല്ല. ജനത്തെ നേരിട്ട് ബാധിക്കുന്ന ഇത്തരം കാര്യങ്ങളില്‍ നടത്തുന്ന പഠനം ശാസ്ത്രീയമല്ലെങ്കില്‍ സില്‍വര്‍ ലൈന്‍ പദ്ധതി പരാജയമാകുമെന്നും ശ്രീധരന്‍ പറഞ്ഞു.

കെ റെയിലിനെതിരെ പ്രതിപക്ഷ നേതാവ് വിഡി സതീശനും കഴിഞ്ഞ ദിവസം രംഗത്ത് വന്നിരിന്നു. കെ. റെയില്‍ പദ്ധതിയുടെ ഡി.പി.ആര്‍ പോലും കാണാതെയാണ് പ്രതിപക്ഷം സില്‍വര്‍ ലൈനിനെ എതിര്‍ക്കുന്നതെന്ന സി.പി.എം വാദം ശരിയാണെന്ന് വി.ഡി. സതീശന്‍ പറഞ്ഞു. ഡി.പി.ആര്‍ എന്തുകൊണ്ടാണ് പുറത്തുവിടാത്തതെന്നതാണ് ഞങ്ങളുടെ ചോദ്യം. ഡി.പി.ആര്‍ പുറത്തുവിടുകയോ സര്‍വെ നടത്തുകയോ എസ്റ്റിമേറ്റ് തയാറാക്കുകയോ ചെയ്യാതെ എന്തിനാണ് സ്ഥലം ഏറ്റെടുക്കാന്‍ ഇത്ര ധൃതി കാട്ടുന്നതെന്നും പ്രതിപക്ഷ നേതാവ് ചൂണ്ടിക്കാട്ടി.

പ്രോജക്ട് പോലും തയാറാക്കുന്നതിന് മുന്‍പ് വിദേശ കമ്പനികളുമായി സംസാരിക്കാന്‍ ഉദ്യോഗസ്ഥരെ ആരാണ് ചുമതലപ്പെടുത്തിയത്. സി.പി.എം സെക്രട്ടറി കോടിയേരി ബാലകൃഷ്ണനും ഡി.പി.ആര്‍ കണ്ടിട്ടില്ല. ആ നിസഹായാവസ്ഥയാണ് അദ്ദേഹം പാര്‍ട്ടി പത്രത്തില്‍ എഴുതിയ ലേഖനത്തില്‍ പ്രകടിപ്പിച്ചത്. ഇതു തന്നെയാണ് പ്രതിപക്ഷവും ചോദിക്കുന്നത്. പ്രതിപക്ഷം ഉയര്‍ത്തിയ ചോദ്യങ്ങള്‍ക്ക് ഉത്തരം പറയാന്‍ മുഖ്യമന്ത്രിയോ പാര്‍ട്ടിയോ ഇതുവരെ തയാറായിട്ടില്ല. അതിനു പകരം വര്‍ഗീയത കൊണ്ടുവരികയാണ്. കച്ചവടം നടത്താനാണ് ഭൂമി ഏറ്റെടുക്കുന്നത്. കോടികള്‍ കൊള്ളയടിക്കുന്ന എല്ലാ അഴിമതികളിലുമെന്ന പോലെ സില്‍വര്‍ ലൈനിലും സര്‍ക്കാര്‍ അനാവശ്യ ധൃതി കാട്ടുകയാണെന്നും സതീശന്‍ ആരോപിച്ചു.

ചോദ്യങ്ങള്‍ക്ക് ഉത്തരം നല്‍കാതെ പദ്ധതിയുമായി മുന്നോട്ടു പോകാന്‍ അനുവദിക്കില്ല. ധാര്‍ഷ്ട്യം കൊണ്ടും അഹങ്കാരം കൊണ്ടും പദ്ധതിയുമായി മുന്നോട്ടു പോയാല്‍ അതിനെ ജനാധിപത്യപരമായ രീതിയില്‍ യു.ഡി.എഫ് ചെറുത്ത് തോല്‍പ്പിക്കും. കാര്‍ക്കശ്യം നിറഞ്ഞ നിലപാടാണ് യു.ഡി.എഫിന്റേത്. സര്‍ക്കാറിന്റെ വാശിയെ ചെറുക്കാനുള്ള ശക്തി കേരളത്തിലെ യു.ഡി.എഫിനുണ്ടെന്ന് മുഖ്യമന്ത്രിയെ ബോധ്യപ്പെടുത്തും.

Leave a Reply