സില്‍വര്‍ ലൈന്‍ പദ്ധതി കേരളത്തെ ബാധിക്കില്ലെന്ന മുഖ്യമന്ത്രിയുടെ വാദം തെറ്റെന്ന് മെട്രോമാന്‍ ഇ.ശ്രീധരന്‍. പാലങ്ങള്‍ നിര്‍മിക്കുമ്പോള്‍ ഇരുഭാഗത്തേക്കും കോണ്‍ക്രീറ്റ് മതിലുകള്‍ വേണ്ടിവരും. കോണ്‍ക്രീറ്റ് മതിലുകള്‍ കടുത്ത പാരിസ്ഥിതിക നാശമുണ്ടാക്കും. വന്‍കിട പദ്ധതികളുടെ ഡിപിആര്‍ ജനങ്ങള്‍ക്ക് ലഭ്യമാക്കാന്‍ കഴിയില്ലെന്ന വാദം ശുദ്ധനുണയാണ്. സില്‍വര്‍ ലൈന്‍ പദ്ധതിയുടെ കാര്യത്തില്‍ സര്‍ക്കാര്‍ എന്തുകൊണ്ടാണ് വസ്തുതകള്‍ മറച്ചുവയ്ക്കുന്നത്. പദ്ധതിയുടെ എസ്റ്റിമേറ്റ് തുകയും കുറച്ചുകാണിക്കുകയാണ്. സില്‍വര്‍ ലൈന്‍ പദ്ധതി വലിയ പാരിസ്ഥിതിക പ്രത്യാഘ്യാതം ഉണ്ടാക്കുമെന്നും ഇ.ശ്രീധരന്‍ ആരോപിച്ചു.
പദ്ധതി നടപ്പാക്കിയാല്‍ കുട്ടനാടിന് സമാനമായ വെള്ളപ്പൊക്കം പദ്ധതി മേഖലയില്‍ ഉണ്ടാകും. 800 ഓളം ആര്‍ഒബികള്‍ നിര്‍മിക്കേണ്ടതായി വരും. ഇതിന് 16000 കോടി ചെലവ് വരും. ഇത് എസ്റ്റിമേറ്റില്‍ കാണിച്ചിട്ടില്ല. ഈ സാഹചര്യത്തില്‍ കൂടുതല്‍ ഭൂമിയും ഏറ്റെടുക്കേണ്ടതായി വരും. അതിനുള്ള ചെലവും കൂടും. വന്‍കിട പദ്ധതികളുടെ ഡിപിആര്‍ പുറത്തു വിടാറില്ലെന്ന സര്‍ക്കാര്‍ നിലപാട് ശരിയല്ല. പത്തോളം പദ്ധതികളുടെ ഡിപിആര്‍ താന്‍ തയാറാക്കിയതാണെന്നും അവയെല്ലാം പൊതു ജനങ്ങള്‍ക്ക് ലഭ്യമാക്കിയിരുന്നെന്നും ഇ. ശ്രീധരന്‍ കൂട്ടിച്ചേര്‍ത്തു.
സില്‍വര്‍ ലൈന്‍ പദ്ധതിക്കെതിരെ നേരത്തെയും ഇ.ശ്രീധരന്‍ രംഗത്തെത്തിയിരുന്നു. പദ്ധതി നടപ്പാക്കിയാല്‍ സര്‍ക്കാരിന് വലിയ സാമ്പത്തിക ബാധ്യതയാകും. പദ്ധതി ആസൂത്രണത്തില്‍ ഗുരുതര പിഴവുകള്‍, അത് നിശ്ചിത സമയത്ത് പൂര്‍ത്തിയാക്കാനാകില്ല. ഇപ്പോഴുള്ള പദ്ധതി പറഞ്ഞ സമയത്തിനുള്ളില്‍ പൂര്‍ത്തിയാക്കാന്‍ കഴിയില്ല, സാങ്കേതികപരമായ എല്ലാ വശങ്ങളും പരിശോധിച്ച്, പരിസ്ഥിതിക്കും അന്തരീക്ഷത്തിനും പ്രശ്നങ്ങളുണ്ടാക്കില്ലെന്ന് ഉറപ്പ് വരുത്തിയിട്ട് മാത്രമേ പദ്ധതി നടത്താവൂ എന്നും ഇ.ശ്രീധരന്‍ പറഞ്ഞു.