വധഗൂഢാലോചന കേസ്; ദിലീപിന്‍റെയും കൂട്ടുപ്രതികളുടെയും ശബ്ദപരിശോധന ഇന്ന്

0
258

വധഗൂഢാലോചന കേസില്‍ നടന്‍ ദിലീപിന്റെയും കൂട്ടുപ്രതികളുടെയും ശബ്ദപരിശോധന ഇന്ന് നടക്കും. രാവിലെ 11ന് കാക്കനാട് ചിത്രാഞ്ജലി ലാബില്‍ എത്താനാണ് ആലുവ മജിസ്‌ട്രേറ്റ് കോടതി നിര്‍ദേശം നല്‍കിയിരിക്കുന്നത്. ദിലീപിനെക്കൂടാതെ സഹോദരന്‍ അനൂപ്, സഹോദരീ ഭര്‍ത്താവ് സുരാജ് എന്നിവരുടെ ശബ്ദപരിശോധനയാണ് നടത്തുന്നത്.

ബാലചന്ദ്രകുമാര്‍ ഹാജരാക്കിയ സംഭാഷണത്തിലെ ശബ്ദം പ്രതികളുടേത് തന്നെയാണെന്ന് ശാസ്ത്രീയമായി ഉറപ്പിക്കുന്നതിനാണ് ശബ്ദ പരിശോധന നടത്തുന്നത്. ഇതിനിടെ വധഗൂഢാലോചനക്കേസില്‍ മുന്‍കൂര്‍ ജാമ്യം ലഭിച്ചതിന് പിന്നാലെ നടിയെ ആക്രമിച്ച കേസില്‍ തുടരന്വേഷണം റദ്ദാക്കണമെന്നാവശ്യപ്പെട്ട് ദിലീപ് ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കി. തുടരന്വേഷണം റദ്ദാക്കണം, വിചാരണ വേഗത്തിലാക്കണം തുടങ്ങി രണ്ട് ആവശ്യങ്ങളാണ് ഹര്‍ജിയില്‍ ദിലീപ് മുന്നോട്ട് വെച്ചിരിക്കുന്നത്. നടിയെ ആക്രമിച്ചക്കേസ് അട്ടിമറിക്കാനാണ് തുടരന്വേഷണവുമായി മുന്നോട്ട് പോകുന്നതെന്നാണ് ഹര്‍ജിയില്‍ ദിലീപ് ഉയര്‍ത്തുന്ന ആരോപണം. വിചാരണ നീട്ടികൊണ്ടു പോകാനുള്ള ശ്രമവും ഇപ്പോള്‍ നടത്തുന്നുണ്ട്. ഇതില്‍ കാര്യക്ഷമമായ ഇടപെടല്‍ കോടതിയുടെ ഭാഗത്തു നിന്ന് ഉണ്ടാകണമെന്നും ദിലീപ് പറയുന്നു. സര്‍ക്കാരിന്റെ മറുപടി കൂടി പരിഗണിച്ചേ ഹൈക്കോടതി ഹര്‍ജിയില്‍ തുടര്‍ നടപടികള്‍ തീരുമാനിക്കൂ.

അതേസമയം കേസിന്റെ അന്വേഷണവുമായി പ്രതികള്‍ പൂര്‍ണമായി സഹകരിക്കുന്നുണ്ടെന്ന പ്രതിഭാഗത്തിന്റെ വാദം അംഗീകരിച്ചാണ് കോടതി ജാമ്യം അനുവദിച്ചത്. ദിലീപിനെ കസ്റ്റഡിയില്‍ ചോദ്യം ചെയ്യണമെന്ന പ്രോസിക്യൂഷന്റെ ആവശ്യം കോടതി തള്ളി. നിലവിലെ സാഹചര്യത്തില്‍ ദിലീപിനെ കസ്റ്റഡിയില്‍ ചോദ്യം ചെയ്യേണ്ട ആവശ്യമില്ലെന്നു കോടതി വ്യക്തമാക്കി. ദിലീപിനെക്കൂടാതെ, സഹോദരന്‍ അനൂപ്, സഹോദരി ഭര്‍ത്താവ് ടിഎന്‍ സുരാജ്, ബന്ധുവായ അപ്പു, സുഹൃത്തായ ബൈജു ചെങ്ങമനാട്, ശരത്ത് എന്നിവരുടെ മുന്‍കൂര്‍ ജാമ്യാപേക്ഷകളാണ് ജസ്റ്റിസ് പി. ഗോപിനാഥ് പരിഗണിച്ചത്. ഉപാധികളോടെയാണ് ജാമ്യം നല്‍കുന്നതെന്ന് വ്യക്തമാക്കിയ കോടതി ഉപാധികള്‍ ലംഘിച്ചാല്‍ പ്രതികളെ അറസ്റ്റ് ചെയ്യാമെന്ന് വ്യക്തമാക്കിയിരുന്നു.

Leave a Reply