Monday, July 8, 2024
HomeNewsയാത്രാക്ലേശം അതിരൂക്ഷം, അവഗണനയുടെ ട്രാക്കിൽ വീണ്ടും ആലപ്പുഴ

യാത്രാക്ലേശം അതിരൂക്ഷം, അവഗണനയുടെ ട്രാക്കിൽ വീണ്ടും ആലപ്പുഴ

എറണാകുളത്ത്‌ നിന്ന് വൈകുന്നേരങ്ങളിൽ ജോലിചെയ്ത് മടങ്ങാൻ ട്രെയിനില്ലാത്തത് ആലപ്പുഴ യാത്രക്കാരുടെ ഇടയിൽ വലിയ പ്രതിസന്ധിയാണ് സൃഷ്ടിക്കുന്നതെന്ന് ഫ്രണ്ട്സ് ‘ഓഫ് റെയിൽ വാട്ട്സ് അപ് കൂട്ടായ്മ.അഞ്ചുമണിക്ക് ശേഷം ഓഫീസിൽ നിന്നിറങ്ങുന്ന സ്ത്രീകളടങ്ങുന്ന യാത്രക്കാർ ഇപ്പോൾ മറ്റ് ഗതാഗത മാർഗ്ഗങ്ങളെയാണ് ആശ്രയിക്കുന്നത്. വൈകുന്നേരം നാല് മണിയ്ക്കുള്ള മെമു ഓഫീസ് ജീവനക്കാർക്കോ കച്ചവടക്കാർക്കോ അനുകൂലമായ സമയത്തല്ല സർവീസ് നടത്തുന്നത്. പണ്ട് 4.20 ന് എടുത്തുകൊണ്ടിരുന്ന ഏറനാട് എക്സ്പ്രസ്സും സ്ഥിരയാത്രക്കാർക്ക് ഒട്ടും അനുയോജ്യമായിരുന്നില്ലെങ്കിലും കുറച്ചു പേരെങ്കിലും ഓടിപ്പിടിച്ചിരുന്നു. ഒക്ടോബറിൽ നടപ്പാക്കിയ സമയപരിഷ്കരണത്തിൽ ഏറനാടിന്റെ സമയം മുന്നോട്ടാക്കിയതോടെ ഇപ്പോൾ ഒന്നിനും പറ്റാത്ത അവസ്ഥയാണ്. മുൻ‌കൂട്ടി റിസേർവേഷൻ ചെയ്ത് സ്‌പെഷ്യൽ നിരക്കുകൾ നൽകി ഒരു ഭാഗ്യപരീക്ഷണത്തിന് മുതിരാനുള്ള ധൈര്യവും യാത്രക്കാർക്ക് നഷ്ടപ്പെട്ടിരിക്കുന്നു. ഏറനാടിൽ സീസൺ ടിക്കറ്റും അൺ റിസേർവ്ഡ് കോച്ചുകളും നിഷേധിച്ചതും റെയിൽവേ യാത്രക്കാരോട് കാണിച്ച കടുത്ത അനീതിയാണ്.

5.25 ന് എടുക്കുന്ന ജനശതാബ്ദി യാത്രക്കാർക്ക് ഏറെ സൗകര്യപ്രദമാണെങ്കിലും റിസർവേഷൻ നിരക്കിന് പുറമേ സൂപ്പർ ഫാസ്റ്റ് അഡീഷണൽ ചാർജും നൽകി ദിവസേന യാത്രചെയ്യാനുള്ള സാമ്പത്തിക സുരക്ഷിതത്വമുള്ളവരല്ല ഭൂരിപക്ഷവും. അതുമാത്രമല്ല, ഒരാഴ്ച മുമ്പ് ബുക്ക്‌ ചെയ്താൽ മാത്രമേ ശതാബ്ദിയിൽ ടിക്കറ്റ് ലഭിക്കാറുള്ളു.ഏതെങ്കിലും സാഹചര്യത്തിൽ ടിക്കറ്റ് റദ്ദാക്കേണ്ടി വന്നാൽ അടച്ച തുകയുടെ പകുതി പോലും ലഭിക്കുകയുമില്ല. ജനശതാബ്ദിയ്ക്ക് ശേഷം മറ്റു സർവീസുകൾ ഇല്ലാത്തതും ആലപ്പുഴക്കാരെ വെട്ടിലാക്കുന്നു. രാത്രിയിൽ മറ്റു ഗതാഗതമാർഗ്ഗങ്ങൾ സുരക്ഷിതമല്ലെന്നാണ് സ്ത്രീകളുടെ നിലപാട്. അതിനാൽ നിവർത്തിയില്ലാതെ പലരും ജോലി ഉപേക്ഷിക്കുകയാണ്.

വൈകുന്നേരം 6 മണിക്ക് എറണാകുളത്ത്‌ നിന്ന് ആലപ്പുഴ വഴിയുള്ള കായംകുളം പാസഞ്ചർ അനുവദിച്ചാൽ മാത്രമേ യാത്രക്കാരുടെ ദുരിതത്തിന് ഒരു പരിധിവരെ ആശ്വാസമാകുകയുള്ളു. ആലപ്പുഴയിൽ നിന്ന്
ആയിരക്കണക്കിന് ആളുകളാണ് എറണാകുളത്തേയ്ക്ക് ഉപജീവനത്തിനായി യാത്രചെയ്യുന്നത്. മറ്റു ജില്ലകളിൽ ഒക്ടോബർ രണ്ടാം വാരത്തോടെ പുതിയ സർവീസുകൾ ആരംഭിച്ചപ്പോഴും ആലപ്പുഴയെ പാടേ തഴയപ്പെടുകയായിരുന്നു. എറണാകുളത്തെ കോളേജുകളും വിദ്യാഭ്യാസസ്ഥാപനങ്ങളും തുറന്ന സാഹചര്യത്തിൽ വിദ്യാർത്ഥികളും യാത്രാസൗകര്യമില്ലാതെ വഴിമുട്ടിയ അവസ്ഥയിലാണ്.

രാത്രി 07 40 ന് ആലപ്പുഴ വഴിയുള്ള എറണാകുളം- കൊല്ലം മെമു കച്ചവടക്കാർ ഏറ്റവും കൂടുതൽ ആശ്രയിച്ചിരുന്ന ട്രെയിനാണ്. 270 രൂപ സീസൺ ടിക്കറ്റിൽ യാത്ര ചെയ്തോണ്ടിരുന്ന പലരുടെയും വരുമാനത്തിന്റെ നല്ലൊരു ഭാഗം ഇന്ന് യാത്രയ്ക്കും എറണാകുളത്ത്‌ താമസത്തിനുമായി മാറ്റി വെയ്ക്കേണ്ട സാഹചര്യമാണുള്ളത്.

അനുവദിച്ച മെമുവിന് സ്റ്റോപ്പുകൾ വെട്ടിക്കുറച്ചതും ഇരുട്ടടിയായി. പാസഞ്ചർ സർവീസുകളെക്കാൾ ഏറെ ആദായകരമായ മെമുവിന് സ്റ്റേഷനിൽ നിർത്തിയെടുക്കുന്നതിന് സമയനഷ്ടം പോലും സംഭവിക്കുന്നില്ല. എന്നിട്ടും യാത്രക്കാരുടെ എണ്ണവോ ആവശ്യങ്ങളോ പരിഗണിക്കാതെ സ്വേച്ഛാധിപത്യപരമായ നിലപാടാണ് റെയിൽവേ സ്വീകരിച്ചത്.

അതുപോലെ ആലപ്പുഴയിൽ നിന്നുള്ള യാത്രക്കാർക്ക് തിരുവനന്തപുരത്ത് ഓഫീസ് സമയം പാലിക്കുന്നതിന് പുലർച്ചെ 2.40 നുള്ള മാവേലി എക്സ്പ്രസ്സ്‌ നെ ആശ്രയിക്കേണ്ട ഗതികേടാണുള്ളത്. മാവേലിക്ക് ശേഷം ആലപ്പുഴയിൽ നിന്ന് 06 35 നുള്ള ഇന്റർസിറ്റിയുടെ തിരുവനന്തപുരം സമയം ക്രമീകരിച്ചിരിക്കുന്നത് 10.05 ആണ്. 10 മണിക്ക് ശേഷം തിരുവനന്തപുരം സെൻട്രലിൽ നിന്ന് ഓഫീസിലേയ്ക്ക് ട്രാഫിക് കുരുക്കുകൾ കടന്നെത്തുമ്പോൾ പകുതി സാലറി നഷ്ടമായിരിക്കും. യാത്രക്കാരുടെ ദീർഘകാലത്തെ ആവശ്യമാണ്‌ ഇന്റർസിറ്റി 10 മണിക്ക് മുമ്പ് തിരുവനന്തപുരം കയറുന്നവിധം സമയം ചിട്ടപ്പെടുത്തുകയെന്നത്. ഓഫീസ് സമയം പാലിക്കുന്ന ഡേ ട്രെയിനുകളെ വീക്കിലി, ബൈ വീക്കിലി എക്സ്പ്രസ്സുകളും ചരക്കുവണ്ടികളും കടന്നുപോകുന്നതിനായി പിടിച്ചിടുന്നത് സ്ഥിരം സംഭവമാണ്. സ്ഥിരയാത്രക്കാരെയും സീസൺ ടിക്കറ്റ് യാത്രക്കാരെയും റെയിൽവേ ഇതിലൂടെ പരമാവധി ബുദ്ധിമുട്ടികയാണ്. തിരുവനന്തപുരം പേട്ടയിൽ നിന്ന് 2 കിലോമീറ്റർ ദൂരമുള്ള സെൻട്രലിലേയ്ക്ക് സഞ്ചരിക്കാൻ ഇന്റർസിറ്റിയ്ക്ക് 40 മിനിറ്റ് സമയമാണ് റെയിൽവേ നൽകിയിരിക്കുന്നത്. ഇന്ത്യൻ റെയിൽവേയുടെ ഗുഡ് ബുക്കിൽ ഇടം പിടിക്കാൻ തിരുവനന്തപുരം ഡിവിഷൻ നടത്തുന്ന കപടനാടകമാണ് ഇതിന്റെ പിന്നിൽ. ഇതുപോലെ അവസാന പോയിന്റിലേയ്ക്ക് 40 മിനിറ്റ് മുതൽ ഒന്നരമണിക്കൂർ വരെ കൂടുതൽ കാണിച്ച് ട്രെയിനുകൾ കൃത്യസമയം പാലിക്കുന്നതായി അവകാശപ്പെടുകയാണ് റെയിൽവേ.

കോവിഡ് മൂലം കടുത്ത സാമ്പത്തിക പ്രതിസന്ധി നേരിടുന്ന ജനങ്ങൾക്ക് ആശ്വാസകരമാകും വിധം യാത്രാസൗകര്യങ്ങൾ പുനരാവിഷ്കരിക്കാൻ ജനപ്രതിനിധികളുടെ ശക്തമായ ഇടപെടൽ ഉണ്ടാകണമെന്ന് ഫ്രണ്ട്‌സ് ഓൺ റെയിൽസ് സെക്രട്ടറി ലിയോൺസ് ആവശ്യപ്പെട്ടു. ജനജീവിതം സാധാരണ ഗതിയിലേയ്ക്ക് മടക്കികൊണ്ടുവരാൻ റെയിൽവേ ഇനിയെങ്കിലും യാത്രക്കാരോട് മനുഷ്യത്വപരമായ സമീപനം സ്വീകരിക്കണം.

RELATED ARTICLES

Leave a Reply

- Advertisment -

Most Popular

Recent Comments