ടീം പ്രവാസി മലയാളി.
‘ജറുസലേം പുത്രിമാരെ എന്നെയോര്‍ത്ത് കരയേണ്ട..നിങ്ങളെയും, നിങ്ങളുടെ മക്കളെയും ഓര്‍ത്ത് കരയുവിന്‍ ഏതാനും നാളുകള്‍ക്കുള്ളില്‍ ഓര്‍ശ്ലം ആക്രമിക്കപ്പെടും, അവരും അവരുടെ മക്കളും പട്ടിണി കിടന്ന് മരിക്കും…’
ഗാഗുല്‍ത്തായിലേക്കുള്ള കുരിശിന്റെ വഴിയില്‍ തന്നോട് സഹതപിച്ച ജറുസേലമിലെ യഹൂദ വനിതകളെ യേശുക്രിസ്തു ആശ്വസിപ്പിക്കുന്ന ഈ വാക്കുകള്‍ എഴുതിയത് വിഖ്യാതനായ ആബേലച്ചനാണ്. യേശു ക്രിസ്തു പ്രവചിച്ച ആ അന്ത്യനാളുകള്‍ വന്നെത്തിയതുപോലെയാണ് ഇന്നത്തെ ലോകത്തിന്റെ അവസ്ഥ.
മനുഷ്യന്റെ കണ്ണില്‍ കാണപ്പെടാത്ത ഒരു ചെറിയ ഏക കോശ ജീവി മനുഷ്യന്റെ കണ്ടുപിടുത്തങ്ങളെയും നാളിതുവരെ നേടിയതിനെയെല്ലാം പുഛിച്ചു തള്ളി. എണ്ണിയാല്‍ തീരാത്ത ജീവിത സ്വപ്‌നങ്ങളും മോഹങ്ങളും പങ്കുവെച്ച നമ്മുടെ പ്രിയപ്പെട്ടവര്‍ പിടഞ്ഞ് മരിക്കുന്നത് നിസ്സഹായരായി നോക്കി നില്‍ക്കുകയാണ് നാം. രാവിലെ കണ്ട് പിരിഞ്ഞ മനുഷ്യന്‍ വൈകിട്ട് മുഖം പോലും പുറത്ത് കാണിക്കാതെ മൂടിപ്പൊതിഞ്ഞ് യാത്രയാകുന്നത് ദൂരെ നിന്നു മാത്രം കാണാനാണ് നമുക്ക് വിധി. അന്യദേശത്ത് ജീവിതം തേടിപ്പോയവര്‍ അറിയപ്പെടാത്ത, ഒരു അടയാളം പോലും ശേഷിപ്പിക്കാതെ ഏതോ ശവപ്പറമ്പുകളില്‍ മറയുന്നു.
എന്നാലും ആയുധ മത്സരങ്ങളും പോര്‍വിളികളും മുമ്പില്ലാത്ത വിധം വര്‍ദ്ധിക്കുന്നത് നാം കാണുന്നു. ലോകം മുമ്പില്ലാത്ത വിധം അരക്ഷിതമാണ്. തീവ്രവാദ പ്രവര്‍ത്തനങ്ങളും അഭയാര്‍ത്ഥി പ്രവാഹവും ലോകത്തിന്റെ നൊമ്പരങ്ങളായിമാറി. അതി സമ്പന്നതയില്‍ അഭിരമിക്കുമ്പോഴും മറുവശത്ത് പട്ടിണി മരങ്ങളും പൊരുകി വരുന്നു.
കോലക്രമം തന്നെ മാറ്റി മറിക്കാന്‍ കൊറോണ എന്ന ഏക കോശ ജീവിക്കായി, കുറച്ചുകാലത്തെക്കെങ്കിലും മനുഷ്യര്‍ അഹന്ത വെടിഞ്ഞ് അയല്‍ക്കാരന്റെ വിശപ്പ് അന്വേഷിച്ചു. എന്നാല്‍ അതെല്ലാം താല്‍ക്കാലികമാണെന്ന് തോന്നിക്കുന്ന വിധമാണ് പില്‍ക്കാലത്ത് നമ്മുടെ പ്രവര്‍ത്തനങ്ങള്‍. ജാതിയും തൊട്ടുകൂടായ്മയും, അയിത്തവുമെല്ലാം മടങ്ങിവരാന്‍ വെമ്പുന്നു. മതത്തെ അടിസ്ഥാനമാക്കിയുള്ള വിവേചനങ്ങളുമെല്ലാം കൊറോണയെക്കാള്‍ വലിയ വൈറസാണെന്ന് നാം തിരിച്ചറിഞ്ഞു കഴിഞ്ഞു.
കൊറോണക്കാലം ലോക ചരിത്രത്തില്‍ എക്കാലത്തും ഓര്‍മ്മിക്കപ്പെടും. ഒരിക്കല്‍ യാമങ്ങള്‍ തോറും ദൈവത്ത വിളിച്ചുണര്‍ത്തിയിരുന്ന അമ്പലങ്ങളും, പള്ളികളും ആരാധനാലയങ്ങളും ആളൊഴിഞ്ഞ മരണ വീട് പോലെ ആളനക്കമില്ലാത്ത ഭീതിപ്പെടുത്തുന്ന ഇടങ്ങളായി മാറി. സമസ്തവരോഗങ്ങളും സുഖപ്പെടുത്തിയ ആള്‍ ദൈവങ്ങളും, അവരുടെ പിണിയാളുകളും അപ്രത്യക്ഷരായി. രോഗ ശാന്തിയും, കാപട്യങ്ങളും ഓടിയൊളിച്ചു, കോടികള്‍ മുടക്കി പണിത പള്ളികളും അമ്പലങ്ങളും ആളില്ലാതെ നോക്കുകുത്തികളായി. ദൈവങ്ങളെയും വിശ്വാസത്തെയും തള്ളിപ്പറഞ്ഞ നിരീശ്വരവാദികളും ഇടത് രാഷ്ട്രീയക്കാരും വിശപ്പിന്റെ വിളികളോട് പ്രതികരിക്കുന്നതും നാം കണ്‍മുമ്പില്‍ കണ്ട് അനുഭവിച്ചു. എന്നാലും വിശ്വാസത്തിന്റെ കച്ചവടങ്ങളും പകല്‍ കൊള്ളകളും ഇന്നും നമ്മെ ഭരിക്കുന്നു. ദൈവത്തിന്റെ പേരില്‍ മുതലെടുപ്പു നടത്തിയരുന്നവരും അവരുടെ തീട്ടൂരങ്ങളും ഇന്നും നമ്മെ ഭരിക്കുന്നു. പള്ളിയില്‍പ്പോയില്ലെങ്കിലും മനുഷ്യര്‍ വിശ്വാസം മുറുകെപ്പിടിച്ചു. ആരാധിക്കാനും പ്രാര്‍ത്ഥിക്കാനും ആഡംബരങ്ങളുടെ കൂറ്റന്‍ പള്ളികള്‍ വേണ്ടെന്ന് നാം തിരിച്ചറിഞ്ഞു. ശവമടക്കിന് ലക്ഷങ്ങള്‍ മുടക്കുന്ന ഈവന്റ് മാനേജ്‌മെന്റ് വേണ്ട എന്നായി. അന്ത്യയാത്രയ്ക്ക് പലപ്പോഴും മുന്‍സിപ്പല്‍ ജീവനക്കാരും നിത്യം വേതനം കൈപ്പറ്റുന്ന ഏതാനും തൊഴിലാളികളും മാത്രം മതിയെന്നായി.
ഭക്തി സാന്ദ്രമായ ഓശാന ഞായറും, ദുഖവെള്ളിയുമെല്ലാം മൊബൈലുകളിലേക്കും ടിവി ചാനലുകളിലേക്കും ഒതുങ്ങുന്ന കാലം. ഇനിയൊരിക്കലെങ്കിലും ചിരിയും ആഘോഷങ്ങളും നിറഞ്ഞ ആ കാലം മടങ്ങിവരുമെന്ന് ആര്‍ക്കും പ്രവചിക്കാനാവില്ല. സമീപത്തു നില്‍ക്കുന്നയാളിന്റെ ചിരിക്കുന്ന മുഖം കാണാനാകാതെ നാം. കൈ പിടിക്കാന്‍ പോലും ഭയപ്പെടുന്ന കാലം, മനുഷ്യന്‍ മനുഷ്യനെ പേടിക്കുന്ന ഇതുപോലൊരു കാലം ഇതിനു് മുമ്പുണ്ടായിട്ടില്ല.
സ്‌നേഹ ബന്ധങ്ങള്‍ക്കും കൂടിച്ചേരലുകള്‍ക്കും അവധി കൊടുത്ത് നാം കാണാമറയത്തിരുന്ന് ചിരിക്കുന്ന ശത്രുവിനെപേടിച്ച് ജീവിക്കുകയാണ്. ഓരോ മനസ്സിലും പേടിയും ആശങ്കയുമാണ്, അടുത്ത ഇര ആരാണ്..ഞാനാണോ..?