ഇരട്ടവോട്ട് കടുത്ത നടപടിയുമായി കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്‍

0
44

തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പില്‍ ഇരട്ടവോട്ടുള്ളവരില്‍ ഒരാളെപ്പോലും ഒന്നിലേറെ വോട്ട് ചെയ്യാന്‍ അനുവദിക്കാതിരിക്കാന്‍ കടുത്ത നടപടികളുമായി കേന്ദ്ര തെരഞ്ഞെടുപ്പു കമ്മീഷന്‍. ഇതിന്റെ ഭാഗമായി വോട്ടര്‍ പട്ടികയിലെ ഇരട്ട വോട്ടര്‍മാരെ സോഫ്റ്റ്‌വെയറിന്റെ സഹായത്തോടെ കണ്ടെത്താന്‍ കേന്ദ്ര തെരഞ്ഞെടുപ്പു കമ്മീഷനില്‍ നിന്നടക്കമുള്ള സാങ്കേതിക വിദഗ്ധര്‍ സംസ്ഥാനത്തെത്തി പരിശോധന തുടങ്ങി.
തെരഞ്ഞെടുപ്പു കമ്മീഷനു സാങ്കേതിക സഹായം നല്‍കുന്ന സി ഡാകിന്റെ പൂനൈയില്‍ നിന്നുള്ള വിദഗ്ധരും എത്തിയിട്ടുണ്ട്. പല സംഘങ്ങളായി തിരിഞ്ഞ് ഇവര്‍ സാങ്കേതികമായ പിഴവു തിരുത്തുന്നതിനുള്ള നടപടികള്‍ തുടങ്ങി. ബിഎല്‍ഒമാര്‍ താഴേത്തട്ടില്‍ നിന്നു നല്‍കുന്ന റിപ്പോര്‍ട്ടുകള്‍ കൂടി ഏകീകരിച്ചു കൊണ്ടാകും ഇരട്ട വോട്ടുള്ളവര്‍ ഒന്നിലേറെ വോട്ട് ചെയ്യുന്നതു തടയുന്നതിനുള്ള നടപടിക്രമങ്ങള്‍ നടത്തുക. വോട്ട് ചെയ്യുന്ന ബൂത്ത് ഏതെന്നു ബിഎല്‍ഒമാര്‍ സ്ഥിരീകരിച്ചു നല്‍കും. മറ്റു ബൂത്തുകളില്‍ ഇവര്‍ വോട്ട് ചെയ്താല്‍ സാങ്കേതികമായി അറിയാന്‍ കഴിയുന്ന സംവിധാനമാകും ഏര്‍പ്പെടുത്തുക.
വ്യാജ വോട്ട് ക്രമക്കേടുമായി ബന്ധപ്പെട്ടു ഹൈക്കോടതിയിലേക്ക് സത്യവാങ്മൂലം സമര്‍പ്പിക്കുന്നതിനുള്ള റിപ്പോര്‍ട്ട് തയാറാക്കാന്‍ കേന്ദ്ര തെരഞ്ഞെടുപ്പു കമ്മീഷനിലെ മുതിര്‍ന്ന ഉദ്യോഗസ്ഥരും കേരളത്തിലുണ്ട്. ഇവരുടെ നേതൃത്വത്തിലാണ് ഇരട്ട വോട്ട് തടയാന്‍ ഇതുവരെ സ്വീകരിച്ച നടപടികള്‍ തയാറാക്കുക. രാഷ്ട്രീയ പാര്‍ട്ടി നേതാക്കളുടെ യോഗം തെരഞ്ഞെടുപ്പു കമ്മീഷന്‍ പലതവണ വിളിച്ചിട്ടും വോട്ടര്‍ പട്ടികയിലെ ക്രമക്കേടു സംബന്ധിച്ചു ഇതുവരെ കാര്യമായ പരാതികള്‍ ഉന്നയിക്കാതിരുന്നതാണ് അവസാന നിമിഷം പ്രശ്‌നങ്ങള്‍ ഇത്രയധികം വഷളാക്കുന്നതിന് ഇടയാക്കിയതെന്നാണു കേന്ദ്ര തെരഞ്ഞെടുപ്പു കമ്മീഷന്റെയും നിഗമനം.
എന്നാല്‍, ആറിനു നടക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ ഒന്നിലേറെ വോട്ട് ആരും രേഖപ്പെടുത്തുന്നില്ലെന്നു ഉറപ്പാക്കാനുള്ള നടപടികളാണു നടന്നു വരുന്നത്. സംസ്ഥാനത്തെ പ്രതിനിധീകരിക്കുന്ന മുതിര്‍ന്ന ഐഎഎസ് ഉദ്യോഗസ്ഥനായ ജനറല്‍ ഒബ്‌സര്‍വര്‍, മുതിര്‍ന്ന ഐപിഎസ് ഉദ്യോഗസ്ഥനായ പോലീസ് ഒബ്‌സര്‍വര്‍, സാമ്പത്തിക പ്രത്യേക നിരീക്ഷകന്‍ എന്നിവരും യോഗത്തില്‍ പങ്കെടുത്തു.
ഇരട്ട വോട്ട് ക്രമക്കേടു സംബന്ധിച്ച ജില്ലകളിലെ റിപ്പോര്‍ട്ട് 30നകം റിപ്പോര്‍ട്ട് നല്‍കണമെന്നാണു ജില്ലാ കളക്ടര്‍മാരോടു മുഖ്യ തെരഞ്ഞെടുപ്പ് ഓഫിസര്‍ ആവശ്യപ്പെട്ടിട്ടുള്ളത്. ഇതിന്റെ അടിസ്ഥാനത്തില്‍ പല ജില്ലകളിലും പരിശോധന നടന്നു വരുന്നു. ഇരട്ട വോട്ട് ക്രമക്കേടു വന്‍തോതില്‍ സ്ഥിരീകരിക്കാന്‍ കഴിഞ്ഞിട്ടുണ്ടെന്നാണു പല ജില്ലകളില്‍ നിന്നും ലഭിച്ച വിവരം. ഏകോപിപ്പിച്ച റിപ്പോര്‍ട്ട് 30നകം ലഭിക്കുന്നതോടെ ഇത് എത്രത്തോളം വരുമെന്നു വ്യക്തമായി കണ്ടെത്താന്‍ കഴിയും.

Leave a Reply