Pravasimalayaly

സ്വര്‍ണക്കടത്ത് കേസില്‍ പുതിയ വെളിപ്പെടുത്തല്‍; സ്വപ്‌ന സുരേഷിനെ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് വീണ്ടും ചോദ്യം ചെയ്യും

കൊച്ചി: സ്വര്‍ണക്കടത്ത് കേസില്‍ സ്വപ്‌ന സുരേഷിനെ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് വീണ്ടും ചോദ്യം ചെയ്യും. ചോദ്യം ചെയ്യലിന് നാളെ കൊച്ചിയിലെ ഓഫീസില്‍ ഹാജരാകാന്‍ ആവശ്യപ്പെട്ട് ഇഡി സ്വപ്‌നയ്ക്ക് നോട്ടീസ് അയച്ചു. തന്റെ ശബ്ദരേഖ പുറത്തുവന്നത് തിരക്കഥ പ്രകാരമാണെന്ന് സ്വപ്ന വെളിപ്പെടുത്തിയിരുന്നു. ഇതിന് പിന്നാലെയാണ് ഇഡി ചോദ്യം ചെയ്യലിന് ഹാജരാകാന്‍ നോട്ടീസ് അയച്ചത്. 

സ്വര്‍ണക്കടത്ത് കേസുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിയുടെ പേര് പറയാന്‍ അന്വേഷണ ഉദ്യോഗസ്ഥര്‍ നിര്‍ബന്ധിച്ചു എന്ന് നേരത്തെ സ്വപ്‌ന പറഞ്ഞിരുന്നു. എന്നാല്‍ ഇക്കാര്യം തിരക്കഥയനസുരിച്ചായിരുന്നുവെന്നാണ് സ്വപ്‌ന കഴിഞ്ഞ ദിവസം വെളിപ്പെടുത്തിയത്. ഇതിന് പിന്നാലെയാണ് ഇക്കാര്യത്തില്‍ കൂടുതല്‍ അന്വേഷണം വേണമെന്ന നിഗമനത്തിലേക്ക് ഇഡി എത്തിയത്. 

ഇഡിയുടെ കസ്റ്റഡിയില്‍ ഇരിക്കുന്ന ഘട്ടത്തില്‍ തന്നെയാണ് താന്‍ ഇത്തരത്തില്‍ ഒരു സംഭാഷണം തിരക്കഥയനുസരിച്ച് തയ്യാറാക്കിയത്. എം ശിവശങ്കറിന്റെ നിര്‍ദ്ദേശപ്രകാരമാണ് ഒരു പൊലീസ് ഉദ്യോഗസ്ഥയെ ഉപയോഗിച്ച് ഫോണ്‍ സംഭാഷണം റെക്കോര്‍ഡ് ചെയ്തതെന്നും സ്വപ്‌ന വെളിപ്പെടുത്തിയിരുന്നു. 

സ്വപ്‌ന സുരേഷിന്റെ ശബ്ദരേഖയുടേയും സന്ദീപ് നായരുടേയും പരാതിയുടെ അടസ്ഥാനത്തില്‍ ക്രൈംബ്രാഞ്ച് ഇഡിക്കെതിരെ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തിരുന്നു. എഫ്‌ഐആര്‍ ഹൈക്കോടതി റദ്ദാക്കിയെങ്കിലും ഇതുമായി ബന്ധപ്പെട്ട മറ്റ് നടപടികള്‍ പുരോഗമിക്കുന്നുണ്ടായിരുന്നു. അതിനിടെയാണ് ഇഡി ശബ്ദ രേഖയുടെ വസ്തുതകള്‍ അറിയാനുള്ള അന്വേഷണത്തിലേക്ക് ഇപ്പോള്‍ വീണ്ടും കടക്കുന്നത്. 

Exit mobile version