Pravasimalayaly

ബിനീഷിനെതിരെ ശക്തമായ തെളിവ്, ജാമ്യം റദ്ദാക്കണം; ഇഡി സുപ്രീം കോടതിയില്‍

ന്യൂഡല്‍ഹി: ലഹരി ഇടപാടുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ ബിനീഷ് കോടിയേരിക്കു ജാമ്യം നല്‍കിയ കര്‍ണാടക ഹൈക്കോടതി ഉത്തരവിനെതിരെ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇഡി) സുപ്രീം കോടതിയെ സമീപിച്ചു. ബിനീഷിനെതിരെ ശക്തമായ തെളിവുണ്ടെന്നും ജാമ്യം റദ്ദാക്കണമെന്നും ഇഡി അപ്പീലില്‍ പറയുന്നു.

അറസ്റ്റിലായി ഒരു വര്‍ഷം പൂര്‍ത്തിയാകുന്നതിനു തൊട്ടുമുമ്പാണ്, കഴിഞ്ഞ ഒക്ടോബറില്‍ ബിനീഷ് കോടിയേരിക്ക് കര്‍ണാടക ഹൈക്കോടതി ജാമ്യം അനുവദിച്ചത്. എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറ്റേറ് അന്വേഷിക്കുന്ന കേസില്‍ നാലാം പ്രതിയാണ് ബിനീഷ്.

2020 ഓഗസ്റ്റില്‍ കൊച്ചി സ്വദേശി അനൂപ് മുഹമ്മദ്, തൃശൂര്‍ തിരുവില്വാമല സ്വദേശി റിജേഷ് രവീന്ദ്രന്‍, കന്നഡ സീരിയല്‍ നടി ഡി അനിഖ എന്നിവരെ ലഹരിക്കേസില്‍ നര്‍കോട്ടിക്‌സ് കണ്‍ട്രോള്‍ ബ്യൂറോ അറസ്റ്റ് ചെയ്തതാണു, ബിനീഷിന് എതിരായ കേസിന്റെ തുടക്കം. അനൂപിനെ ചോദ്യം ചെയ്തപ്പോള്‍ ആദായ നികുതി നല്‍കാതെയുള്ള ഇടപാടുകളെക്കുറിച്ചു സൂചന ലഭിക്കുകയും ബിനീഷിന്റെ പേര് ഉയര്‍ന്നു വരികയും ചെയ്തതോടെ ഇഡി കേസ് റജിസ്റ്റര്‍ ചെയ്തു.

അനൂപുമായി പരിചയമുണ്ടെന്നും ബെംഗളൂരുവില്‍ ഹോട്ടല്‍ നടത്താനായി പണം വായ്പ നല്‍കിയതല്ലാതെ മറ്റ് ഇടപാടുകളില്ലെന്നും ബിനീഷ് മൊഴി നല്‍കിയെങ്കിലും അക്കൗണ്ടുകളിലെ പണമിടപാട് ചൂണ്ടിക്കാട്ടി അറസ്റ്റ് ചെയ്യുകയായിരുന്നു. ബിസിനസ്, സിനിമ എന്നിവയില്‍നിന്നുള്ള വരുമാനമാണ് അക്കൗണ്ടിലുള്ളതെന്ന് ബിനീഷ് വാദിക്കുന്നു. 

Exit mobile version