വിശ്വാസികൾക്ക് ഇന്ന് ഈദുൽ ഫിത്വർ. പ്രഭാതം മുതൽ പ്രദോഷം വരെ അന്നപാനീയങ്ങൾ ഉപേക്ഷിച്ച് മനസ്സും ശരീരവും നാഥന് സമർപ്പിച്ച വിശ്വാസികൾ സന്തോഷാതിരേകത്തിന്റെ സുദിനമായാണ് ചെറിയ പെരുന്നാളിനെ വരവേൽക്കുന്നത്. ഒരു മാസത്തെ വ്രതാനുഷ്ഠാനത്തിന് പരിസമാപ്തിയായി എത്തിയ പെരുന്നാൾ ആഘോഷം ഇത്തവണ വീട്ടകങ്ങളിൽ ഒതുങ്ങി. പ്രാർഥനകൾ വീടിനുള്ളിൽ നിർവഹിച്ചും ആശംസകൾ മൊബൈൽ ഫോൺ വഴിയും മറ്റും കൈമാറിയും കരുതൽ ഉറപ്പാക്കും. സാമൂഹിക അകലം പാലിച്ചുവേണം ഈദ് ആഘോഷിക്കേണ്ടതെന്ന തിരിച്ചറിവ് കൂടി വിശ്വാസികൾക്കുണ്ട്.
പുതുവസ്ത്രങ്ങളണിയാതെയും കുടുംബ വീടുകളിലെ സന്ദർശനമില്ലാതെയുമാണ് പലർക്കും ഈദ് ആഘോഷം. സർക്കാറിന്റെയും ആരോഗ്യ വകുപ്പിന്റെയും നിർദേശങ്ങൾക്കനുസൃതമായി കൊവിഡ് ചട്ടങ്ങൾ പാലിച്ചുകൊണ്ടാണ് ഒരു മാസത്തെ വ്രതാനുഷ്ഠാനം കടന്നുപോയത്.
വിശുദ്ധ റമസാനിൽ നാഥന്റെ പ്രീതി തേടി വിശ്വാസികൾ രാപകലുകൾ ധന്യമാക്കി. അഞ്ച് നേരത്തെ നിസ്‌കാരത്തിന് പുറമേ രാത്രിയിലെ തറാവീഹ് നിസ്‌കാരത്തിലും അവർ നിരതരായി. മാനവരാശിയെ കീഴടക്കിയ കൊവിഡ് മഹാമാരി നീങ്ങിക്കിട്ടാൻ പ്രാർഥനകളിൽ അവർ നാഥനോട് കേണുപറഞ്ഞു. അവസാന പത്തിൽ പള്ളികളിൽ പ്രാർഥനകൾക്ക് പൂർണ നിരോധമേർപ്പെടുത്തിയതോടെ ഏറ്റവും പ്രധാനപ്പെട്ട ലൈലതുൽ ഖദ്‌റിനെ പ്രതീക്ഷിക്കുന്ന അവസാന രാവുകളിൽ വീടുകളിലായിരുന്നു വിശ്വാസികളുടെ ആരാധന.
ഈദുൽ ഫിത്വറിനോടനുബന്ധിച്ച് നിർബന്ധമുള്ള സകാത്താണ് ഫിത്വർ സകാത്ത്. ഇതിന് ശേഷമാണ് വിശ്വാസി സമൂഹം ഈദ് നിസ്‌കാരം നിർവഹിക്കുക.നിയന്ത്രണങ്ങളുള്ളതിനാൽ കടകളിൽ പെരുന്നാൾ തലേദിവസങ്ങളിൽ ഇത്തവണ തിരക്ക് അനുഭവപ്പെട്ടില്ല. അവശ്യവസ്തുക്കളുടെ ലഭ്യത ഉറപ്പാക്കിക്കൊണ്ടായിരുന്നു ലോക്ക്ഡൗൺ