Pravasimalayaly

ഉദ്ധവ് താക്കറെക്കൊപ്പം 13 പേര്‍ മാത്രം; 42 വിമത എംഎല്‍എമാരുടെ വീഡിയോ പുറത്തുവിട്ട് ഏകനാഥ് ഷിന്‍ഡെ


മഹാരാഷ്ട്രയില്‍ രാഷ്ട്രീയ പ്രതിസന്ധി തുടരുന്നു. മുഖ്യമന്ത്രി ഉദ്ധവ് താക്കറെ വിളിച്ചു ചേര്‍ന്ന നേതൃയോഗത്തില്‍ ആദിത്യ താക്കറെ ഉള്‍പ്പെടെ 13 എംഎല്‍എമാര്‍ മാത്രമാണ് പങ്കെടുത്തത്. ഭൂരിഭാഗം എംപിമാരും വിമത നേതാവ് ഏകനാഥ് ഷിന്‍ഡെക്കൊപ്പമാണെന്നും റിപ്പോര്‍ട്ടുകളുണ്ട്. അതിനിടെ ഉദ്ധവ് താക്കറെ വകുപ്പ് മേധാവിമാരുടെ യോഗം വിളിച്ചു. ഓണ്‍ലൈനായാണ് യോഗം ചേരുക.

42 വിമത എംഎല്‍എമാരുടെ വീഡിയോ ഏകനാഥ് ഷിന്‍ഡെ പുറത്തുവിട്ടു. ശിവസേനയുടെ 35 ഉം ഏഴ് സ്വതന്ത്ര എംഎല്‍എമാരുടെയും ദൃശ്യമാണ് ഷിന്‍ഡെ ക്യാമ്പ് പുറത്തുവിട്ടത്. ഇനിയും അഞ്ച് എംഎല്‍എമാര്‍ കൂടി തങ്ങള്‍ക്കൊപ്പം ചേരുമെന്നും വിമതപക്ഷം അവകാശപ്പെട്ടു. വിമത എംഎല്‍എമാര്‍ അസമിലെ ഗുവാഹത്തിയില്‍ റാഡിസണ്‍ ഹോട്ടലിലാണ് ഉള്ളത്.

നിലവിലെ സാഹചര്യത്തില്‍ 37 എംഎല്‍എമാര്‍ ഒപ്പമുണ്ടെങ്കില്‍ ഏകനാഥ് ഷിന്‍ഡെക്ക് കൂറുമാറ്റ നിരോധന നിയമത്തെ മറികടക്കാനാകും. ഇന്നു രാത്രിയോടെ വിമത എംഎല്‍എമാര്‍ മുംബൈയിലേക്ക് മടങ്ങിയെത്തുമെന്നാണ് സൂചന. കോവിഡിനെ തുടര്‍ന്ന് ഗവര്‍ണര്‍ ഇപ്പോല്‍ ആശുപത്രിയിലാണ്. കോവിഡ് മുക്തനായ ഗവര്‍ണര്‍ നാളെ രാജ്ഭവനില്‍ തിരിച്ചെത്തും. ഷിന്‍ഡെ ക്യാംപ് നാളെ ഗവര്‍ണറെ കാണാനും ആലോചിക്കുന്നതായും റിപ്പോര്‍ട്ടുകളുണ്ട്.

അതിനിടെ ഏകനാഥ് ഷിന്‍ഡെയെ നിയമസഭ കക്ഷിനേതാവാക്കണം എന്ന് ആവശ്യപ്പെട്ടുകൊണ്ടുള്ള കത്ത് ആക്ടിങ്ങ് സ്പീക്കര്‍ തള്ളി. ഷിന്‍ഡെയെ നീക്കി പകരം അജയ് ചൗധരിയെ പുതിയ ലെജിസ്ലേച്ചര്‍ പാര്‍ട്ടി നേതാവായി തെരഞ്ഞെടുത്ത ഉദ്ധവ് താക്കറെയുടെ തീരുമാനം ആക്ടിങ് സ്പീക്കര്‍ നര്‍ഹരി സിര്‍വാള്‍ അംഗീകരിച്ചു. കൂടുതല്‍ എംഎല്‍എമാര്‍ ഒപ്പമുള്ളത് കണക്കിലെടുത്ത് ശിവസേന ചിഹ്നം കരസ്ഥമാക്കാനും ഏകനാഥ് ഷിന്‍ഡെ പക്ഷം നീക്കം തുടങ്ങി. ഇക്കാര്യം ആവശ്യപ്പെട്ട് ഷിന്‍ഡെ ക്യാംപ് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷനെ സമീപിക്കുമെന്നും റിപ്പോര്‍ട്ടുകളുണ്ട്.

Exit mobile version