Pravasimalayaly

താന്‍ ശിവസൈനികനായി തുടരും, അധികാരത്തിന് വേണ്ടി വഞ്ചന കാട്ടില്ലെന്ന് ഏകനാഥ് ഷിന്‍ഡെ

താന്‍ ശിവസൈനികനായി തുടരുമെന്ന് ശിവസേനയിലെ വിമത നേതാവും മഹാരാഷ്ട്ര മന്ത്രിയുമായ ഏകനാഥ് ഷിന്‍ഡെ. അധികാരത്തിന് വേണ്ടി വഞ്ചന കാട്ടില്ലെന്നും ബാലാ സാഹിബ് നമ്മ പഠിപ്പിച്ചത് ഹിന്ദുത്വമാണെന്നും ഷിന്‍ഡെ ട്വിറ്ററില്‍ കുറിച്ചു.

എന്നാല്‍ 21 എംഎല്‍എമാര്‍ക്കൊപ്പം ഗുജറാത്തിലെ സൂറത്തിലെ ഹോട്ടലിലേക്ക് പോയ ഏകനാഥ് ഷിന്‍ഡെയെ ശിവസേന നിയമസഭാ കക്ഷി നേതാവ് സ്ഥാനത്തുനിന്ന് മാറ്റി. പുതിയ നിയമസഭാ കക്ഷി നേതാവായി അജയ് ചൗധരിയെ തെരഞ്ഞടുത്തു.

അതേസമയം മഹാരാഷ്ട്രയില്‍  ഭരണം നിലനിര്‍ത്താനാവുമെന്ന് എന്‍സിപി നേതാവ് ശരദ് പവാര്‍. മുംബൈയിലെത്തി ഉദ്ധവ് താക്കറെയുമായി ചര്‍ച്ച നടത്തുമെന്നും പവാര്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. വിമത എംഎല്‍എമാരുമായി ബന്ധപ്പെട്ടിട്ടുണ്ട്. അവരുമായുള്ള ചര്‍ച്ചയില്‍ വിജയം കാണുമെന്നാണ് പ്രതീക്ഷ.

ഇത് ആദ്യമായല്ല ബിജെപി മഹാ വികാസ് അഘാഡി സഖ്യത്തെ തകര്‍ക്കാന്‍ ശ്രമിക്കുന്നത്. മൂന്ന് തവണയും ബിജെപി പരാജയപ്പെട്ടു. വിമതനീക്കം നടത്തുന്ന എകനാഥ് ഷിന്‍ഡെ മുഖ്യമന്ത്രി പദം ആവശ്യപ്പെട്ടിട്ടില്ല. ഉദ്ധവ് താക്കറെ മാറേണ്ടതില്ല. എന്‍സിപിയുടെ എല്ലാം അംഗങ്ങളും ഒന്നിച്ചുനില്‍ക്കുമെന്നും ശിവസേനയില്‍ അവരുടെ ആഭ്യന്തരകാര്യങ്ങളാണെന്നും പവാര്‍ പറഞ്ഞു.

അതിനിടെ വിമത എംഎല്‍എമാരെ അനുനയിപ്പിക്കാന്‍ ശിവസേന നീക്കം ഊര്‍ജ്ജിതമാക്കി. പാര്‍ട്ടി നേതാവ് വിജയ് റാത്തോറിനെ സൂറത്തിലേക്ക് ദൂതനായി പാര്‍ട്ടി യോഗം തീരുമാനിച്ചു. ഷിന്‍ഡെയ്ക്ക് ശിവസേന ഉപമുഖ്യമന്ത്രി പദം വാഗ്ദാനം ചെയ്തതായും റിപ്പോര്‍ട്ടുണ്ട്. ഇന്ന് മുഖ്യമന്ത്രി ഉദ്ധവ് താക്കറെ വിളിച്ച യോഗത്തില്‍ 35 എംഎല്‍എമാര്‍ മാത്രമാണ് പങ്കെടുത്തത്.

Exit mobile version