ഏലത്തൂരിൽ പുതുമുഖം വേണം; ശശീന്ദ്രനെതിരേ പോസ്റ്റർ
കോഴിക്കോട്: എലത്തൂരില്‍ എ.കെ. ശശീന്ദ്രന്റെ സ്ഥാനാര്‍ഥിത്വം പാര്‍ട്ടി പാര്‍ലമെന്ററി ബോര്‍ഡ് അംഗീകരിച്ചതിന് തൊട്ടുപിന്നാലെ എന്‍സിപിയില്‍ പോസ്റ്റര്‍ “പോര്’. സേവ് എന്‍സിപി എന്ന പേരിലാണ് ശശീന്ദ്രനെതിരേ പോസ്റ്ററുകള്‍ പ്രചരിക്കുന്നത്. പാവങ്ങാട്, എലത്തൂര്‍ അങ്ങാടി എന്നിവിടങ്ങളിലാണ് പോസ്റ്ററുകള്‍ പ്രത്യക്ഷപ്പെട്ടത്.
മണ്ഡലത്തില്‍ പുതുമുഖത്തിന് സീറ്റ് നല്‍കണമെന്നും ശശീന്ദ്രനെ മത്സരിക്കാന്‍ അനുവദിക്കരുതെന്നുമാണ് പോസ്റ്ററിൽ ആവശ്യപ്പെട്ടിരിക്കുന്നത്. ഇതിന് പുറമേ ഫോണ്‍ വിളി വിവാദം മറക്കരുതെന്നും പോസ്റ്ററുകളിൽ വ്യക്തമാക്കിയിട്ടുണ്ട്.
കഴിഞ്ഞ ദിവസം കോഴിക്കോട് ചേര്‍ന്ന ജില്ലാ നേതൃയോഗത്തില്‍ ശശീന്ദ്രന് മത്സരിക്കുന്നതിനെതിരേ തര്‍ക്കം രൂക്ഷമായിരുന്നു. സീറ്റ് നല്‍കരുതെന്ന് ഒരു വിഭാഗം ആവശ്യപ്പെട്ടപ്പോള്‍ ശശീന്ദ്രന് അനുകൂലികള്‍ ഇത് എതിര്‍ത്തു. ഇതോടെ യോഗത്തില്‍ പ്രവര്‍ത്തകര്‍ തമ്മില്‍ വാക്കേറ്റവും കൈയാങ്കളിയും വരെയുണ്ടായി.
അതേസമയം ശശീന്ദ്രന്റെ സ്ഥാനാര്‍ഥിത്വം പാര്‍ട്ടി പാര്‍ലമെന്ററി ബോര്‍ഡ് അംഗീകരിച്ചു. സ്ഥാനാര്‍ഥി പട്ടിക ദേശീയ അധ്യക്ഷന്‍ ശരദ് പവാറിനു കൈമാറാനിരിക്കെയാണ് പോസ്റ്ററുകളിലൂടെ പാര്‍ട്ടിക്കുള്ളിലെ അഭിപ്രായ വ്യത്യാസം പരസ്യമായത്.
എലത്തൂരില്‍ ശശീന്ദ്രനു പകരം മറ്റാരെയെങ്കിലും മത്സരിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് ഒരു വിഭാഗം നേതാക്കള്‍ ദേശീയ നേതൃത്വത്തിനു കത്തയക്കുകയും ചെയ്തിട്ടുണ്ട്. ഡല്‍ഹിയില്‍ നേരിട്ടെത്തി നേതൃത്വത്തെ കാണാനും ഇവര്‍ ശ്രമിക്കുന്നുണ്ട്.