കേരളം തദ്ദേശ തിരഞ്ഞെടുപ്പിലേക്ക് കടക്കുമ്പോൾ സ്ഥാനാർത്ഥി നിർണ്ണയത്തിന്റെ പേരിൽ പലയിടത്തും തർക്കങ്ങൾ നടക്കുകയാണ്. ഈ തർക്കങ്ങൾ സാമ്പത്തിക നേട്ടങ്ങൾക്കായാണെന്നാണ് പലരുടെയും ധാരണ.
എന്നാൽ ഇതല്ല യാഥാർത്ഥ്യം. രാത്രിയും പകലും വെത്യാസമില്ലാതെ ജനസേനത്തിനായി ഇറങ്ങുന്ന ഇവർക്ക് തുച്ഛമായ തുകയാണ് ലഭിക്കുന്നത്. ശമ്പളം എന്നല്ല, മറിച്ച് ഓണറേറിയം എന്ന പേരിലാണ് ഇവർക്ക് പ്രതിമാസം നൽകുന്ന തുകയെ സർക്കാർ വിശേഷിപ്പിക്കുന്നത്.
2016 ലാണ് കേരളത്തിൽ തദ്ദേശ സ്ഥാപനങ്ങളിലെ അംഗങ്ങളുടെ ഓണറേറിയം പരിഷ്കരിച്ചത്. ഒരു പഞ്ചായത്ത് അംഗത്തിന് ലഭിക്കുന്ന ശമ്പളവും മറ്റു ആനുകൂല്യങ്ങളും എന്തൊക്കെയാണെന്ന് ഒന്നു പരിശോധിക്കാം.
ഗ്രാമപഞ്ചായത്ത്
ഗ്രാമ പഞ്ചായത്തിലെ പ്രസിഡന്റിന് മാസം 13,200 രൂപയാണ് ഓണറേറിയം. വൈസ് പ്രസിഡന്റിന് 10,600 രൂപയും സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻമാർക്ക് 8,200 രൂപയുമാണ് ലഭിക്കുക.
അംഗങ്ങൾക്ക് 7000 രൂപ മാത്രമാണ് പ്രതിമാസം നൽകുന്നത്. സംസ്ഥാനത്തെ 941 ഗ്രാമപഞ്ചായത്തുകളിലായി 15,962 ജനപ്രതിനിധികളുണ്ട്.
ബ്ലോക്ക് പഞ്ചായത്ത്
ബ്ലോക്ക് പഞ്ചായത്തുകളിൽ പ്രസിഡന്റിന് 14,600 രൂപയും വൈസ് പ്രസിഡന്റിന് 12,000 രൂപയും സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻമാർക്ക് 8800 രൂപയുമാണു പ്രതിമാസം ഓണറേറിയം.
അംഗങ്ങൾക്ക് 7,600 രൂപയാണ് പ്രതിമാസം അനുവദിക്കുന്നത്. സംസ്ഥാനത്ത് 152 ബ്ലോക്ക് പഞ്ചായത്തുകളാണുള്ളത്. ആകെ 2080 വാർഡുകളും.
ജില്ലാ പഞ്ചായത്ത്
ജില്ലാ പഞ്ചായത്ത് പ്രസിഡന്റിന് പ്രതിമാസം 15,800 രൂപയും വൈസ് പ്രസിഡന്റിന് 13,200 രൂപയും സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻമാർക്ക് 9,400 രൂപയും അംഗങ്ങൾക്ക് 8800 രൂപയുമാണ് ഓണറേറിയം.
മുനിസിപ്പാലിറ്റി
മുൻസിപ്പാലിറ്റി ചെയർമാന് 14,600 രൂപയും വൈസ് ചെയർമാന് 12,000 രൂപയുമാണ് പ്രതിമാസം ഓണറേറിയം. സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻമാർക്ക് 9400 രൂപയും കൗൺലിസർമാർക്ക് 7,600 രൂപയും ലഭിക്കും.
കോർപറേഷൻ
കോർപറേഷൻ മേയർക്കും ജില്ലാ പഞ്ചായത്ത് പ്രസിഡന്റിനും ഒരേ ഓണറേറിയമാണ്. 15,800 രൂപ. ഡപ്യൂട്ടി മേയർക്ക് 13,200 രൂപയും സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാന് 9,400 രൂപയും കൗൺസിലർക്ക് 8,200 രൂപയുമാണ് ലഭിക്കുന്നത്.
ഹാജർ ബത്ത
ഗ്രാമ, ബ്ലോക്ക്, ജില്ലാ പഞ്ചായത്തുകളിലെ പ്രസിഡന്റ്, വൈസ് പ്രസിഡന്റ് എന്നിവർക്കും മുനിസിപ്പാലിറ്റികളിലെ ചെയർമാൻ, വൈസ് ചെയർമാൻ പദവി വഹിക്കുന്നവർക്കും കോർപറേഷനുകളിലെ മേയർമാർക്കും ഡപ്യൂട്ടി മേയർമാർക്കും സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻമാർക്കും ഒരു യോഗത്തിന് 250 രൂപ ഹാജർ ബത്ത ലഭിക്കും.
ഒരുമാസം പരമാവധി 1,250 രൂപയാണ് ഹാജർ ബത്തയായി എഴുതിയെടുക്കാനാവുക. ഗ്രാമപഞ്ചായത്ത് മുതൽ കോർപറേഷൻ വരെയുള്ള സമിതികളിലെ അംഗങ്ങൾക്ക് 200 രൂപയാണ് ഒരു യോഗത്തിന് ഹാജർ ബത്ത. ഇവർക്ക് പ്രതിമാസം പരമാവധി 1,000 രൂപ എഴുതിയെടുക്കാം.