ഉത്തർപ്രദേശ് അടക്കമുള്ള അഞ്ച് സംസ്ഥാനങ്ങളിലെ നിർണായക ജനവിധി നിർണയിക്കുന്ന വോട്ടെണ്ണൽ തുടങ്ങി. രാവിലെ 8 മണി മുതലാണ് വോട്ടെണ്ണൽ തുടങ്ങിയത്. ആദ്യമെണ്ണിയത് പോസ്റ്റൽ വോട്ടുകളാണ്.യു.പിയില്‍ ആദ്യ ഫല സൂചനകൾ പുറത്തുവരുമ്പോൾ എഴുപതിലേറെ സീറ്റുകളിൽ ബിജെപി മുന്നിലാണ്. അറുപതിലേറെ സീറ്റുകളിൽ സമാജ്‌വാദി പാർട്ടി മുന്നിലാണ്.പഞ്ചാബ് നിയമസഭാ തിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണൽ ആരംഭിച്ചു. ആദ്യം തപാൽ, സർവീസ് വോട്ടുകളാണ് എണ്ണുന്നത്. എക്സിറ്റ് പോൾ ഫലങ്ങൾ നൽകിയ സൂചന ശരിവച്ച് ആദ്യ ഘട്ടത്തിൽ ഇവിടെ ആംആദ്മി പാർട്ടിയാണ് മുന്നേറുന്നത്. കോൺഗ്രസ് രണ്ടാമതും ശിരോമണി അകാലിദൾ മൂന്നാം സ്ഥാനത്തുമുണ്ട്. ഡൽഹിക്കു പുറത്ത് ആദ്യമായി ഒരു സംസ്ഥാനത്ത് ആംആദ്മി പാർട്ടി അധികാരം പിടിക്കുമോ എന്ന ആകാംക്ഷയിലാണ് ദേശീയ രാഷ്ട്രീയം.
ഹിന്ദി ഹൃദയഭൂമിയായ ഉത്തർപ്രദേശിന് പുറമേ, ഉത്തരാഖണ്ഡ്, പഞ്ചാബ്, ഗോവ, മണിപ്പൂർ എന്നീ സംസ്ഥാനങ്ങളിലാണ് വോട്ടെണ്ണൽ നടക്കുന്നത്. ഉത്തർപ്രദേശിൽ ഭൂരിപക്ഷം കുറഞ്ഞേക്കാമെങ്കിലും ബിജെപി ഭരണം നിലനിർത്തുമെന്നും പഞ്ചാബിൽ എഎപി ചരിത്ര വിജയം നേടും എന്നുമാണ് എക്സിറ്റ് പോൾ സർവേ ഫലങ്ങൾ പ്രവചിച്ചത്. ഉത്തരാഖണ്ഡിലും ഗോവയിലും തൂക്ക് മന്ത്രിസഭ വന്നേക്കുമെന്നാണ് പ്രവചനം. അതേസമയം മണിപ്പൂരിൽ ബിജെപിക്ക് ഭരണ തുടർച്ചയുണ്ടാകുമെന്നാണ് പല സർവേകളുടെയും പ്രവചനം.
പത്ത് മണിയോടെ ചിത്രം ഏതാണ്ട് തെളിയുമെന്നുറപ്പാണ്. ഏഴ് ഘട്ടങ്ങളിലായി ഉത്തര്‍പ്രദേശിലെ 403 മണ്ഡലങ്ങളില്‍ നടന്ന തെരഞ്ഞെടുപ്പില്‍ 60.19 ശതമാനം പോളിംഗും, ഒറ്റഘട്ടമായി വോട്ടെടുപ്പ് നടന്ന പഞ്ചാബില്‍ 71.91 ശതമാനം പോളിംഗും രേഖപ്പെടുത്തിയിരുന്നു. കഴിഞ്ഞ തവണത്തേക്കാള്‍ യുപിയില്‍ ഒരു ശതമാനവും പഞ്ചാബില്‍ ആറ് ശതമാനവും കുറവാണ് വോട്ടുകൾ രേഖപ്പെടുത്തിയത്. ചെറുസംസ്ഥാനങ്ങളായ ഉത്തരാഖണ്ഡ്, മണിപ്പൂര്‍, ഗോവ എന്നിവിടങ്ങളില്‍ 65 ശതമാനത്തിന് മുകളിലാണ് പോളിംഗ്. യുപിയിലും, ഉത്തരാഖണ്ഡിലും മണിപ്പൂരിലുമാണ് ബിജെപിയുടെ പ്രതീക്ഷ.