Pravasimalayaly

രാഷ്ട്രീയ ആരോപണങ്ങൾക്ക് പ്രതിരോധം തീർക്കാൻവികസനം തന്നെ ചർച്ചയാക്കി തിരഞ്ഞെടുപ്പ് പ്രചാരണം നയിക്കണമെന്നാണ് പാർട്ടി നിർദേശം.

തിരുവനന്തപുരം: വിവാദങ്ങളെ വികസനംകൊണ്ട് നേരിടാൻ തയ്യാറെടുത്ത എൽ.ഡി.എഫിന് കിഫ്ബി വിവാദം ഗുണകരമായെന്ന് സി.പി.എം. വിലയിരുത്തൽ. വികസനമെന്നത് രാഷ്ട്രീയ അജൻഡയാക്കി നിശ്ചയിക്കാനായെന്നതാണ് നേട്ടം. പ്രതിപക്ഷത്തിന്റെ വിമർശനങ്ങളും ആരോപണങ്ങളും വികസനത്തെ തള്ളിപ്പറയുന്നതാണെന്ന് ജനങ്ങളെ ബോധ്യപ്പെടുത്താൻ കിഫ്ബിയെക്കുറിച്ചുള്ള ചർച്ചകൾ സഹായകമാകുന്നുണ്ടെന്നാണ് സംസ്ഥാന നേതാക്കൾ വിലയിരുത്തുന്നത്. കേന്ദ്ര ഏജൻസികളുടെ അന്വേഷണവും അതിന്റെ ഭാഗമായിവന്ന വർത്തകളുമാണ് സർക്കാരിനെതിരേ പ്രതിപക്ഷം ആയുധമാക്കിയത്. എന്നാൽ, കേന്ദ്ര ഏജൻസികൾ തന്നെ പരസ്പരവിരുദ്ധമായി കോടതിക്ക് നൽകിയ റിപ്പോർട്ട് പുറത്തുവന്നതോടെ അന്വേഷണത്തെ സംശയത്തോടെ കാണുന്നവർ ഏറി. സർക്കാർ പദ്ധതികളിലേക്ക് അന്വേഷണം നീങ്ങിയതും, സ്വർണക്കടത്ത് കേസിൽ അന്വേഷണം ഇഴയുന്നതും ഇടതുപക്ഷത്തിന്റെ വാദത്തിന്‌ ബലം നൽകുന്നതായി. സർക്കാരും എൽ.ഡി.എഫും ഒന്നിച്ച് കേന്ദ്ര ഏജൻസികളുടെ രാഷ്ട്രീയലക്ഷ്യം തുറന്നുകാട്ടാനായി നടത്തിയ ഇടപെടൽ ഗുണകരമായെന്നും പാർട്ടി വിലയിരുത്തുന്നു.പ്രാദേശികതലത്തിൽ സർക്കാർവിരുദ്ധ വികാരം അത്ര ശക്തമല്ലെന്നാണ് കീഴ്ഘടകങ്ങളിൽനിന്നുള്ള റിപ്പോർട്ട്. കേന്ദ്ര ഏജൻസികളുണ്ടാക്കിയ ‘പുകമറ’ മാറിത്തുടങ്ങിയിട്ടുണ്ട്. ക്ഷേമപെൻഷനും കോവിഡ് കാല സഹായവും ജനങ്ങളിൽ സർക്കാരിന് അനുകൂല മനസ്സുണ്ടാക്കിയിട്ടുണ്ട്. ആരോഗ്യ, വിദ്യാഭ്യാസ മേഖലയിലും അടിസ്ഥാനസൗകര്യ വികസനത്തിലും കിഫ്ബി പദ്ധതിയിലൂടെ വന്ന മാറ്റം എല്ലായിടത്തും പ്രകടമാണ്. അതിനാൽ, കിഫ്ബിക്കെതിരേയുള്ള വിമർശനം ജനങ്ങൾക്ക് പ്രാപ്യമായ വികസനപദ്ധതികളെ അട്ടിമറിക്കാനുള്ള നീക്കമാണെന്ന ഇടതുമുന്നണിയുടെ വാദം വിശ്വസനീയമായി മാറിയെന്നാണ് സി.പി.എം. കണക്കാക്കുന്നത്. കേന്ദ്ര അന്വേഷണ ഏജൻസികളുടെ ‘രാഷ്ട്രീയം’ ജനങ്ങളെ ബോധ്യപ്പെടുത്താൻ മുന്നണി തീരുമാനിച്ച ഘട്ടത്തിലാണ് കിഫ്ബിക്കെതിരേയുള്ള സി.എ.ജി. റിപ്പോർട്ടിലെ ഉള്ളടക്കവും പുറത്തുവരുന്നത്. ഇത് മുന്നണിയുടെ പ്രചാരണത്തിന് ശക്തിപകരുന്നതായി എന്നാണ് വിലയിരുത്തൽ. സി.എ.ജി. റിപ്പോർട്ട് ചോർന്നതാണ് പ്രതിപക്ഷത്തിന്റെ ആയുധം. ഇതിനെതിരേ ധനമന്ത്രിക്കെതിരേ ഉന്നയിക്കുന്ന ആരോപണം ജനങ്ങളിൽ മാറ്റമുണ്ടാക്കാൻ പര്യാപ്തമാവില്ല. അതിനാൽ, വികസനം തന്നെ ചർച്ചയാക്കി തിരഞ്ഞെടുപ്പ് പ്രചാരണം നയിക്കണമെന്നാണ് പാർട്ടി നിർദേശം. പതിവ് പത്രസമ്മേളനങ്ങൾ ഇല്ലാതാവുന്നത് ദോഷംചെയ്യും. പെരുമാറ്റച്ചട്ടം ലംഘിക്കാതെ മുഖ്യമന്ത്രി ഇടയ്ക്കിടെ പത്രസമ്മേളനം നടത്തണമെന്ന് നിശ്ചയിച്ചിട്ടുണ്ട്. രാഷ്ട്രീയ ആരോപണങ്ങൾക്ക് പ്രതിരോധം തീർക്കാൻ ഇതിലൂടെ കഴിയുമെന്നാണ് സി.പി.എമ്മിന്റെ പ്രതീക്ഷ.
കിഫ്ബിയുടെ ആസ്തി-ബാധ്യത കണക്കുകൂട്ടൽ ശരിയായ രീതിയിലല്ലെന്ന് സ്റ്റാറ്റ്യൂട്ടറി ഓഡിറ്റ് നടത്തിയ കമ്പനിയും ചൂണ്ടിക്കാട്ടിയിരുന്നതായി സൂചന. ഇതിനെ അടിസ്ഥാനമാക്കി ബാധ്യതവരുത്തുന്നത് തിരിച്ചടവിനെ ബാധിക്കുമെന്നായിരുന്നു മുന്നറിയിപ്പ്. കിഫ്ബിയെടുത്ത എല്ലാ വായ്പകൾക്കും തിരിച്ചടവിന് ഉറപ്പുനൽകിയത് സർക്കാരാണ്. അതിനാൽ, വായ്പയുടെ കണക്ക് കിഫ്ബിയുടെ പേരിലായാലും കടബാധ്യത സർക്കാരിനുതന്നെയാകും. ഇതാണ് സി.എ.ജി. ചൂണ്ടിക്കാട്ടിയത്. സ്റ്റാറ്റ്യൂട്ടറി ഓഡിറ്റിനുശേഷം അത് മറ്റു ചാർട്ടേർഡ് അക്കൗണ്ടന്റ് സംഘത്തെ ഉപയോഗിച്ച് ‘പീർ റിവ്യൂ’ നടത്താറുണ്ട്. ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ചാർട്ടേർഡ് അക്കൗണ്ടന്റ് നൽകുന്ന പട്ടികയിൽനിന്നാണ് ഇതിന് ഓഡിറ്റേഴ്‌സിനെ കണ്ടെത്താറുള്ളത്. എന്നാൽ, കിഫ്ബിയിൽ പീർ റിവ്യൂ ഓഡിറ്റ് നടത്തിയത് സ്വർണക്കടത്ത് കേസിൽ ആരോപണവിധേയനായ ചാർട്ടേർഡ് അക്കൗണ്ടന്റാണ്. ഇൻസ്റ്റിറ്റ്യൂട്ട് നൽകിയ പട്ടികയിൽനിന്നല്ല ഇതു കണ്ടെത്തിയിട്ടുള്ളത്. ടെൻഡർവിളിച്ച് പീർ റിവ്യൂ ഓഡിറ്റേഴ്‌സിനെ തിരഞ്ഞെടുത്തുവെന്നാണ് ഔദ്യോഗിക വിശദീകരണം. ബാധ്യത സർക്കാരിന് കിഫ്ബി ‘കോർപറേറ്റ് ബോഡി’യാണെന്നാണ് സർക്കാർ വാദം. അതിനാൽ, കിഫ്ബി എടുക്കുന്ന വായ്പയ്ക്ക് സർക്കാരിനുള്ള നിബന്ധന ബാധകമാകില്ല. വായ്പയുടെ തിരിച്ചടവ് ബാധ്യതയും സർക്കാരിനില്ലെന്നാണ് ധനമന്ത്രിയുടെ വാദം. എന്നാൽ, സർക്കാർ ഗ്യാരന്റിയിലാണ് കിഫ്ബി എല്ലാ വായ്പകളും എടുത്തിട്ടുള്ളത്. അതിനാൽ, വായ്പയുടെ ബാധ്യത സർക്കാരിനാണ്. ഇതാണ് ധനമന്ത്രി പറഞ്ഞതിലെ വൈരുധ്യം. തിരിച്ചടവ് ബാധ്യത സർക്കാരിനുവരികയും സർക്കാരിനുവേണ്ടി വിദേശത്തുനിന്നടക്കം കടമെടുക്കുകയും ചെയ്യുന്ന സ്ഥാപനത്തിന്, സർക്കാർ വായ്പയ്ക്കുള്ള നിബന്ധനകളും ബാധകമാണെന്നാണ് സി.എ.ജി.യുടെ കണ്ടെത്തൽ. ബജറ്റിനെ മറികടന്ന് ബജറ്റിന്റെ പലമടങ്ങ് തുകയുടെ സാമ്പത്തിക ഇടപാട് നടത്തുന്നതുകൊണ്ടാണ് കിഫ്ബിയുടെ പ്രവർത്തനം ഭരണഘടനാവിരുദ്ധമാണെന്ന് സി.എ.ജി. ചൂണ്ടിക്കാട്ടാൻ കാരണം. ബജറ്റിനെ മറികടന്നല്ല, ബജറ്റിൽ പ്രഖ്യാപിക്കുന്ന പദ്ധതികളാണ് കിഫ്ബി നടപ്പാക്കുന്നതെന്നാണ് ഇതിന് ധനമന്ത്രി വിശദീകരിക്കുന്നത്. അങ്ങനെയെങ്കിൽ, അത് സി.എ.ജി. ചൂണ്ടിക്കാട്ടുന്നതരത്തിൽ സർക്കാരിനുവേണ്ടി പണം കടമെടുക്കുന്ന സ്ഥാപനംതന്നെയായി കിഫ്ബി മാറുന്നു. മസാലബോണ്ടിലും എതിർപ്പ് ഉയർന്ന പലിശയ്ക്ക് മസാലബോണ്ടിറക്കി പണം സ്വരൂപിക്കുന്നതിനെ കിഫ്ബി യോഗത്തിൽ അന്നത്തെ ധനകാര്യ സെക്രട്ടറിയും ചീഫ് സെക്രട്ടറിയും എതിർത്തിരുന്നു. ലണ്ടൻ സ്റ്റോക്ക് എക്‌സേഞ്ചിൽ ബോണ്ടിറക്കി സ്വരൂപിക്കുന്നതിനെക്കാൾ കുറഞ്ഞപലിശയ്ക്ക് ആഭ്യന്തരമായി പണം കണ്ടെത്താനാകുമെന്നായിരുന്നു അന്നത്തെ ധനകാര്യ സെക്രട്ടറി മനോജ് ജോഷി പറഞ്ഞത്. പലിശനിരക്ക് കൂടിയാലും അന്താരാഷ്ട്ര വിപണിയിൽ പ്രവേശിക്കാനുള്ള അവസരം ഉപയോഗിക്കണമെന്ന ധനമന്ത്രിയുടെ വാദമാണ് മസാലബോണ്ടിറക്കണമെന്ന തീരുമാനമെടുക്കാൻ കാരണമായത്. മസാലബോണ്ടുവഴി 2150 കോടിരൂപയാണ് സ്വരൂപിച്ചത്. ഇതിന് 9.72 ശതമാനമാണ് പലശ. 3195 കോടിരൂപയാണ് തിരിച്ചുനൽകേണ്ടിവരുന്ന തുക. മൂന്ന് വാണിജ്യബാങ്കുകളിൽനിന്നും കിഫ്ബി വായ്പയെടുത്തിട്ടുണ്ട്. ഇതിന് 10.2 ശതമാനമാണ് പലിശ. വാണിജ്യബാങ്കിൽനിന്നെടുത്ത വായ്പ ഏഴുശതമാനം പലിശയ്ക്ക് അതത് ബാങ്കുകളിൽത്തന്നെ നിക്ഷേപിച്ചിരിക്കുകയാണ്.

Exit mobile version