തിരുവനന്തപുരം: കോവിഡിന്റെ സാഹചര്യത്തിൽ നിയമസഭാ തിരഞ്ഞെടുപ്പിനായി സംസ്ഥാനത്ത് അധിക പോളിംഗ് ബൂത്തുകൾ ഒരുക്കുന്നത് സംബന്ധിച്ച് ഇലക്ഷൻ കമ്മീഷൻ മാർഗനിർദ്ദേശം നൽകിയതായി മുഖ്യതിരഞ്ഞെടുപ്പ് ഓഫീസർ ടിക്കാറാം മീണ പറഞ്ഞു. കേരളത്തിൽ 15730 അധിക പോളിംഗ് ബൂത്തുകളാണ് സജ്ജമാക്കുക. സംസ്ഥാനത്ത് അധിക പോളിംഗ് ബൂത്തുകൾ ഉൾപ്പെടെ 40771 ബൂത്തുകളാണുണ്ടാവുക.
നിലവിൽ പോളിംഗ് ബൂത്തുകളുള്ള കെട്ടിടങ്ങളിൽ തന്നെ അധിക ബൂത്ത് സജ്ജീകരിക്കുന്നതിനാണ് ആദ്യ പരിഗണന. അതിനുള്ള സാഹചര്യമില്ലെങ്കിൽ അതേ വളപ്പിൽ തന്നെ ബൂത്ത് ഒരുക്കണം. ഇതിനായി താത്ക്കാലിക കെട്ടിടം സജ്ജീകരിക്കാം. പോളിംഗ് ബൂത്ത് സ്ഥിതി ചെയ്യുന്ന കെട്ടിട വളപ്പിൽ ഇതിനാവശ്യമായ സ്ഥലം ഇല്ലെങ്കിൽ 200 മീറ്റർ ചുറ്റളവിൽ താത്ക്കാലിക ബൂത്ത് സജ്ജീകരിക്കാമെന്ന് നിർദ്ദേശിച്ചിട്ടുണ്ട്. താത്ക്കാലിക സജ്ജീകരണം ഒരുക്കുമ്പോൾ സർക്കാർ കെട്ടിടങ്ങൾക്ക് പ്രഥമ പരിഗണന നൽകണം. സർക്കാർ കെട്ടിടം 200 മീറ്റർ ചുറ്റളവിൽ ലഭ്യമല്ലെങ്കിൽ സ്വകാര്യ കെട്ടിടം ഇതിനായി ഏറ്റെടുക്കാം. എന്നാൽ ഈ കെട്ടിടങ്ങൾക്ക് രാഷ്ട്രീയ ബന്ധം ഇല്ലെന്ന് ജില്ലാ കളക്ടർമാർ ഉറപ്പാക്കണം.
അധിക പോളിംഗ് ബൂത്തുകൾ ഒരുക്കുന്നതിന് മുമ്പ് ജില്ലാ കളക്ടർമാർ രാഷ്ട്രീയ കക്ഷി പ്രതിനിധികളുമായി ഈ വിഷയം ചർച്ച ചെയ്ത് സമ്മതം വാങ്ങണം. അധിക ബൂത്തുകൾ ഒരുക്കുന്നതിനെക്കുറിച്ച് വിപുലമായ പ്രചാരണവും ജനങ്ങൾക്കിടയിൽ നടത്തണം. പോളിംഗ് ബൂത്തിനായി താത്ക്കാലിക സജ്ജീകരണം ഒരുക്കുന്നതിനുള്ള ഡിസൈൻ കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷൻ നൽകിയിട്ടുണ്ട്. ഇത് ജില്ലാ കളക്ടർമാർക്ക് നൽകുമെന്ന് മുഖ്യതിരഞ്ഞെടുപ്പ് ഓഫീസർ അറിയിച്ചു. അധിക ബൂത്തുകൾ സംബന്ധിച്ച റിപ്പോർട്ട് ഒരാഴ്ചയ്ക്കുള്ളിൽ നൽകാൻ ജില്ലാ കളക്ടമാരോട് നിർദ്ദേശിച്ചിട്ടുണ്ട്. റാമ്പുകൾ, വെളിച്ചം, കുടിവെള്ളം, ഫർണിച്ചറുകൾ എന്നിവ ഈ ബൂത്തുകളിലും ഉണ്ടായിരിക്കണമെന്ന് മാർഗനിർദ്ദേശത്തിൽ വ്യക്തമാക്കുന്നു.