Pravasimalayaly

പൊതുയോഗങ്ങളില്‍ 1000 പേര്‍ക്ക് പങ്കെടുക്കാം; നിയമസഭാ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് പ്രചാരണത്തിന് കൂടുതല്‍ ഇളവുകള്‍ നല്‍കി തെരഞ്ഞെടുപ്പ് കമ്മീഷന്‍

ന്യൂഡല്‍ഹി: അഞ്ച് സംസ്ഥാനങ്ങളുടെ നിയമസഭാ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് പ്രചാരണത്തിന് കൂടുതല്‍ ഇളവുകള്‍ നല്‍കി തെരഞ്ഞെടുപ്പ് കമ്മീഷന്‍. തുറസായ സ്ഥലങ്ങളില്‍ 1,000 പേര്‍ വരെ പങ്കെടുക്കുന്ന പൊതുയോഗങ്ങള്‍ക്ക് അനുമതി നല്‍കി. 500 പേര്‍ വരെ പങ്കെടുക്കുന്ന യോഗങ്ങള്‍ ഹാളിനുള്ളില്‍ നടത്താം. അതേസമയം, റോഡ് ഷോകള്‍ക്കും സൈക്കിള്‍ റാലികള്‍ക്കും നിരോധനം തുടരും. ഫെബ്രുവരി 11 വരെയാണ് നിരോധനം നീട്ടിയത്.

വീടുകള്‍ കയറിയുള്ള പ്രചാരണത്തില്‍ 20 പേര്‍ക്ക് വരെ പങ്കെടുക്കാമെന്നും കമ്മീഷന്‍ അറിയിച്ചു. തെരഞ്ഞെടുപ്പ് പ്രചരണത്തിന് കൂടുതല്‍ ഇളവുകള്‍ നല്‍കണമെന്ന് രാഷ്ട്രീയ പാര്‍ട്ടികള്‍ ആവശ്യപ്പെട്ടിരുന്നു. നിയന്ത്രണങ്ങള്‍ കടുപ്പിച്ചതോടെ പ്രചരണം സാധ്യമാകുന്നില്ല എന്ന പ്രാദേശിക പാര്‍ട്ടികളുടെ പരാതിയും തെരഞ്ഞെടുപ്പ് കമ്മീഷന്‍ പരിഗണിച്ചു.

അതേസമയം ഉത്തരാഖണ്ഡിലെ നിയമസഭാ തെരഞ്ഞെടുപ്പിന്റെ ഭാഗമായി ഫെബ്രുവരി ഒന്നിന് ബിജെപി മെഗാ തെരഞ്ഞെടുപ്പ് പ്രചാരണം ആരംഭിക്കുമെന്ന് കേന്ദ്രമന്ത്രിയും ബിപെജിയുടെ ഉത്തരാഖണ്ഡ് തെരഞ്ഞെടുപ്പ് ചുമതലക്കാരനുമായ പ്രഹ്ലാദ് ജോഷി അറിയിച്ചു. ഉത്തരാഖണ്ഡ് മുഖ്യമന്ത്രി പുഷ്‌കര്‍ സിംഗ് ധാമി, ഹരിയാന മുഖ്യമന്ത്രി മനോഹര്‍ ലാല്‍ ഖട്ടര്‍, ഹിമാചല്‍പ്രദേശ് മുഖ്യമന്ത്രി ജയ് റാം താക്കൂര്‍ എന്നിവര്‍ പ്രചാരണത്തില്‍ പങ്കെടുക്കും. കൊവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് 500 പേരെ പങ്കെടുപ്പിച്ചായിരിക്കും തെരഞ്ഞെടുപ്പ് റാലികള്‍ സംഘടിപ്പിക്കുന്നത്.

70 മണ്ഡലങ്ങളിലും നേതാക്കളുടെ പ്രസംഗം തല്‍സമയം കേള്‍ക്കാനായി എല്‍ഇഡി ടിവികള്‍ സ്ഥാപിക്കും. ആഭ്യന്തരമന്ത്രി അമിത് ഷാ, പ്രതിരോധമന്ത്രി രാജ്നാഥ് സിംഗ്, ബിജെപി അധ്യക്ഷന്‍ ജെപി നദ്ദ എന്നിവരും പ്രചാരണം നടത്തും. ഉത്തരാഖണ്ഡിലെ പ്രചാരണത്തിനായി പ്രധാനമന്ത്രി നരേന്ദ്ര മോദി എത്തുമെന്ന് വാക്കും നല്‍കിയിട്ടുണ്ട്. എന്നാല്‍ നാളെ പുറത്ത് വരാനിരിക്കുന്ന തെരഞ്ഞെടുപ്പ് കമ്മിഷന്റെ മാര്‍ഗരേഖകള്‍ പരിശോധിച്ച ശേഷം മാത്രമായിരിക്കും ഇക്കാര്യത്തില്‍ അന്തിമ തീരുമാനമെടുക്കുകയെന്ന് പ്രഹ്ലാദ് ജോഷി വ്യക്തമാക്കി.

ഉത്തരാഖണ്ഡിലെ ആളുകള്‍ കോണ്‍ഗ്രസിന്റെ മധുരവാഗ്ദാനങ്ങളില്‍ വീഴില്ല, കോണ്‍ഗ്രസ് ഭരണത്തില്‍ ആളുകളെ അവര്‍ ചൂഷണം ചെയ്യുകയായിരുന്നു. ആളുകള്‍ക്ക് തിരിച്ചറിവ് വന്നതിന്റെ വലിയൊരു തെളിവാണ് ഇന്ന് ബിജെപിയ്ക്ക് ലഭിക്കുന്ന പിന്തുണ. ജനങ്ങള്‍ക്ക് സത്യവും മിഥ്യയും തിരിച്ചറിയാന്‍ സാധിക്കുന്നു. അതുകൊണ്ട് തന്നെ ഈ വര്‍ഷവും അഞ്ച് സംസ്ഥാനങ്ങളില്‍ താമര വിരിയുമെന്നത് ഉറപ്പാണെന്നും പ്രഹ്ലാദ് ജോഷി കൂട്ടിച്ചേര്‍ത്തു.

Exit mobile version