പാകിസ്ഥാൻ പാർലമെന്റ് പിരിച്ചുവിട്ട് പ്രസിഡന്റ് ആരിഫ് അൽവി. അവിശ്വാല പ്രമേയ വോട്ടെടുപ്പ് തള്ളിയതിന് പിന്നാലെ പ്രധാനമന്ത്രി ഇമ്രാൻ ഖാൻ അസംബ്ലി പിരിച്ചുവിടാൻ പ്രസിഡന്റിനോട് ശുപാർശ ചെയ്തിരുന്നു. പിന്നാലെയാണ് നടപടി.
മന്ത്രിസഭയും പിരിച്ചുവിട്ടുവെന്ന് വാർത്താവിതരണ മന്ത്രി ഫവാദ് ചൗധരി അറിയിച്ചു. ഭരണഘടനാപരമായ ചുമതലകൾ പ്രധാനമന്ത്രി പദവിയിൽ ഇരുന്ന് ഇമ്രാൻ ഖാൻ തുടരും. 90 ദിവസത്തിനുള്ളിൽ പൊതുതെരഞ്ഞെടുപ്പ് നടക്കുമെന്നും ഫവാദ് ചൗധരി പറഞ്ഞു.
പാക് പാർലമെന്റിൽ ഇമ്രാനെതിരായ അവിശ്വാസ വോട്ടെടുപ്പ് സഭ നിയന്ത്രിച്ച ഡെപ്യൂട്ടി സ്പീക്കർ ഖാസിം ഖാൻ സൂരി അനുവദിച്ചിരുന്നില്ല. ഏപ്രിൽ 25വരെ വോട്ടെടുപ്പ് അനുവദിക്കാനാകില്ലെന്നും ദേശീയ സുരക്ഷ മുൻനിർത്തിയാണ് തീരുമാനമെന്നും ഡെപ്യൂട്ടി സ്പീക്കർ വ്യക്തമാക്കി. പിന്നാലെ പ്രതിപക്ഷാംഗങ്ങൾ സഭയ്ക്കുള്ളിൽ പ്രതിഷേധിക്കുകയും സുപ്രീം കോടതിയെ സമീപിക്കുമെന്ന് അറിയിക്കുകയും ചെയ്തു.
ദേശീയ അസംബ്ലി പിരിച്ചുവിട്ട് രാജ്യത്ത് വീണ്ടും തെരഞ്ഞെടുപ്പ് നടത്തണമെന്ന് നേരത്തെ ഇമ്രാൻ ആവശ്യപ്പെട്ടിരുന്നു. തെരഞ്ഞെടുപ്പ് നടക്കും വരെ താൻ കാവൽ പ്രധാനമന്ത്രിയായി തുടരുമെന്നും ഇമ്രാൻ വ്യക്തമാക്കിയിരുന്നു.
അവിശ്വാസ പ്രമേയത്തിൽ വോട്ടെടുപ്പ് വേണ്ടെന്ന് തീരുമാനിച്ച ഡെപ്യൂട്ടി സ്പീക്കറുടെ നടപടിയെ ഇമ്രാൻ സ്വാഗതം ചെയ്തു. സ്പീക്കർ ഭരണഘടനാ തത്വങ്ങൾ സ്പീക്കർ ഉയർത്തിപ്പിടിച്ചു. അവിശ്വാസ പ്രമേയം വിദേശ രാജ്യങ്ങളുടെ ഗൂഢാലോചനയാണെന്ന് ഇമ്രാൻ ആവർത്തിച്ചു. ഗൂഢാലോചന പരാജയപ്പെട്ടെന്നും ഇമ്രാൻ വ്യക്തമാക്കി.
തെരഞ്ഞെടുപ്പിന് തയ്യാറെടുക്കാൻ രാജ്യത്തോട് ഇമ്രാൻ ആഹ്വാനം ചെയ്തു. തീരുമാനം ജനങ്ങൾ എടുക്കട്ടേയെന്നും ഇമ്രാൻ കൂട്ടിച്ചേർത്തു.