തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പിന് ദിവസങ്ങള്‍ മാത്രം ബാക്കിനില്‌ക്കെ ഇരുമുന്നണികളും പ്രചാരണായുധങ്ങള്‍ മാറ്റിപ്പിടിക്കുന്നു. കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളും ക്ഷേമപെന്‍ഷനുമെല്ലായിരുന്നു തുടക്കത്തില്‍ പ്രചാരണത്തെ സജീവമായിരുന്നതെങ്കില്‍ അവസാനദിനങ്ങളോടെ ഇരട്ടവോട്ടും ശബരിമല യുവതീ പ്രവേശനവും ആഴക്കടല്‍ മത്സ്യബന്ധനവുമെല്ലാം നിറഞ്ഞാടുകയാണ്. ആഴക്കടല്‍ മത്സബന്ധനം സംബന്ധിച്ചുള്ള അമേരിക്കന്‍ കമ്പനിയുമായുള്ളള എല്ലാ ഇടപാടുകളും മുഖ്യമന്ത്രിയുടെ ഓഫീസ് അറിഞ്ഞാണെന്നു വിവരാവകാശ കമ്മീഷന്‍
മുഖേനെ ലഭിച്ച രേഖയില്‍ വ്യക്തമാക്കുന്നു. ഇത് പ്രതിപക്ഷം പ്രചാരണായുധമാക്കി കഴിഞ്ഞു. ഇതിനു പിന്നാലെ വ്യാപകമായി ഇരട്ടവോട്ട് വിവാദവും സജീവചര്‍ച്ചയായി കഴിഞ്ഞു. നാലു ലക്ഷത്തോളം വോട്ടുകള്‍ അനധികൃതമായി കൂട്ടിച്ചേര്‍ത്തുവെന്നാണ് പ്രതിപക്ഷനേതാവിന്റെ ആരോപണം. ഇത് സംബന്ധിച്ച് പ്രതിപക്ഷം കേന്ദ്ര ഇലക്ഷന്‍ കമ്മീഷനേയും കോടതിയേയും സമീപിച്ചിരിക്കയാണ്. പ്രചാരണത്തിന്റെ അന്തിമഘട്ടം അടുക്കുന്നതോടെ കാടടച്ചുള്ള പ്രചാരണമാണ് ഇരുമുന്നണികളും നടത്തുന്നത്. ഇടതുപക്ഷത്ത് മുഖ്യമന്ത്രി പിണറായി വിജയന്‍ നയിക്കുമ്പോള്‍ യുഡിഎഫിനു വേണ്ടി കേന്ദ്ര നേതാക്കളായ രാഹുല്‍ ഗാന്ധി, പ്രിയങ്ക ഗാന്ധി, സല്‍മാന്‍ ഖുര്‍ഷിദ് ഉള്‍പ്പെടെയുള്ളവര്‍ കളത്തിലിറങ്ങി. ഇനിയുള്ള ദിനങ്ങള്‍ പോരാട്ടം കടുകടുക്കും.