തൃശൂര്‍: അതിരപ്പള്ളിയില്‍ അഞ്ചു വയസുകാരിയെ കാട്ടാന ചവിട്ടിക്കൊന്ന സംഭവത്തില്‍ പ്രതിഷേധവുമായി നാട്ടുകാര്‍. വന്യമൃഗശല്യം നിരന്തരമുണ്ടാകുന്നതായി ശ്രദ്ധയില്‍പ്പെടുത്തിയിട്ടും വനംവകുപ്പിന്റെ ഭാഗത്തുനിന്ന് നടപടികള്‍ സ്വീകരിച്ചില്ലെന്നാണ് നാട്ടുകാര്‍ പറയുന്നത്. റോഡ് ഉപരോധിച്ചതിനെ തുടര്‍ന്ന് വാഹനഗതാഗതം പൂര്‍ണമായി തടസപ്പെട്ടു.മേഖലയിലെ കാട്ടാനശല്യത്തിനായി ശാശ്വത പരിഹാരം വേണമെന്നാണ് നാട്ടുകാരുടെ ആവശ്യം. ഇന്നലെ വൈകിട്ട് ആറരയോടെ കണ്ണന്‍കുഴി ക്ഷേത്രത്തിന് സമീപമായിരുന്നു സംഭവം. കിഴക്കുംമുറി സ്വദേശി കച്ചട്ടില്‍
ഖിലിന്റെയും അജന്യയുടെയും മകള്‍ ആഗ്നിമിയ (5)ആണ് മരിച്ചത്. കൂടെയുണ്ടായിരുന്ന നിഖില്‍ (36), മുത്തച്ഛന്‍ നെടുംബ വീട്ടില്‍ ജയന്‍ എന്നിവര്‍ക്കും പരിക്കേറ്റിരുന്നു.
ബൈക്കില്‍ വരികയായിരുന്ന നിഖിലും ഭാര്യാ പിതാവ് ജയനും ആഗ്‌നിമിയയും ആനയ കണ്ടതോടെ ബൈക്ക് നിര്‍ത്തി. ആന ഇവര്‍ക്ക് നേരെ തിരിഞ്ഞതോടെ മൂന്നു പേരും ചിതറി ഓടി. ഇതിനിടെ കുട്ടിയെ ആന ആക്രമിക്കുകയായിരുന്നു. കുട്ടിയുടെ തലയ്ക്കാണ് ചവിട്ടേറ്റത്.
കുട്ടിയെ രക്ഷപ്പെടുത്താന്‍ ശ്രമിക്കുന്നതിനിടയില്‍ അച്ഛനും മുത്തച്ഛനും പരിക്കേറ്റു. മൂന്ന് പേരെയും നാട്ടുകാര്‍ ചേര്‍ന്ന് ചാലക്കുടി സെന്റ് ജെയിംസ് ആ രൂപത്രിയില്‍ എത്തിക്കുകയായായിരുന്നു. ആശുപത്രിയില്‍ എത്തുമ്പൊഴക്കും ആഗ്‌നിമിയ മരിച്ചു. മറ്റ് രണ്ടു പേരും അപകടനില തരണം ചെയ്തു. കഴിഞ്ഞ കുറച്ചു ദിവസങ്ങളായി പ്രദേശത്ത് ഒറ്റയാന്റ ശല്യം രൂക്ഷമാണ്.