തനിക്കെതിരെ ഉയര്‍ന്ന ലൈംഗിക പീഡനാരോപണം തള്ളി ശതകോടീശ്വരന്‍ ഇലോണ്‍ മസ്‌ക്. എന്നാല്‍ ആരോപണത്തിനു പിന്നാലെ ടെസ്ല ഷെയറുകളുടെ വിലയിടിഞ്ഞു. വെള്ളിയാഴ്ച 10 ശതമാനത്തോളം വിലയിടിഞ്ഞ ടെസ്ലയ്ക്ക് തിരിച്ചടി തുടരുമെന്നാണ് റിപ്പോര്‍ട്ടുകള്‍.
2016ല്‍ ഒരു വിമാനത്തില്‍ വച്ച് എയര്‍ഹോസ്റ്റസിനെ ലൈംഗികമായി പീഡിപ്പിക്കാന്‍ ശ്രമിച്ചെന്ന് ബിസിനസ് ഇന്‍സൈഡറാണ് റിപ്പോര്‍ട്ട് ചെയ്തത്. ലൈംഗികാരോപണം പുറത്ത് പറയാതിരിക്കാന്‍ 2018ല്‍ സ്പേസ് എക്സ് എയര്‍ഹോസ്റ്റസിന് 2.5 ലക്ഷം ഡോളര്‍ നല്‍കിയെന്നും റിപ്പോര്‍ട്ടില്‍ ഉണ്ട്.
സ്പേസ് എക്സിന്റെ കോര്‍പ്പറേറ്റ് ജെറ്റ് ഫ്ളീറ്റില്‍ കരാര്‍ അടിസ്ഥാനത്തില്‍ ജോലി ചെയ്തിരുന്ന അറ്റന്‍ഡന്റിനോടാണ് മസ്‌ക് അപമര്യാദയായി പെരുമാറിയത്. മസ്‌ക് നഗ്‌നത പ്രദര്‍ശിപ്പിച്ചെന്നും, സമ്മതമില്ലാതെ യുവതിയുടെ കാലില്‍ തടവിയെന്നും, ഉത്തേജിപ്പിക്കുന്ന രീതിയില്‍ മസാജ് ചെയ്ത് നല്‍കിയാല്‍ കുതിരയെ വാങ്ങി നല്‍കാമെന്നും വാഗ്ദാനം ചെയ്തതായും ബിസിനസ് ഇന്‍സൈഡര്‍ റിപ്പോര്‍ട്ടില്‍ പറയുന്നു. ഫ്ളൈറ്റ് അറ്റന്‍ഡന്റ് ജോലി ലഭിച്ചതിന് ശേഷം മസാജ് ചെയ്യാനുള്ള ലൈസന്‍സ് എടുക്കാനും അവളെ നിര്‍ദ്ദേശിച്ചു.
2016ല്‍ ദേഹം മുഴുവന്‍ മസാജ് ചെയ്യുന്നതിനായി വിമാനയാത്രയ്ക്കിടെ തന്റെ മുറിയിലേക്ക് വരാന്‍ മസ്‌ക് ആവശ്യപ്പെട്ടതായി ഫ്‌ലൈറ്റ് അറ്റന്‍ഡന്റ് സുഹൃത്തിനോട് പറഞ്ഞു. മുറിയില്‍ പ്രവേശിച്ചപ്പോള്‍ അരക്ക് താഴെ ടവ്വല്‍ മാത്രമായിരുന്നു മസ്‌ക് ധരിച്ചിരുന്നത്. മസാജിനിടെ മസ്‌ക് സ്വകാര്യഭാഗം പ്രദര്‍ശിപ്പിച്ചു. തുടര്‍ന്ന് അവളെ സ്പര്‍ശിക്കുകയും, കൂടുതല്‍ ചെയ്യുകയാണെങ്കില്‍ ഒരു കുതിരയെ വാങ്ങി നല്‍കാമെന്നും വാഗ്ദാനം ചെയ്തു.
എന്നാല്‍ ആരോപണങ്ങള്‍ മസ്‌ക് തള്ളി. ഈ കഥയില്‍ ഇനിയും ഒരുപാട് പറയാനുണ്ടെന്നും റിപ്പോര്‍ട്ട് രാഷ്ട്രീയപ്രേരിതമാണെന്നും മസ്‌ക് പറഞ്ഞു. ലൈംഗിക പീഡനത്തിന് താല്‍പര്യമുള്ളയാളാണെങ്കില്‍ തന്റെ 30 വര്‍ഷത്തെ കരിയറില്‍ ഇതാദ്യമാകാന്‍ സാധ്യതയില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.