Pravasimalayaly

ശ്രീലങ്കയിൽ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു;സംശയം തോന്നുന്ന ആരെയും അറസ്റ്റ് ചെയ്യാം

സാമ്പത്തിക പ്രതിസന്ധിയില്‍ രൂക്ഷമായ ശ്രീലങ്കയിൽ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. സർക്കാരിനെതിരെയുള്ള ജനകീയ പ്രക്ഷോഭങ്ങള്‍ തടയിടുന്നതിന്‍റെ ഭാഗമായാണ് നടപടി. ഇതിലൂടെ സൈന്യത്തിന് കൂടുതൽ അധികാരം ലഭിക്കും. സംശയം തോന്നുന്ന ആരെയും സൈന്യത്തിന് അറസ്റ്റ് ചെയ്യാനും തടവില്‍ പാര്‍പ്പിക്കാനും കഴിയും.

കൂടാതെ സ്വത്തുവകകൾ പിടിച്ചെടുക്കാനും എവിടെയും പരിശോധന നടത്താനുംഅധികാരമുണ്ടാകും. നിലവിലെ നിയമങ്ങളിൽ ഭേദ​ഗതി വരുത്താനോ റദ്ദാക്കാനോ കഴിയും. ഞായറാഴ്ച കൂടുതൽ പ്രതിഷേധങ്ങൾ നടക്കാനിരിക്കെയാണ് അടിയന്തരാവസ്ഥ പ്രഖ്യാപിച്ചത്. ക്രമസമാധാനം ഉറപ്പിക്കാനും സാധന സാമഗ്രികളുടെ വിതരണം ഉറപ്പുവരുത്താനുമാണ് നടപടിയെന്നാണ് അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു കൊണ്ടുള്ള പ്രസിഡന്‍റ് ഗൊട്ടബയ രജപക്സെയുടെ ഉത്തരവില്‍ പറയുന്നത്. 

കഴിഞ്ഞ ദിവസം പ്രസിഡന്‍റിന്‍റെ വസതിക്ക് മുന്നിൽ നൂറു കണക്കിന് ആളുകൾ പ്രതിഷേധവുമായി എത്തിയത്. തുടർന്ന് ഇത് സംഘർഷത്തിലേക്ക് നീങ്ങിയിരുന്നു.  ഇതിനെ തുടർന്ന് 53 പേരാണ് അറസ്റ്റിലായത്. അതേസമയം ശ്രീലങ്കയുടെ ദുരിതം പരിഹരിക്കാൻ വായ്പ അനുവദിക്കുന്ന കാര്യത്തിൽ ഐ എം എഫിന്‍റെ ചർച്ചകൾ ഈ ആഴ്ച ആരംഭിക്കും. കടക്കെണിയിലായ ലങ്കയ്ക്ക് വിദേശസഹായം ഇല്ലാതെ ഒരടിപോലും മുന്നോട്ടു നീങ്ങാനാവാത്ത സാഹചര്യമാണ്.

Exit mobile version