പ്രസിഡന്റ് ഗോതബായ രജപക്‌സ രാജ്യം വിട്ടതിനു പിന്നാലെ ശ്രീലങ്കയില്‍ പ്രധാനമന്ത്രി റനില്‍ വിക്രമസിംഗെ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. പടിഞ്ഞാറന്‍ പ്രവിശ്യയില്‍ നിശാനിയമം ഏര്‍പ്പെടുത്തിയതായും പ്രധാനമന്ത്രിയുടെ ഓഫിസ് അറിയിച്ചു.
ഇന്നു പുലര്‍ച്ചെയാണ് പ്രസിഡന്റ് ഗോതബായ രജപക്‌സെ മാലിദ്വീപിലേക്കു കടന്നത്. സൈനിക വിമാനത്തില്‍ ഭാര്യയ്ക്കും രണ്ട് അംഗരക്ഷകര്‍ക്കുമൊപ്പമാണ് രജപക്‌സെ മാലിദ്വീപില്‍ എത്തിയത്. വ്യോമസേന ഇതു സ്ഥിരീകരിച്ചു. പ്രസിഡന്റ് രാജ്യം വിട്ടതായി പ്രധാനമന്ത്രിയുടെ ഓഫിസും അറിയിച്ചിട്ടുണ്ട്.
ഇന്നു രാജി വയ്ക്കുമെ്ന്ന് നേരത്തെ രജപക്‌സെ അറിയിച്ചിരുന്നു. എന്നാല്‍ രാജിക്കത്ത് കൈമാറാതെയാണ് പ്രസിഡന്റ് രാജ്യം വിട്ടതെന്നു വ്യക്തമായിട്ടുണ്ട്. രാജിക്കത്തു ലഭിച്ചിട്ടില്ലെന്ന് സ്പീക്കര്‍ സ്ഥിരീകരിച്ചു.
അതിനിടെ പ്രസിഡന്റ് രാജിവയ്ക്കുംവരെ പ്രക്ഷോഭം തുടരുമെന്ന് സമരക്കാര്‍ പ്രഖ്യാപിച്ചു. പ്രസിഡന്റിന്റെ വസതി കൈയേറിയ പ്രക്ഷോഭകര്‍ അവിടെ തുടരുകയാണ്.
ഇന്നു രാവിലെയോടെ പാര്‍ലമെന്റിനു മുന്നിലും പ്രധാനമന്ത്രിയുടെ വസതിക്കു മുന്നിലും പ്രക്ഷോഭകര്‍ തടിച്ചുകൂടി. ഇവിടെ വന്‍തോതിലുള്ള സൈനിക വിന്യാസവും ഉണ്ട്.