ഫ്രാൻസിൻ്റെ പ്രസിഡന്റായി ഇമ്മാനുവൽ മാക്രോൺ തുടരും. പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ 58.2 ശതമാനം വോട്ടോടെയാണ് മാക്രോൺ വിജയിച്ചത്. തീവ്ര വലതുപക്ഷ പാർട്ടിയായ നാഷണൽ റാലിയുടെ നേതാവ് മറൈൻ ലെ പെൻ 41.8 ശതമാനം വോട്ട് നേടി. ജയത്തിന് പിന്നാലെ ലോക നേതാക്കളുടെ അഭിനന്ദന പ്രവാഹമാണ് മാക്രോണിന്.
ഇന്ത്യൻ സമയം രാവിലെ 11.30 ന് ആരംഭിച്ച വോട്ടെടുപ്പ് രാത്രി 11.30 നാണ് അവസാനിച്ചത്. ഏപ്രിൽ 10ന് നടന്ന ഒന്നാം റൗണ്ടിൽ ഇമ്മാനുവൽ മാക്രോൺ ഒന്നാമതും എതിർ സ്ഥാനാർത്ഥി മറൈൻ ലെ പെൻ രണ്ടാമതും എത്തിയിരുന്നു. 12 സ്ഥാനാർത്ഥികൾ മത്സരിച്ച ആദ്യ റൗണ്ടിൽ മാക്രോൺ 27.8 ശതമാനം വോട്ടുകൾ നേടിയപ്പോൾ പെന്നിന് ലഭിച്ചത് 23.1 ശതമാനം വോട്ടുകളാണ്. മേയ് 13ന് പ്രസിഡന്റായി ഇമ്മാനുവൽ മാക്രോൺ വീണ്ടും അധികാരമേൽക്കും.
20 വർഷത്തിനിടെ രണ്ടാം വട്ടവും തെരഞ്ഞെടുക്കപ്പെടുന്ന ആദ്യ ഫ്രഞ്ച് പ്രസിഡന്റ് എന്ന നേട്ടം സ്വന്തമാക്കിയിരിക്കുകയാണ് മാക്രോൺ. എതിർ സ്ഥാനാർത്ഥി 53കാരിയായ പെൻ 2017ലും രണ്ടാം റൗണ്ടിൽ മാക്രോണിനോട് ഏറ്റുമുട്ടിയിരുന്നു. ഫ്രാൻസിലെ ഏറ്റവും പ്രായം കുറഞ്ഞ പ്രസിഡന്റാണ് ലാ റിപ്പബ്ലിക് ഓൺ മാർഷ് പാർട്ടി സ്ഥാനാർത്ഥിയായ ഇമ്മാനുവൽ മാക്രോൺ. അതേസമയം ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോൺസൺ അടക്കമുള്ളവർ മാക്രോണിന് ആശംസകൾ നേർന്നു.
“ഫ്രാൻസിന്റെ പ്രസിഡന്റായി വീണ്ടും തെരഞ്ഞെടുക്കപ്പെട്ട ഇമ്മാനുവൽ മാക്രോണിന് അഭിനന്ദനങ്ങൾ. ഫ്രാൻസ് ഞങ്ങളുടെ ഏറ്റവും പ്രധാനപ്പെട്ട സഖ്യകക്ഷികളിൽ ഒന്നാണ്. ഇരു രാജ്യങ്ങൾ തുടർന്നും ഒരുമിച്ച് പ്രവർത്തിക്കുമെന്ന് കരുതുന്നു.” – ജോൺസൺ ട്വീറ്റ് ചെയ്തു. ഇമ്മാനുവൽ മാക്രോണിന്റെ വിജയം യൂറോപ്പിന് സന്തോഷം നൽകുന്ന വാർത്തയാണെന്ന് ഇറ്റാലിയൻ പ്രധാനമന്ത്രി മരിയോ ഡ്രാഗി പ്രസ്താവനയിൽ പറഞ്ഞു.