Saturday, October 5, 2024
HomeNewsKeralaഎയിംസ് സമര പന്തലിൽ ഒന്നരവയസുകാരിയുടെ മൃതദേഹവുമായി എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതരുടെ പ്രതിഷേധം

എയിംസ് സമര പന്തലിൽ ഒന്നരവയസുകാരിയുടെ മൃതദേഹവുമായി എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതരുടെ പ്രതിഷേധം

കാസര്‍കോട്:

കാസര്‍കോട് എന്‍ഡോസള്‍ഫാന്‍ ഇരകളുടെ പ്രതിഷേധം. എന്‍ഡോസള്‍ഫാന്‍ ദുരിത മേഖലയില്‍ മരിച്ച ഒന്നരവയസുകാരിയുടെ മൃതദേഹവുമായാണ് സമരസമിതിയുടെ പ്രതിഷേധം.കഴിഞ്ഞ മൂന്ന് വര്‍ഷമായി എന്‍ഡോസള്‍ഫാന്‍ ദുരിത മേഖലയില്‍ ഒരു ക്യാമ്ബ് പോലും നടത്തിയിട്ടില്ലെന്നാണ് സമരസമിതി ആരോപിക്കുന്നത്. ഇത് മൂലം ഇന്നലെ മരിച്ച കുഞ്ഞിന് എന്‍ഡോസള്‍ഫാന്‍ ബാധിതയാണെന്ന സര്‍ട്ടിഫിക്കറ്റ് പോലും ലഭിച്ചിട്ടില്ലെന്ന് സമരസമിതി ആരോപിക്കുന്നു. ഇതേ തുടര്‍ന്ന് കുഞ്ഞിന് വിദഗ്ധ ചികിത്സ നല്‍കുന്നതിലടക്കം വലിയ വീഴ്ച സംഭവിച്ചു.മൂന്ന് വര്‍ഷങ്ങള്‍ക്ക് മുന്‍പ് എന്‍ഡോസള്‍ഫാന്‍ ദുരിത ബാധിതരെ കണ്ടെത്താന്‍ പ്രത്യേക മെഡിക്കല്‍ ക്യാമ്ബ് നടത്തുമെന്ന് മുഖ്യമന്ത്രി പ്രഖ്യാപിച്ചിരുന്നു.

2019 ജനുവരി 30 ന് സെക്രട്ടറിയേറ്റിന് മുന്നില്‍ അമ്മമാര്‍ നടത്തിയ പട്ടിണി സമരത്തിന്റെ ഫലമായിട്ടായിരുന്നു മുഖ്യമന്ത്രിയുടെ പ്രഖ്യാപനം.ഇന്നലെയാണ് കാസര്‍കോട് കുമ്ബടാജെ പഞ്ചായത്തിലെ പെരിഞ്ചയിലുള്ള മെഗേര്‍ എന്ന ആദിവാസി കോളനിയിലെ മോഹനന്‍-ഉഷ ദമ്ബതികളുടെ കുഞ്ഞായ ഹര്‍ഷിത മരിച്ചത്. കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ വെച്ചായിരുന്നു അന്ത്യം. ശാരീരിക വൈകല്യങ്ങളോടെയായിരുന്നു കുഞ്ഞിന്റെ ജനനം. തല വലുതും ശരീരത്തിന് പിന്നില്‍ മുഴയുമുണ്ടായിരുന്നു. ചലനശേഷിയോ സംസാരശേഷിയോ കുഞ്ഞിന് ഉണ്ടായിരുന്നില്ല. ഒരു മാസത്തിനിടെ മൂന്നാമത്തെ കുഞ്ഞാണ് എന്‍ഡോസള്‍ഫാന്‍ ദുരിതപെയ്‌ത്തിന്റെ ഫലമായി കാസര്‍കോട് മരിക്കുന്നത്.

RELATED ARTICLES

Leave a Reply

- Advertisment -

Most Popular

Recent Comments