തിരുവനന്തപുരം: കെ റെയിലിനെതിരായ സമരത്തിന് പിന്നില്‍ വിവരദോഷികളെന്ന് സിപിഎം നേതാവ് ഇ പി ജയരാജന്‍ . തെക്കുംവടക്കുമില്ലാത്ത വിവരദോഷികളാണ് സമരത്തിന് പിന്നിലെന്നാണ് ഇപി ജയരാജന്‍ പരിഹസിച്ചത്. കെ റെയിലിനെതിരെ സ്ഥലം നല്‍കാന്‍ തയ്യാറായി ജനങ്ങള്‍ ഇങ്ങോട്ടുവരികയാണെന്നും ജയരാജന്‍ പറഞ്ഞു. അതേസമയം പ്രതിപക്ഷ നേതാവ് വി ഡി സതീശനെതിരെയും ജയരാജന്‍ പ്രതികരിച്ചു. വേറെ പണിയൊന്നുമില്ലെങ്കില്‍ സതീശന്‍ കുറ്റിപറിച്ച് നടക്കട്ടെ എന്നായിരുന്നു ജയരാജന്റെ പ്രതികരണം. കെ റെയിലുമായി സര്‍ക്കാര്‍ മുന്നോട്ട് തന്നെ പോകുമെന്നും ജയരാജന്‍ വ്യക്തമാക്കി.
സില്‍വര്‍ലൈന്‍ പ്രതിഷേധം കനക്കുമ്പോള്‍ സമരത്തേയും സമരക്കാരെയും നേരിടാനുറച്ച് തന്നെയാണ് സര്‍ക്കാരും സിപിഎമ്മും. ജനങ്ങളും പ്രതിപക്ഷവും തെരുവിലിറങ്ങി പ്രതിഷേധിക്കുമ്പോള്‍ അതേ നാണയത്തില്‍ നേരിടുമെന്ന് സൂചനയാണ് മുഖ്യമന്ത്രിയുടെയും മുതിര്‍ന്ന സിപിഎം നേതാക്കളുടെയും നല്‍കുന്നത്. ആളെ കൂട്ടിയുള്ള സമരം ഇതേരീതിയില്‍ പോകുകയാണെങ്കില്‍ നമുക്ക് കാണാമെന്ന മുഖ്യമന്ത്രിയുടെ ഭീഷണിക്ക് പിന്നാലെ ഇപി ജയരാജന്‍ സ്വരം കടുപ്പിച്ച് സമരക്കാരെ പരിഹസിച്ചു.
കെ റെയിലിന്റെ പേരില്‍ നടക്കുന്നത് രാഷ്ട്രീയ സമരമാണെന്നും അതിനെ രാഷ്ട്രീയമായി തന്നെ നേരിടുമെന്നും സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ പ്രതികരിച്ചു. എല്‍ഡിഎഫ് ഭരിക്കുമ്പോള്‍ കേരളത്തില്‍ ഒന്നും നടത്താന്‍ സമ്മതിക്കില്ലെന്ന നിലപാടിന്റെ ഭാഗമായി നടക്കുന്ന സമരമാണിത്. ഇന്നലെ നടന്നത് അടി കിട്ടേണ്ട തരത്തിലുള്ള സമരമാണ്. എന്നിരുന്നാലും പൊലീസ് സംയമനത്തോടെ സമരക്കാരെ നേരിട്ടുവെന്നും കോടിയേരി അഭിപ്രായപ്പെട്ടു.
അതേ സമയം, ചങ്ങനാശേരി കേന്ദ്രീകരിച്ച് സര്‍ക്കാരിനെതിരെ വിമചന സമരത്തിന് ചിലര്‍ തയ്യാറെടുക്കുന്നുവെന്ന ഇന്നലെത്തെ ആരോപണത്തില്‍ നിന്ന് സിപിഎം പിന്നോട്ട് പോയി. സമരത്തെ അനുകൂലിക്കാനോ എതിര്‍ക്കാനോ ഈ ഘട്ടത്തില്‍ തങ്ങളില്ലെന്ന എന്‍എസ്എസിന്റെ നിലപാടിനെ തുടര്‍ന്നാണ് സിപിഎമ്മിന്റെ മനംമാറ്റം.
ശബരിമല സമരകാലത്തെ ഓര്‍മിപ്പിച്ചാണ് ബിജെപി സര്‍ക്കാരിന് മുന്നറിയിപ്പ് നല്‍കുന്നത്. അതിശക്തമായ പ്രക്ഷോഭവും തിരിച്ചടിയും നേരിടേണ്ടി വരുമെന്ന് കെ സുരേന്ദ്രന്‍ പറഞ്ഞു. ‘ചങ്ങനാശ്ശേരിയാണ് സമരകേന്ദ്രം എന്ന് സിപിഎം പറയുന്നത് വിഭാഗീയത ഉണ്ടാക്കാന്‍ വേണ്ടിയാണ്. അതിര് കല്ലുകള്‍ പിഴുതെറിഞ്ഞ് കൊണ്ടിരിക്കുകയാണ്. സമരത്തെ ബിജെപിയും പിന്തുണക്കും. പ്രതിഷേധങ്ങളില്‍ കോണ്‍ഗ്രസുമായി വേദി പങ്കിടില്ല. എന്നാല്‍, ജനങ്ങളുടെ സമരത്തില്‍ ഒപ്പമുണ്ടാകുമെന്നും സുരേന്ദ്രന്‍ വ്യക്തമാക്കി. കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തലയും ശബരിമല പ്രക്ഷോഭകാലം സര്‍ക്കാരിനെ ഓര്‍മിപ്പിക്കുന്നു. സര്‍വേയും കല്ലിടലും ഇത്രയും ധൃതിപ്പെട്ട് നടത്തുന്നതിന് പിന്നില്‍ സാമ്പത്തിക അഴിമതിയെന്ന ആരോപണവും ചെന്നിത്തല ആവര്‍ത്തിച്ചു.