Pravasimalayaly

ഇ.പി ജയരാജന് ഇൻഡിഗോയുടെ യാത്രാ വിലക്ക്

എൽഡിഎഫ് കൺവീനർ ഇപി ജയരാജന് ഇൻഡിഗോയുടെ യാത്രാ വിലക്ക്. മൂന്നാഴ്ചത്തേക്കാണ് കമ്പനി വിലക്ക് ഏർപെടുത്തിയിരിക്കുന്നത്. വിമാനത്തിൽ പ്രതിഷേധിച്ച യൂത്ത് കോൺഗ്രസ് പ്രവർത്തകർക്കും രണ്ടാഴ്ചത്തെ യാത്രാ വിലക്ക് ഏർപെടുത്തിയിട്ടുണ്ട്. ഇൻഡിഗോ നടത്തിയ ആഭ്യന്തര അന്വേഷണത്തെ തുടർന്നാണ് നടപടി.

എന്നാൽ ഇക്കാര്യത്തിൽ തനിക്ക് അറിയിപ്പൊന്നും ലഭിച്ചിട്ടില്ലെന്നാണ് ജയരാജന്റെ പ്രതികരണം. അച്ചടക്ക നടപടിയെ കുറിച്ച് അറിയിപ്പ് ലഭിച്ചിട്ടില്ല. തനിക്ക് നോട്ടീസും ലഭിച്ചിട്ടില്ല. അറിയിപ്പ് ലഭിച്ചശേഷം കൂടുതൽ പ്രതികരിക്കാമെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.

കണ്ണൂരിൽ നിന്ന് തിരുവനന്തപുരത്തേക്കുള്ള വിമാന യാത്രക്കിടെയാണ് മുഖ്യമന്ത്രിക്കെതിരെ യൂത്ത് കോൺഗ്രസ് പ്രവർത്തകർ പ്രതിഷേധിച്ചത്. മുഖ്യമന്ത്രിക്കൊപ്പമുണ്ടായിരുന്ന ഇ.പി. ജയരാജൻ യൂത്ത് കോൺഗ്രസുകാരെ തള്ളിവീഴ്ത്തുന്ന ദൃശ്യം പ്രചരിച്ചിരുന്നു. സംഭവം വൻ വിവാദത്തിന് വഴിയൊരുക്കുകയും യൂത്ത് കോൺഗ്രസ് പ്രവർത്തകരായ ഫർസീൻ മജീദ്, നവീൻകുമാർ, സുനിത് നാരായണൻ എന്നിവർക്കെതിരെ കേസെടുക്കുകയും ചെയ്തിരുന്നു. പ്രതികൾ ചെയ്ത കുറ്റത്തിന്റെ ഗൗരവം കുറക്കാനാണ് ജയരാജനെതിരായ പരാതി എന്ന് ബോധ്യമായതിനാൽ കേസില്ലെന്നായിരുന്നു നിയമസഭയിൽ വിഷയത്തിൽ മുഖ്യമന്ത്രിയുടെ പ്രതികരണം.

Exit mobile version