ഇ.പി.ജയരാജന്‍ എല്‍ഡിഎഫ് കണ്‍വീനര്‍

0
22

ഇ.പി.ജയരാജന്‍ എല്‍ഡിഎഫ് കണ്‍വീനറാകും. ഇന്ന് ചേര്‍ന്ന സിപിഐഎം സംസ്ഥാന സെക്രട്ടേറിയറ്റിലാണ് തീരുമാനം. നിലവില്‍ സിപിഐഎമ്മിന്റെ കേന്ദ്ര കമ്മിറ്റി അംഗമാണ് അദ്ദേഹം. എ.വിജയരാഘവനായിരുന്നു നിലവില്‍ എല്‍ഡിഎഫ് കണ്‍വീനര്‍. എന്നാല്‍ വിജയരാഘവന്‍ സിപിഐഎം പിബി അംഗമായി തെരഞ്ഞെടുക്കപ്പെട്ട സാഹചര്യത്തിലാണ് മുഴുവന്‍ സമയ എല്‍ഡിഎഫ് കണ്‍വീനര്‍ എന്ന നിലയില്‍ ഇ.പി.ജയരാജനെ തെരഞ്ഞെടുത്തത്. നേരത്തെ ഇ.പി.ജയരാജന്റേയും എ.കെ.ബാലന്റേയും പേരുകള്‍ പരിഗണിക്കപ്പെട്ടിരുന്നു. നാളെ ചേരുന്ന സംസ്ഥാന സമിതിയില്‍ ഇതുസംബന്ധിച്ച നിര്‍ദേശം അവതരിപ്പിക്കും. അതിനുശേഷമായിരിക്കും ഔദ്യോഗിക പ്രഖ്യാപനം ഉണ്ടാകുക.

മറ്റു സംഘടനാ ചുമതലകളെക്കുറിച്ചും ഇന്ന് ചേര്‍ന്ന് സംസ്ഥാന സെക്രട്ടേറിയേറ്റില്‍ ധാരണയായിട്ടുണ്ട്. മുഖ്യമന്ത്രിയുടെ പൊളിറ്റിക്കല്‍ സെക്രട്ടറിയായി പി.ശശി എത്തിയേക്കുമെന്നാണ് ലഭിക്കുന്ന സൂചന. എന്നാല്‍ ഇതുസംബന്ധിച്ച സ്ഥിരീകരണമില്ല. സംസ്ഥാന സെക്രട്ടേറിയറ്റിലേക്ക് തെരഞ്ഞെടുക്കപ്പെട്ട പുത്തലത്ത് ദിനേശനെ മുഖ്യമന്ത്രിയുടെ പൊളിറ്റിക്കല്‍ സെക്രട്ടറി പദവിയില്‍ നിന്നു മാറ്റാനാണ് ധാരണ. അദ്ദേഹത്തിന്റെ പ്രവര്‍ത്തനങ്ങളോടുള്ള വിയോജിപ്പും മാറ്റത്തിനുള്ള കാരണമാണ്. പ്രത്യേകിച്ചും ആഭ്യന്തര വകുപ്പിന് എതിരെ തുടര്‍ച്ചയായി ഉണ്ടായ പഴികള്‍.

ഇ.കെ.നായനാര്‍ മുഖ്യമന്ത്രിയായിരുന്നപ്പോള്‍ പൊളിറ്റിക്കല്‍ സെക്രട്ടറിയായിരുന്ന പി.ശശി പിണറായിയുടെയും പൊളിറ്റിക്കല്‍ സെക്രട്ടറി ആകും. പാര്‍ട്ടി നടപടിയെ തുടര്‍ന്ന് പുറത്തായിരുന്നു പി ശശി എറണാകുളത്തു നടന്ന സംസ്ഥാന സമ്മേളനത്തിലാണ് സംസ്ഥാന കമ്മിറ്റിയിലേക്ക് തിരിച്ചെത്തിയത്. പുത്തലത്ത് ദിനേശന് പാര്‍ട്ടി പ്രസിദ്ധീകരണങ്ങളുടെ ചുമതല ലഭിക്കും.

എകെജി പഠന ഗവേഷണ കേന്ദ്രത്തിന്റേയും ഇഎംഎസ് അക്കാദമിയുടേയും ചുമതലയിലേക്ക് എസ്.രാമചന്ദ്രന്‍ പിള്ളയെ കൊണ്ടുവന്നേക്കും. സിഐടിയു, ഡിവൈഎഫ്ഐ, എസ്.എഫ്.ഐ അടക്കമുള്ള വര്‍ഗബഹുജന സംഘടനകളുടെ ചുമതലക്കാരെക്കുറിച്ചും ഇന്ന് ചേര്‍ന്ന സെക്രട്ടേറിയേറ്റില്‍ ധാരണയായിട്ടുണ്ട്.

Leave a Reply