Pravasimalayaly

തൃക്കാക്കരയിൽ ആരുടേയും വോട്ട് വേണ്ടെന്ന് പറയില്ല, ട്വൻറി ട്വൻറി നിലപാട് പറയട്ടെ; ഇപി ജയരാജൻ

തൃക്കാക്കര ഉപതെരഞ്ഞെടുപ്പിൽ ആരുടേയും വോട്ട് വേണ്ടെന്ന് പറയില്ലെന്ന് ഇടതുമുന്നണി കൺവീനർ ഇപി ജയരാജൻ. വികസനത്തെ പിന്തുണയ്ക്കുന്നവർക്ക് ഇടത് പക്ഷത്തിന് ഒപ്പം നിൽക്കാം. തൃക്കാക്കരയിൽ ട്വൻറി ട്വൻറി രാഷ്ട്രീയ നിലപാട് പറയട്ടെയെന്നും ഇ പി ജയരാജൻ അഭിപ്രായപ്പെട്ടു. രാജ്യത്തെ മികച്ച ബദൽ മാതൃക ആണ് പിണറായി സർക്കാരെന്നും എഎപി-ട്വൻറി ട്വൻറി സഖ്യത്തെ കാര്യമാക്കുന്നില്ലെന്നും ജയരാജൻ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. 

തൃക്കാക്കരയിൽ വലിയ പ്രതീക്ഷയിലാണ് മുന്നണികൾ. എല്ലാവരും ഉറ്റുനോക്കുന്നത് ആം ആദ്മി പാർട്ടി- ട്വന്റി -20 സഖ്യത്തിന്റെ രാഷ്ട്രീയ നിലപാടാണ്. തൃക്കാക്കരയിൽ മുന്നണി ആരെയെങ്കിലും പിന്തുണക്കുമോ അതോ മനസാക്ഷി വോട്ടിന് ആഹ്വാനം ചെയ്യുമോയെന്നും ഇന്ന് പ്രഖ്യാപിച്ചേക്കും. ട്വന്റി ട്വന്റി ചെയർമാൻ സാബു തോമസ് ഇന്ന് മാധ്യമങ്ങളെ കാണുന്നുണ്ട്. 

അതേ സമയം, ഇടതുപക്ഷം അടുത്ത ഘട്ട പ്രചാരണം തുടങ്ങി. ഡോ. ജോ ജോസഫിന്റെ വാഹന പ്രചാരണം ഇന്ന് എൽഡിഎഫ് കൺവീനർ ഇ പി ജയരാജൻ ഉദഘാടനം ചെയ്യും. ചിന്തൻ ശിബിരം കഴിഞ്ഞു നേതാക്കൾ മടങ്ങി എത്തിയതോടെ കോൺഗ്രസ്  ക്യാമ്പും കൂടുതൽ സജീവമാകും.

Exit mobile version