ഏകീകൃത കുർബാനയെ ചാെല്ലി എറണാകുളം സെന്റ് മേരീസ് ബസിലിക്കയിൽ വീണ്ടും പ്രതിഷേധം. അൾത്താരയ്ക്ക് മുന്നിൽ ഏകീകൃത ജനാഭിമുഖ കുർബാനകൾ ഒരേ സമയം അർപ്പിച്ചു. അഡ്മിനിസ്ട്രേറ്റർ ആന്റണി പൂതവേലിലിന്റെ നേതൃത്വത്തിൽ ആണ് ഏകീകൃത കുർബാന അർപ്പിച്ചത്.
ഇതിനിടെ ജനാഭിമുഖ കുർബാന അർപ്പിക്കുന്നത് തടയാൻ ഒരു വിഭാഗം വിശ്വാസികൾ ശ്രമിച്ചത് പ്രതിഷേധത്തിനിടയാക്കി. തുടർന്ന് കുർബാനയ്ക്കിടയിൽ പള്ളിക്കുള്ളിലെ മൈക്കും ലൈറ്റും പ്രതിഷേധക്കാരിൽ ചിലർ ഓഫ് ആക്കി. ഇരു വിഭാഗങ്ങളും തമ്മിൽ പല തവണ ഏറ്റുമുട്ടലിന്റെ വക്കോളം എത്തി. ബസിലിക്കയിൽ പൊലീസ് കനത്ത സുരക്ഷ ഏർപ്പെട്ടുത്തിയിരിക്കുകയാണ്.
രണ്ട് വിഭാഗമായി സംഘടിച്ച വിശ്വാസികളെ സമവായത്തിലൂടെ നീക്കാനാണ് പൊലീസിൻ്റെ ശ്രമം. ജനാധിപത്യ കുർബാന നടക്കുന്നതിനിടെ വിശ്വാസികളിൽ ഒരു വിഭാഗം എത്തി മൈക്ക് എടുത്ത് മാറ്റുകയായിരുന്നു. എന്നാൽ, മറുവിഭാഗം വൈദികർക്ക് ആവശ്യമായിട്ടുള്ള സൗകര്യങ്ങൾ ചെയ്തുകൊടുത്തു. ഒരു വിഭാഗം ലൈറ്റ് ഉൾപ്പെടെ ഓഫാക്കിക്കൊണ്ട് പ്രതിഷേധം കടുപ്പിച്ചപ്പോൾ മറ്റ് വിഭാഗം മൊബൈൽ ലൈറ്റുകൾ ഉൾപ്പെടെ തെളിച്ച് കുർബാനയുമായി മുന്നോട്ടു പോവുകയായിരുന്നു.
ഇതേസമയം പ്രതിഷേധവുമായി എത്തിയ മറുവിഭാഗം ഇതിനെ തടയുന്നുമുണ്ട്. വിശ്വാസികളെ സംബന്ധിച്ചിടത്തോളം അവരുടെ പരിശുദ്ധമായ ഒരു ഇടമായി കാണുന്ന അൾത്താരയ്ക്ക് മുന്നിലാണ് പ്രതിഷേധം നടക്കുന്നത്. പരിശുദ്ധ ഗ്രന്ഥങ്ങൾ വലിച്ച് മാറ്റുകയും മൈക്ക് ഓഫ് ചെയ്യുകയും ചെയ്യുന്ന ഒരു സാഹചര്യം അതൊരു തരത്തിലും അംഗീകരിക്കാൻ കഴിയില്ല എന്ന് വൈദികർ പറഞ്ഞു.