Pravasimalayaly

യൂറോ കപ്പിൽ ചരിത്രമെഴുതാൻ ഇംഗ്ലണ്ട്

അട്ടിമറി വീരന്മാരായ ഡെന്മാർക്കിനെ കീഴടക്കി കരുത്തരായ ഇംഗ്ലണ്ട് യൂറോ 2020 ന്റെ ഫൈനലിൽ പ്രവേശിച്ചു. എക്സ്ട്രാ ടൈം വരെ നീണ്ട മത്സരത്തിൽ ഒന്നിനെതിരേ രണ്ടുഗോളുകൾക്കാണ് ഇംഗ്ലണ്ട് ഡെന്മാർക്കിനെ കീഴടക്കിയത്. ഇംഗ്ലണ്ടിനായി ഹാരി കെയ്ൻ സ്കോർ ചെയ്തപ്പോൾ സിമോൺ കെയറിന്റെ സെൽഫ് ഗോളും ത്രീ ലയൺസിന് തുണയായി. ഡെന്മാർക്കിനായി മിക്കേൽ ഡംസ്ഗാർഡ് ആശ്വാസ ഗോൾ നേടി.

മത്സരത്തിൽ ആദ്യം ലീഡെടുത്തത് ഡെന്മാർക്കായിരുന്നെങ്കിലും പിന്നീട് രണ്ട് ഗോളുകൾ തിരിച്ചടിച്ച് ഇംഗ്ലണ്ട് ഫൈനൽ ടിക്കറ്റെടുക്കുകയായിരുന്നു. നിശ്ചിത സമയത്ത് ഇരുടീമുകളും 1-1 എന്ന സ്കോറിന് സമനില വഴങ്ങിയതോടെയാണ് മത്സരം എക്സ്ട്രാ ടൈമിലേക്ക് നീണ്ടത്. എക്സ്ട്രാ ടൈമിൽ ഇംഗ്ലീഷ് നായകൻ ഹാരി കെയ്ൻ ത്രീ ലയൺസിനായി വിജയഗോൾ നേടി.

ഈ വിജയം ഇംഗ്ലണ്ടിന്റെ ഫുട്ബോൾ ചരിത്രത്തിൽ വലിയ സ്ഥാനമാണ് നേടിയിരിക്കുന്നത്. ഇതാദ്യമായാണ് ഇംഗ്ലണ്ട് യൂറോ കപ്പിന്റെ ഫൈനലിൽ പ്രവേശിക്കുന്നത്. 1996-ൽ സെമി ഫൈനലിലെത്തിയതായിരുന്നു ഇതിനുമുൻപുണ്ടായ വലിയ നേട്ടം.1966-ലെ ലോകകപ്പിന് ശേഷം ഇംഗ്ലണ്ട് ആദ്യമായാണ് ഒരു പ്രധാന ടൂർണമെന്റിന്റെ ഫൈനലിൽ ഇടം നേടുന്നത്. കലാശപ്പോരാട്ടത്തിൽ കരുത്തരായ ഇറ്റലിയാണ് ഇംഗ്ലണ്ടിന്റെ എതിരാളികൾ. ഞായറാഴ്ച രാത്രി 12.30 നാണ് ഫൈനൽ നടക്കുക. ആദ്യ രണ്ട് മത്സരങ്ങളിലും തോൽവി വഴങ്ങിയ ശേഷം ടൂർണമെന്റിൽ അദ്ഭുതക്കുതിപ്പ് നടത്തിയ ഡെന്മാർക്ക് തലയുയർത്തിത്തന്നെയാണ് നാട്ടിലേക്ക് മടങ്ങുന്നത്. ഡെന്മാർക്ക് ഗോൾകീപ്പർ കാസ്പെർ ഷ്മൈക്കേൽ ആരാധകരുടെ മനം കവർന്ന പ്രകടനം കാഴ്ചവെച്ചു. ഗോളെന്നുറച്ച അരഡസണോളം ഷോട്ടുകളാണ് താരം തട്ടിയകറ്റിയത്.

Exit mobile version