Sunday, October 6, 2024
HomeSportsFootballബെൽജിയം പ്രീ ക്വാർട്ടറിൽ

ബെൽജിയം പ്രീ ക്വാർട്ടറിൽ

എതിരില്ലാത്ത രണ്ട് ഗോളുകൾക്ക് തകർത്ത് ബെൽജിയം യൂറോ കപ്പിന്റെ പ്രീ ക്വാർട്ടറിൽ പ്രവേശിച്ചു. ഗ്രൂപ്പ് ബിയിൽ കളിച്ച മൂന്ന് മത്സരങ്ങളിലും വിജയിച്ച് ഗ്രൂപ്പ് ചാമ്പ്യന്മാരായാണ് ലോക ഒന്നാം നമ്പർ ടീമായ ബെൽജിയം പ്രീ ക്വാർട്ടറിൽ പ്രവേശിച്ചത്. റൊമേലു ലുക്കാക്കു ബെൽജിയത്തിനായി ഗോൾ നേടിയപ്പോൾ ഫിൻലൻഡ് ഗോൾകീപ്പർ ലൂക്കാസ് ഹ്രാഡെസ്കിയുടെ സെൽഫ് ഗോളും ചുവന്ന ചെകുത്താന്മാർക്ക് തുണയായി. രണ്ടാം പകുതിയിലാണ് രണ്ട് ഗോളുകളും പിറന്നത്. തോറ്റെങ്കിലും ഫിൻലൻഡിന്റെ പ്രീക്വാർട്ടർ പ്രതീക്ഷകൾ അസ്തമിച്ചിട്ടില്ല. കഴിഞ്ഞ മത്സരത്തിൽ കളിച്ച ടീമിൽ നിന്നും എട്ട് മാറ്റങ്ങളുമായാണ് ബെൽജിയം ഫിൻലൻഡിനെതിരേ കളിക്കാനിറങ്ങിയത്. തുടക്കം മുതൽ ബെൽജിയമാണ് കളി നിയന്ത്രിച്ചത്. കുറിയ പാസുകളുമായി ടീം നിരന്തരം ഫിൻലൻഡ് ഗോൾമുഖത്ത് ഭീതിപരത്തി. എന്നാൽ ഫിൻലൻഡ് പ്രതിരോധം ബെൽജിയൻ ആക്രമണങ്ങളെ നന്നായി തന്നെ നേരിട്ടു. ആദ്യ പത്തുമിനിട്ടിൽ ഒരു ഗോളവസരം സൃഷ്ടിക്കാൻ ഇരുടീമുകൾക്കും സാധിച്ചില്ല. ബെൽജിയത്തിനൊപ്പം ഫിൻലൻഡും ആക്രമണങ്ങൾക്ക് നേതൃത്വം നൽകി. എന്നാൽ ഗോളവസരങ്ങൾ സൃഷ്ടിക്കുന്നതിൽ ടീം പരാജയപ്പെട്ടു. 15-ാം മിനിട്ടിൽ കെവിൻ ഡിബ്രുയിനെയുടെ പാസിൽ നിന്നും ബെൽജിയത്തിന്റെ റൊമേലു ലുക്കാക്കുവിന് മികച്ച അവസരം ലഭിച്ചെങ്കിലും താരത്തിന് ലക്ഷ്യം കാണാൻ കഴിഞ്ഞില്ല. 22-ാം മിനിട്ടിൽ ഡിബ്രുയിനെ കൊടുങ്കാറ്റുപോലെ ഫിൻലൻഡ് ബോക്സിലേക്ക് ആക്രമിച്ച് കയറിയെങ്കിലും പ്രതിരോധതാരങ്ങൾ ഒരുവിധത്തിൽ അപകടം ഒഴിവാക്കി. 33-ാം മിനിട്ടിൽ ബെൽജിയത്തിന്റെ ട്രോസാർഡിന്റെ ലോങ്റേഞ്ചർ ഫിൻലൻഡ് പോസ്റ്റിന് മുകളിലൂടെ പറന്നു. 37-ാം മിനിട്ടിൽ ഹസാർഡ് ബോക്സിനകത്തേക്ക് ഉയർത്തി നൽകിയ പന്ത് ലുക്കാക്കു ഹെഡ് ചെയ്തെങ്കിലും ലക്ഷ്യം തെറ്റി പന്ത് കൃത്യമായി ഗോൾകീപ്പറുടെ കൈയ്യിൽ പതിച്ചു. 41-ാം മിനിട്ടിൽ ബെൽജിയത്തിന്റെ ഡോക്കുവിന്റെ ഗോളെന്നുറച്ച മനോഹരമായ ഒരു ഷോട്ട് ഫിൻലൻഡ് ഗോൾകീപ്പർ ഹാർഡെസ്കി തട്ടിയകറ്റി. പിന്നാലെ ആദ്യ പകുതി ഗോൾരഹിത സമനിലയിൽ അവസാനിച്ചു. രണ്ടാം പകുതിയിലും ബെൽജിയം ആക്രമണത്തിന് കുറവുണ്ടായിരുന്നില്ല. 55-ാം മിനിട്ടിൽ ബെൽജിയത്തിന്റെ ചാർഡ്ലിയ്ക്ക് മികച്ച അവസരം ലഭിച്ചെങ്കിലും താരത്തിന്റെ ദുർബലമായ കിക്ക് ഗോൾകീപ്പർ അനായാസം കൈയ്യിലൊതുക്കി. പിന്നാലെ 58-ാം മിനിട്ടിൽ ഹസാർഡിനും മികച്ച അവസരം ലഭിച്ചെങ്കിലും താരത്തിന് ലക്ഷ്യം കാണാനായില്ല. 62-ാം മിനിട്ടിൽ ഫിൻലൻഡിന്റെ കമാറ ബെൽജിയം പോ്സ്റ്റിലേക്ക് വെടിയുതിർത്തെങ്കിലും ഗോൾകീപ്പർ കുർട്വ അനായാസം പന്ത് കൈയ്യിലൊതുക്കി. 64-ാം മിനിട്ടിൽ ഗോൾകീപ്പർ മാത്രം മുന്നിൽ നിൽക്കേ ഹസാർഡിന് തുറന്ന അവസരം ലഭിച്ചിട്ടും താരത്തിന്റെ കിക്ക് ഹാർഡെസ്കി കൈയ്യിലൊതുക്കി. 66-ാം മിനിട്ടിൽ ലുക്കാക്കുവിലൂടെ ബെൽജിയം മത്സരത്തിൽ ലീഡെടുത്തെങ്കിലും പിന്നീട് നടത്തിയ വിദഗധ പരിശോധനയിൽ (വി.എ.ആർ) താരം ഓഫ്സൈഡാണെന്ന് കണ്ടെത്തി. ഇതോടെ ഗോൾ അസാധുവായി. ഒടുവിൽ 74-ാം മിനിട്ടിൽ ബെൽജിയം ഒരു ഗോളിന് ലീഡെടുത്തു. ഫിൻലൻഡ് ഗോൾകീപ്പർ ലുക്കാസ് ഹ്രാഡെസ്കിയുടെ സെൽഫ് ഗോളിലൂടെയാണ് ബെൽജിയം മുന്നിൽ കയറിയത്. കോർണർ കിക്കിലൂടെയാണ് ഗോൾ പിറന്നത്. ബോക്സിലേക്കുയർന്നുവന്ന കോർണർ കിക്കിൽ കൃത്യമായി ബെൽജിയത്തിന്റെ വെർമാലെൻ തലവെച്ചു. എന്നാൽ താരത്തിന്റെ ഹെഡ്ഡർ ഫിൻലൻഡ് പോസ്റ്റിൽ തട്ടിത്തെറിച്ചു. നിർഭാഗ്യവശാൽ പന്ത് വന്ന് തട്ടിയത് ഗോൾകീപ്പർ ലൂക്കാസ് ഹ്രാഡെസ്കിയുടെ ദേഹത്താണ്. താരത്തിന്റെ ശരീരത്തിൽ തട്ടി പന്ത് വലയിലെത്തി. ഇത് ലക്ഷപ്പെടുത്താൻ ഹ്രാഡെസ്കി ശ്രമിച്ചെങ്കിലും പന്ത് ഗോൾവര കടന്നു. ഒരു ഗോൾ വീണതോടെ ഫിൻലൻഡ് പ്രതിരോധത്തിന്റെ കെട്ടുറപ്പ് തകർന്നു. പിന്നാലെ 81-ാം മിനിട്ടിൽ ബെൽജിയം രണ്ടാം ഗോൾ നേടി. ഇത്തവണ റൊമേലു ലുക്കാക്കുവാണ് ഗോൾ നേടിയത്.

RELATED ARTICLES

Leave a Reply

- Advertisment -

Most Popular

Recent Comments