ഗ്രൂപ്പ് ഡി യിലെ അവസാന മത്സരത്തിൽ തകർപ്പൻ ഫോമിലേക്കുയർന്ന് സ്കോട്ലൻഡിനെ തകർത്ത് ക്രൊയേഷ്യ യൂറോ കപ്പിന്റെ പ്രീ ക്വാർട്ടറിൽ പ്രവേശിച്ചു. ഒന്നിനെതിരേ മൂന്നുഗോളുകൾക്കാണ് ടീമിന്റെ വിജയം. മത്സരം തുടങ്ങുന്നതിന് മുൻപ് വരെ മൂന്നാം സ്ഥാനത്തായിരുന്ന ക്രൊയേഷ്യ മൂന്നു ഗോളുകൾ നേടിയതിന്റെ ബലത്തിലാണ് പ്രീ ക്വാർട്ടർ ബർത്തുറപ്പിച്ചത്. ഇതോടെ മൂന്നു മത്സരങ്ങളിൽ നിന്നും ഒരു വിജയവും ഒരു സമനിലയും ഒരു തോൽവിയും നേടിയ ക്രൊയേഷ്യ നാല് പോയന്റ് നേടി. ചെക്ക് റിപ്പബ്ലിക്കിനും ഇതേ പോയന്റാണെങ്കിലും ഗോൾ വ്യത്യാസത്തിന്റെ മികവിൽ ക്രൊയേഷ്യ അവസാന 16-ൽ എത്തി. ചെക്ക് റിപ്പബ്ലിക്കിന്റെ പ്രീക്വാർട്ടർ സാധ്യതകൾ അവസാനിച്ചിട്ടില്ല. സ്കോട്ലൻഡ് യൂറോകപ്പിൽ നിന്നും പുറത്തായി. മത്സരം തുടങ്ങിയപ്പോൾ തൊട്ട് വിജയത്തിനായി ആക്രമിച്ച് കളിച്ച ക്രൊയേഷ്യയ്ക്കായി 17-ാം മിനിട്ടിൽ നിക്കോള വ്ലാസിച്ച് ലീഡ് സമ്മാനിച്ചു. ബോക്സിനുള്ളിൽ നിന്നും പന്ത് സ്വീകരിച്ച വ്ലാസിച്ച് കൃത്യമായി ലക്ഷ്യം കണ്ടു. എന്നാൽ ക്രൊയേഷ്യയെ ഞെട്ടിച്ചുകൊണ്ട് സ്കോട്ലൻഡ് 42-ാം മിനിട്ടിൽ സമനില ഗോൾ കണ്ടെത്തി. ഒരു തകർപ്പൻ ലോങ്റേഞ്ചറിലൂടെ കാലം മക്ഗ്രിഗോറാണ് ടീമിനായി ഗോൾ നേടിയത്. ഇതോടെ ആദ്യ പകുതിയിൽ ഇരുടീമുകളും 1-1 എന്ന സ്കോറിൽ സമനില പാലിച്ചു. രണ്ടാം പകുതിയിൽ ലോകോത്തര നിലവാരമുള്ള പ്രകടനമാണ് ലോകകപ്പ് റണ്ണേഴ്സ് അപ്പായ ക്രൊയേഷ്യ പുറത്തെടുത്തത്. 62-ാം മിനിട്ടിൽ സ്കോർ ചെയ്ത് നായകൻ ലൂക്ക മോഡ്രിച്ച് ടീമിന് മത്സരത്തിൽ ലീഡ് സമ്മാനിച്ചു. ബോക്സിന് പുറത്തുനിന്നും മോഡ്രിച്ചിന്റെ വെടിയുണ്ട പോലെയുളള അതിവേഗ കിക്ക് സ്കോട്ലൻഡ് വലയിൽ തറച്ചുകയറി. ടൂർണമെന്റിലെ ഏറ്റവും മികച്ച ഗോളുകളിലൊന്നാണിത്. പിന്നാലെ 77-ാം മിനിട്ടിൽ ഇവാൻ പെരിസിച്ച് കൂടി ലക്ഷ്യം കണ്ടതോടെ ക്രൊയേഷ്യ പ്രീ ക്വാർട്ടർ ബർത്ത് ഉറപ്പിച്ചു. കോർണർ കിക്കിന് കൃത്യമായി തലവെച്ച പെരിസിച്ച് മികച്ച ഒരു ഹെഡ്ഡറിലൂടെ പന്ത് വലയിലെത്തിച്ചു. മോഡ്രിച്ചാണ് കോർണർ കിക്കെടുത്തത്. ഗ്രൂപ്പ് ഇ യിലെ രണ്ടാം സ്ഥാനക്കാരുമായാണ് ക്രൊയേഷ്യ പ്രീ ക്വാർട്ടറിൽ ഏറ്റുമുട്ടുക.