യൂറോ കപ്പ് ഫുട്‌ബോള്‍ ക്വാര്‍ട്ടര്‍ ഫൈനല്‍ മത്സരങ്ങള്‍ക്ക് ഇന്നു തുടക്കമാകും.
വൈകിട്ട് 9.30 മുതല്‍ നടക്കുന്ന മത്സരത്തില്‍ സ്വിറ്റ്‌സര്‍ലന്‍ഡ് മുന്‍ ചാമ്പ്യന്‍ സ്‌പെയിനെയും രാത്രി 12.30 മുതല്‍ നടക്കുന്ന മത്സരത്തില്‍ ലോക ഒന്നാം നമ്പര്‍ ബെല്‍ജിയും മുന്‍ ലോക ചാമ്പ്യന്‍ ഇറ്റലിയെ നേരിടും. പ്രീ ക്വാര്‍ട്ടറില്‍ നിലവിലെ ലോക ചാമ്പ്യന്‍ ഫ്രാന്‍സിനെ അട്ടിമറിച്ചാണു സ്വിറ്റ്‌സര്‍ലന്‍ഡിന്റെ വരവ്. <
യൂറോ കപ്പില്‍ ആദ്യമായാണ് സ്‌പെയിന്‍ സ്വിറ്റ്‌സര്‍ലന്‍ഡിനെ നേരിടുന്നത്. മൂന്ന് ലോകകപ്പുകളില്‍ അവര്‍ പരസ്‌പരം ഏറ്റുമുട്ടി. 1966, 1994, 2010 ലോകകപ്പുകളിലായിരുന്നു മത്സരം. 2010 ല്‍ ജയം സ്വിസ് പടയ്‌ക്കൊപ്പമായി.
സ്വിറ്റ്‌സര്‍ലന്‍ഡിനെതിരേ നടന്ന കഴിഞ്ഞ 22 മത്സരങ്ങളില്‍ സ്‌പെയിന്‍ നേരിട്ട ഏക തോല്‍വിയും അതായിരുന്നു. കഴിഞ്ഞ എട്ടു മത്സരങ്ങളിലെ കണക്കെടുത്താല്‍ നാലു മത്സരങ്ങള്‍ ജയിച്ച സ്‌പെയിനാണു മുന്‍തൂക്കം. മൂന്ന് മത്സരങ്ങള്‍ സമനിലയില്‍ അവസാനിച്ചു. മ്യൂണിക്കിലെ അലിയന്‍സ് അരീനയില്‍ നടക്കുന്ന ഇറ്റലിയും ബെല്‍ജിയവും തമ്മിലുള്ള മത്സരം അപ്രവചനീയമാണ്.
ഓസ്‌ട്രിയയെ ഒന്നിനെതിരേ രണ്ട് ഗോളുകള്‍ക്കു തോല്‍പ്പിച്ചാണ് യൂറോ കപ്പ് ഫുട്‌ബോളിന്റെ ക്വാര്‍ട്ടര്‍ ഫൈനലില്‍ കടന്നത്. മുന്‍ ചാമ്പ്യന്‍ ജര്‍മനിയെ 2-0 ത്തിനാണു ബെല്‍ജിയം തറപറ്റിച്ചത്‌്. 168 മിനിറ്റുകള്‍ക്കു ശേഷമാണ് ഇറ്റലിയുടെ വലകുലുങ്ങിയെന്ന പ്രത്യേകതയും പ്രീ ക്വാര്‍ട്ടറിലുണ്ടായി. തുടര്‍ച്ചയായി 31-മത്തെ മത്സരത്തിലാണ് റോബര്‍ട്ടോ മാഞ്ചീനിയുടെ ശിഷ്യന്‍മാര്‍ തോല്‍ക്കാതെ മടങ്ങൂന്നത്. ഇത് അവരുടെ ദേശീയ റെക്കോഡ് കൂടിയാണ്. 82 വര്‍ഷത്തെ ചരിത്രത്തില്‍ ആദ്യമായാണ് അസൂറികള്‍ ഇത്രയും മത്സരങ്ങള്‍ തോല്‍വിയറിയാതെ പിന്നിട്ടത്. ഇറ്റലിയും ബെല്‍ജിയവും തമ്മില്‍ ആകെ 11 മത്സരങ്ങളില്‍ ഏറ്റുമുട്ടി. നാലു മത്സരങ്ങള്‍ ജയിച്ച ഇറ്റലിക്കു നേരിയ മുന്‍തൂക്കമുണ്ട്. മൂന്ന് മത്സരങ്ങള്‍ ജയിച്ച ബെല്‍ജിയവും ഒട്ടും പിന്നിലല്ല. നാലു മത്സരങ്ങള്‍ സമനിലയില്‍ അവസാനിച്ചു. അവസാന അഞ്ച് മത്സരങ്ങളില്‍ മൂന്നില്‍ ഇറ്റലിയും രണ്ടില്‍ ബെല്‍ജിയവും ജയിച്ചു.
2000 ജൂണ്‍ 14 നു നടന്ന മത്സരത്തില്‍ ഇറ്റലി 2-0 ത്തിനു ജയിച്ചു. ഒരു പ്രധാന ടൂര്‍ണമെന്റില്‍ ഇരുവരും ഏറ്റുമുട്ടുന്നത് അഞ്ചാം തവണയാണ്. എല്ലാം ഗ്രൂപ്പ് ഘട്ടത്തിലായിരുന്നു എന്നു മാത്രം. 1954 ലെ ലോകകപ്പ്, 1980, 2000, 2016 യൂറോ കപ്പ് എന്നിവയിലും ഇറ്റലിയും ബെല്‍ജിയവും തമ്മില്‍ ഏറ്റുമുട്ടി. ഇറ്റലി അവിടെയും അപരാജിതരായി (മൂന്ന് ജയം, ഒരു സമനില). ഇറ്റലിയെ കൂടാതെ ജര്‍മനി, ഫ്രാന്‍സ് എന്നിവര്‍ക്കെതിരേയും ബെല്‍ജിയം നാലു മത്സരങ്ങളില്‍ ജയിക്കാതെ മടങ്ങി.
തുടര്‍ച്ചയായി നാലാം തവണയാണ് ഇറ്റലി യൂറോ ക്വാര്‍ട്ടറില്‍ കളിക്കുന്നത്. മൂന്നു വട്ടവും അവര്‍ പെനാല്‍റ്റി ഷൂട്ടൗട്ട് നേരിട്ടു. 2008 ല്‍ സ്‌പെയിനും 2016 ല്‍ ജര്‍മനിയും അവരെ തുരത്തി. 2012 ല്‍ ഇംഗ്ലണ്ടിനെതിരേ ജയിച്ചു. 2016 സെപ്‌റ്റംബറില്‍ റോബര്‍ട്ടോ മാര്‍ട്ടിനസ് കോച്ചായി ചുമതലയേറ്റ ശേഷം ബെല്‍ജിയം 47 മത്സരങ്ങള്‍ ജയിക്കുകയും 175 ഗോളുകളടിക്കുകയും ചെയ്‌തു.