കൊച്ചി: പാലാരിവട്ടം പാലം അഴിമതി കേസിൽ വീട്ടിലെ പരിശോധനയ്ക്കു ശേഷം വിജിലന്‍സിന്റെ ഒരു സംഘം ഇബ്രാഹിംകുഞ്ഞിനെ കണ്ടെത്താനായി ആശുപ്രതിയിലെത്തി. ഇവര്‍ ഡോക്ടര്‍മാരുമായി സംസാരിക്കുകയാണ്. ഇബ്രാഹികുഞ്ഞിനെ തീവ്രപരിചരണ വിഭാഗത്തിലേക്കു മാറ്റുമെന്നാണു സൂചന.

ഇബ്രാഹിം കുഞ്ഞിനെ അറസ്റ്റ് ചെയ്യാൻ ലക്ഷ്യമിട്ടാണ് വിജിലൻസ് സംഘം വീട്ടിലെത്തിയതെന്നാണ് സൂചന. തിരുവനന്തപുരത്തുനിന്നുള്ള വിജിലന്‍സ് സംഘമാണ് ഇബ്രാഹിം കുഞ്ഞിന്റെ ആലുവയിലെ വീട്ടിലെത്തിയത്. പരിശോധനയ്ക്കു ശേഷം ഒരു സംഘം വീട്ടില്‍നിന്നു മടങ്ങി.
ഇബ്രാഹിം കുഞ്ഞ് ആശുപത്രിയിൽ ചികിത്സയിലാണെന്നാണ് ഭാര്യ വിജിലൻസിനെ അറിയിച്ചത്. ഇബ്രാഹിം കുഞ്ഞ് ഇന്നലെ രാത്രി മുതല്‍ കൊച്ചിയിലെ ആശുപത്രിയിലാണ്. വനിതാ പൊലീസ് സംഘവും വീട്ടിലെത്തയിരുന്നു.
വീട്ടില്‍ ഭാര്യമാത്രമാണെന്ന് അറിയിച്ചതിനെ തുടര്‍ന്നാണ് വനിതാ പൊലീസിനെ വിജിലന്‍സ് സംഘം വിളിച്ചു വരുത്തിയത്. ഇബ്രാഹിം കുഞ്ഞ് വീട്ടിലില്ലെന്നു പറഞ്ഞതു വിശ്വസിക്കാതെ വീടു പരിശോധിക്കാനാണ് വനിതാ പൊലീസിനെ എത്തിച്ചത്.
പാലാരിവട്ടം പാലം നിർമാണത്തിന് മുൻകൂർ പണം നൽകിയത് ആർബിഡിസികെയുടെ അന്നത്തെ എംഡിയുടെ ശുപാർശയിൽ മന്ത്രിയുടെ ഉത്തരവിൻമേലാണെന്ന് പാലം നിർമാണ അഴിമതിക്കേസിൽ അറസ്റ്റിലായ പൊതുമരാമത്ത് മുൻ സെക്രട്ടറി ടി.ഒ സൂരജ് വെളിപ്പെടുത്തിയത്.
ഇതിന്റെ അടിസ്ഥാനത്തിലാണ് ഇബ്രാഹിംകുഞ്ഞിനെ വിജിലൻസ് പ്രതി ചേർത്തത്. ഫെബ്രുവരിയിൽ മൂന്നു വട്ടം വിജിലൻസ് ഇബ്രാഹിംകുഞ്ഞിനെ ചോദ്യം ചെയ്തിരുന്നു,
