Pravasimalayaly

എസ് രാജേന്ദ്രനെ സി പി ഐഎമ്മില്‍ നിന്ന് ഒരു വര്‍ഷത്തേക്ക് പുറത്താക്കി

ദേവികുളം മുന്‍ എംഎല്‍എ എസ് രാജേന്ദ്രനെ സി പി ഐഎമ്മില്‍ നിന്ന് പുറത്താക്കി. ഒരു വര്‍ഷത്തേക്കാണ് നടപടി. രാജേന്ദ്രനെതിരായ നടപടി ശുപാര്‍ശക്ക് പാര്‍ട്ടിയുടെ സംസ്ഥാന സെക്രട്ടറിയേറ്റ് അംഗീകാരം നല്‍കുകയായിരുന്നു. നിയമസഭാ തെരഞ്ഞെടുപ്പില്‍ ദേവികുളം മണ്ഡലത്തില്‍ നിന്ന് എല്‍ ഡി എഫ് സ്ഥാനാര്‍ഥിയായി മത്സരിച്ച എ രാജയെ പരാജയപ്പെടുത്താന്‍ രാജേന്ദ്രന്‍ ശ്രമിച്ചു എന്ന് അന്വേഷണ കമ്മീഷന്‍ കണ്ടെത്തിയിരുന്നു. ഇതിനെത്തുടര്‍ന്നാണ് നടപടി.

സസ്‌പെന്‍ഷന്‍ നടപടികളുമായി പാര്‍ട്ടി മുന്നോട്ടു പോകട്ടേയെന്നും കൂടുതലൊന്നും പറയാനില്ലെന്നുമാണ് എസ് രാജേന്ദ്രന്‍ പ്രതികരിച്ചത്. ജൂലൈ മാസത്തില്‍ പാര്‍ട്ടി പ്രവര്‍ത്തനം അവസാനിപ്പിച്ചതാണ്. പാര്‍ട്ടി തന്റെ കാര്യത്തില്‍ സ്വീകരിച്ച സമീപനം നീതിബോധത്തിന്റെ അടിസ്ഥാനത്തിലല്ല എന്ന് തനിക്ക് ഉത്തരമബോധ്യമുണ്ടെന്നും രാജേന്ദ്രന്‍ പറഞ്ഞു. ഏതെങ്കിലും ജാതിയുടെ അടിസ്ഥാനത്തില്‍ അറിയപ്പെടാനും പാര്‍ട്ടിയില്‍ പ്രവര്‍ത്തിക്കാനും തനിക്ക് താല്‍പര്യമില്ലെന്നും അദ്ദേഹം വ്യക്തമാക്കി. പാര്‍ട്ടിയില്‍ 40 വര്‍ഷത്തിലേറെയായി പ്രവര്‍ത്തിക്കുന്നു. പാര്‍ട്ടിയുടെ ആശയ അടിത്തറയിലൂന്നിയാകും ഇനിയും തന്റെ ജീവിതമെന്നും അദ്ദേഹം പറഞ്ഞു.

എസ് രാജേന്ദ്രനെ പാര്‍ട്ടിയില്‍ നിന്ന് സസ്‌പെന്‍ഡ് ചെയ്തതുമായി ബന്ധപ്പെട്ട അറിയിപ്പ് ഏരിയ കമ്മിറ്റിക്ക് നല്‍കിയിട്ടുണ്ട്. രാജയെ പരാജയപ്പെടുത്താന്‍ ശ്രമിച്ചത് ചൂണ്ടിക്കാട്ടി രാജേന്ദ്രനെതിരെ സി പി ഐ എം ഏരിയ സമ്മേളനത്തിലും ജില്ലാ സമ്മേളനത്തിലും വലിയ രീതിയിലുള്ള വിമര്‍ശനങ്ങള്‍ ഉയര്‍ന്നിരുന്നു.

Exit mobile version