വിൽസൺ പുന്നോലി
എക്സിറ്റർ: ഒരു നീണ്ട ഇടവേളയ്ക്കു ശേഷം എക്സിറ്റർ മലയാളിയുടെ പൊതു കൂട്ടായ്മയുടെ കേന്ദ്രമായ സെന്റ് ജെയിംസ് ഹാളിൽ പുതു വർഷത്തിൽ പുതിയ സംഘടനയായി അവർ വീണ്ടും ഒത്തു ചേർന്നപ്പോൾ അത് ഒരു പുതിയ ചരിത്രം കൂടി രചിയ്ക്കുകയായിരുന്നു.
കോവിഡ് കേസുകളുടെ എണ്ണം ലോകത്തിലാകമാനം എന്നതു പോലെ ഇംഗ്ലണ്ടിലും ഉയരുമ്പോൾ, കൊറോണ എന്ന കുഞ്ഞൻ വൈറസിനെ ഭയന്നു സ്വഭവനങ്ങളിൽ ഒതുങ്ങി കൂടാതെ, വേണ്ടത്ര മുൻകരുതലുകൾ എടുത്തു കൊണ്ടു അവയെ പ്രതിരോധിക്കാൻ എക്സിറ്റർ കേരള കമ്മ്യൂണിറ്റി (ഇകെസി) നേതൃത്വം എടുത്ത ധീരമായ തീരുമാനത്തെ കമ്മ്യൂണിറ്റി അംഗങ്ങളും അതേ അവേശത്തോടും മുൻകരുതലോടും ഏറ്റെടുത്തപ്പോൾ ആവരുടെ ആദ്യത്തെ കൂട്ടായ്മ, അംഗബലം കൊണ്ടും പരിപാടികളുടെ എണ്ണവും മികവും കൊണ്ടും വൻ വിജയമായിരുന്നു എന്നതിനു ഒരു സംശയവുമില്ല. മുൻപു നടന്ന കരോളിനും പിന്നീട് നടന്ന ക്രിസ്തുമസ് പുതുവർഷ ആലോഷങ്ങൾക്കും ശേഷവും ഒരംഗത്തിനെ പോലും കുഞ്ഞൻ വൈറസിനു തോല്പിക്കാൻ കഴിഞ്ഞില്ല എന്നത് അംഗങ്ങളുടെ ആത്മധൈര്യത്തിന്റെയും കൃത്യമായ സുരക്ഷാ ഒരുക്കത്തിന്റെയും വിജയം കൂടിയായി അവർ കാണുന്നു.
മുൻ കാലങ്ങളിൽ നിന്നും വ്യതസ്തമായ നാലു മണിക്ക് ആരംഭിച്ച് കൃത്യമായ സമയകൃമം പാലിച്ചു കൊണ്ട് ഏതാണ്ട് പതിനൊന്നു മണി വരെ അംഗങ്ങളുടെ മാത്രം പരിപാടികൾ അവതരിപ്പിച്ചു കൊണ്ട് വളരെ വിഭവ സമൃദ്ധമായ ഒരു കലാസദ്യ പുതുവർഷ ദിനത്തിൽ അംഗങ്ങൾക്കായി ഒരുക്കാവാൻ സാധിച്ചു എന്നത് ഇകെസി നേതൃത്വത്തിന്റെ കൂട്ടായ പ്രവർത്തനമാണെങ്കിലും അതിനു ചുക്കാൻ പിടിച്ച കമ്മറ്റി ട്രഷറർ ബിനോയ് പോളിനും വൈസ് പ്രസിഡന്റ് ഷൈനി പോളിനും ജോയ്ന്റ് സെക്രട്ടറി അമൃതാ ജെയംസിനും മീഡിയ കോർഡിനേറ്റർ സെബാസ്റ്റ്യൻ സ്കറിയ്ക്കും കുട്ടികളെ പരിശീലിപ്പിച്ച അലീന പോൾ പാലാട്ടിക്കും അവരുടെ പ്രിയ ഡാൻസ് ടീച്ചർ മാധുരി രാജേഷിനും തീർച്ചയായും അഭിമാനിക്കാം. കൂടാതെ ആദ്യാവസാനം ശബ്ദ – വെളിച്ച ക്രമീകരണങ്ങൾ വളരെ ആസ്വാദകരമായ രീതിയിൽ സമന്വയിപ്പിക്കാൻ സാധിച്ച പീറ്റർ ജോസഫിന്റെ കഴിവിനെ എടുത്തു പറയേണ്ടതു തന്നെ.

കിസ്തുമസ്സ് പാപ്പയെ സ്ഥീകരിച്ചതിനു ശേഷം, പ്രസിഡന്റ് രാജേഷ് നായരുടെ അധ്യക്ഷതയിൽ ചേർന്ന ആലോഷ പരിപാടി ചെയർമാൻ കുര്യൻ ചാക്കോ (ബൈജു) ഉദ്ഘാടനം ചെയ്യുകയുണ്ടായി. കോവിഡ് മഹാമാരിയുടെ കാലത്താണ് സംഘടന ആരംഭിച്ചതെങ്കിലും വിഷമ കാലഘട്ടത്തിൽ അംഗങ്ങൾക്ക് കൈത്താങ്ങ് നിന്നതിനൊപ്പം സ്പോർട്സ് ഡേയും കരോളും പുതുവർഷാഘോഷവും അടക്കമുള്ള ഒരോ കൂട്ടായ്മയും വിജയകരമാക്കുന്ന കമ്മറ്റി അംഗങ്ങളുടെ പ്രവർത്തന മികവിനെ അഭിമാനപൂർവ്വം അനുസ്മരിക്കുകയും കമ്യൂണിറ്റി അംഗങ്ങളുടെ ആത്മാർത്ഥതയോടും ഐക്യത്തോടുമുള്ള സഹകരണത്തിന് പ്രത്യേകം നന്ദി പറയുകയും ചെയ്യതു.

അധ്യക്ഷ പ്രസംഗത്തിൽ സംഘടനാ പ്രവർത്തനങ്ങൾ വിവരിച്ച ഘട്ടത്തിൽ ഇകെസിയുടെ ആരംഭ ഘട്ടത്തിൽ അംഗങ്ങളെ ഒരുമയോടും പരസ്പര സഹകരണത്തോടും ഒപ്പം എക്സിറ്റർ മലയാളി സമൂഹത്തെ സമാധാനത്തിലും ഐക്യത്തിലും നയിക്കുന്നതിൽ ചെയർമാൻ എന്നതിലുപരി അവരുടെ പ്രിയ ബൈജു ചേട്ടൻ നടത്തിയ ക്രിയാത്മകമായ ഇടപ്പെടലുകളെ രാജേഷ് നായർ നന്ദിയോടെ എടുത്തു പറഞ്ഞു.
രണ്ടു വർഷം കൊണ്ട് ഇകെസിക്ക് ശക്തമായ അടിത്തറ ഒരുക്കിയതിനു ശേഷം പ്രഥമ ചെയർമാൻ സ്ഥാനമൊഴിഞ്ഞ പദവിയിലേക്ക് തികച്ചും ആരോഗ്യഹരവും സൗഹൃദവുമായ അന്തരീക്ഷത്തിൽ നടന്ന മത്സരത്തിൽ അടുത്ത രണ്ടു വർഷത്തേയ്ക്കുള്ള ചെയർമാനായി ബാബു ആന്റണി തെരെഞ്ഞെടുക്കപ്പെടുകയുണ്ടായി.

ചടങ്ങിൽ സെക്രട്ടറി ജോമോൻ തോമസ് പ്രവർത്തന റിപ്പോർട്ട് അവതരിപ്പിക്കുകയും പൊതുയോഗം അത് പാസ്സാക്കുകയും ചെയ്തു.പിന്നീട്, സെക്രട്ടറി നടത്തിയ തന്റെ കൃതജ്ഞതാ പ്രസംഗത്തിൽ സംഘടനയുടെ എലാവിധ പ്രവർത്തനങ്ങൾക്കും സഹകരിക്കുന്ന മുഴുവൻ അംഗങ്ങൾക്കും അതുപോലെ തന്നെ സ്പോൺസേഴ്സുമാരായി സാമ്പത്തികമായി സഹായിക്കുന്ന വെരിട്ടാസ് എഡുക്കേഷനൽ കൺസട്ടൻസിയ്ക്കും ലോയൽറ്റി ഫിനാഷ്യസിനും കെ. ജോൺ പബ്ലിക് സ്കൂളിനും ഫോട്ടോഗ്രാഫർ നിമ്മി മറിയം എബ്രാഹമിനും കമ്മറ്റിയുടെ പേരിൽ പ്രത്യേകം നന്ദി രേഖപ്പെടുത്തി.
കിസ്തുമസ് ഭവന അലങ്കാര മത്സരത്തിൽ ഔട്ട് ഡോർ വിഭാഗത്തിൽ ഒന്നും രണ്ടും സ്ഥാനത്തിന് ബാബു ആന്റണിയും പ്രിൻസ് ജോസഫും അർഹരായപ്പോൾ കുര്യൻ ചാക്കോയും ബിനോയ് പോളും ഇൻഡോർ വിഭാഗത്തിൽ ഒന്നാം സ്ഥാനം പങ്കെടുകയും ബിജു അന്റണി രണ്ടാം സ്ഥാനം നേടുകയും ചെയ്തു.
