Pravasimalayaly

യുവമോർച്ച സമ്മേളനത്തിൽ രാഹുൽ ദ്രാവിഡ്, വാർത്ത നിഷേധിച്ച് താരം

ന്യൂഡൽഹി: ഹിമാചലിലെ യുവമോർച്ചയുടെ  ദേശീയ പ്രവർത്തക സമിതി സമ്മേളനത്തിൽ പങ്കെടുക്കുമെന്ന റിപ്പോര്‍ട്ട് തള്ളി ഇന്ത്യന്‍ ക്രിക്കറ്റ് ടീം മുഖ്യ പരിശീലകന്‍ രാഹുല്‍ ദ്രാവിഡ്.  ബിജെപി വാദം തെറ്റെന്ന് മാധ്യമങ്ങളെ അറിയിക്കാന്‍ ബിസിസിഐ മീഡിയ മാനേജറെ ദ്രാവിഡ് ചുമതലപ്പെടുത്തി.

അടുത്ത ഞായറാഴ്ച ആരംഭിക്കുന്ന യുവമോര്‍ച്ച സമ്മേളനത്തിൽ ദ്രാവിഡും ബിജെപി ദേശീയ അധ്യക്ഷൻ ജെ പി നദ്ദയും പങ്കെടുക്കുമെന്ന് ബിജെപി എംഎൽഎ വിശാൽ നഹേറിയയാണ് മാധ്യമങ്ങളോട് പറഞ്ഞത്. ഈ വര്‍ഷം തെരഞ്ഞെടുപ്പ് നടക്കുന്ന ഹിമാചലിൽ  ദ്രാവിഡിന്‍റെ സാന്നിധ്യം  യുവാക്കള്‍ക്ക് സന്ദേശമാകുമെന്നും വിശാൽ നഹേറിയ പറഞ്ഞു. 

എന്നാൽ ബിജെപി നേതാവിന്റെ പ്രസ്താവന രാഹുൽ തള്ളി. മെയ് 12 മുതൽ 15 വരെ ഹിമാചൽ പ്രദേശിൽ നടക്കുന്ന യോഗത്തിൽ ഞാൻ പങ്കെടുക്കുമെന്ന് ഒരു വിഭാഗം മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. പ്രസ്തുത റിപ്പോർട്ട് വസ്തുതാ വിരുദ്ധമാണെന്നും താൻ പങ്കെടുക്കില്ലെന്നും  ദ്രാവിഡ് എഎൻഐയോട് പറഞ്ഞു.

മെയ് 12 മുതൽ മെയ് 15 വരെയാണ് യുവമോർച്ചയുടെ പ്രവർത്തക സമിതി സമ്മേളനം.  നടക്കാനിരിക്കുന്ന ഹിമാചൽ പ്രദേശ് നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായാണ് സമ്മേളനം നടക്കുന്നത്. 2017 ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ ബിജെപി 44 സീറ്റുകൾ നേടി അധികാരത്തിലെത്തിയികുന്നു.  കോൺഗ്രസിന് 21 സീറ്റാണ് നേടിയത്.

ഇതുവരെ രാഷ്ട്രീയ പാർട്ടികളുടെ വേദിയിൽ എത്തുകയോ പരസ്യമായ രാഷ്ട്രീയ നിലപാട് പ്രഖ്യാപിക്കുകയോ ചെയ്യാത്തയാളാണ് രാ​ഹുൽ ദ്രാവിഡ്. കഴിഞ്ഞ ദിവസം കേന്ദ്ര മന്ത്രി അമിത് ഷാക്ക് ബിസിസിഐ പ്രസിഡന്റ് സൗരവ് ​ഗാം​ഗുലി വീട്ടിൽ വിരുന്നൊരുക്കിയത് ചർച്ചയായിരുന്നു. 

Exit mobile version