.
കെഎസ്ആര്‍ടിസി ശമ്പള പ്രതിസന്ധിയില്‍ ഗതാഗത മന്ത്രി ആന്റണി രാജുവും തൊഴിലാളി സംഘടനകളുമായുള്ള തര്‍ക്കം തുടരുന്നതിനിടെ, തൊഴിലാളി സംഘടനകളുടെ പേരില്‍ വ്യാജ പ്രചാരണം. കെ ബി ഗണേഷ് കുമാര്‍ എംഎല്‍എയെ ഗതാഗത മന്ത്രിയായി നിയമിക്കണം എന്നാവശ്യപ്പെട്ട് തൊഴിലാളി സംഘടനകള്‍ ഇറക്കിയ പോസ്റ്റര്‍ എന്ന നിലയിലാണ് സാമൂഹ്യ മാധ്യമങ്ങളില്‍ വ്യാജ പ്രചാരണം നടക്കുന്നത്. ഈ പോസ്റ്ററുകള്‍ തള്ളി തൊഴിലാളി സംഘടനകള്‍ രംഗത്തെത്തി.
ടിഡിഎഫ്, എഐടിയുസി, ബിഎംഎസ്, സിഐടിയു എന്നീ സംഘടകളുടെ പേരിലാണ് പോസ്റ്റര്‍ പ്രത്യക്ഷപ്പെട്ടത്. ‘തൊഴിലാളി വഞ്ചക സര്‍ക്കാര്‍ തുലയട്ടേ,പിണറായി സര്‍ക്കാര്‍ തുലയട്ടേ, സിഎംഡി ബിജു പ്രഭാകറിനെ പിരിച്ചുവിടുക, ടോമിന്‍ തച്ചങ്കരിയെ കെഎസ്ആര്‍ടിസി സിഎംഡിയായി നിമയിക്കുക’ തുടങ്ങിയ മുദ്രാവാക്യങ്ങളും പോസ്റ്ററില്‍ ചേര്‍ത്തിട്ടുണ്ട്. തങ്ങള്‍ ഇത്തരമൊരു പോസ്റ്റര്‍ ഇറക്കിയിട്ടില്ലെന്ന് എഐടിയുസി അറിയിച്ചു. സിഐടിയുവും ടിഡിഎഫും ഇക്കാര്യം നിഷേധിച്ചിട്ടുണ്ട്.
അതേസമയം, തൊഴിലാളി സംഘടനകളും ഗതാഗത മന്ത്രി ആന്റണി രാജുവും തമ്മിലുള്ള പോര് തുടരുകയാണ്. പണിമുടക്കിയ സംഘടനകള്‍ക്ക് എതിരെ ബുധനാഴ്ചയും മന്ത്രി രംഗത്തെത്തി. സര്‍ക്കാരിന്റെ ഉറപ്പ് വിശ്വസിക്കാതെ പണിമുടക്കിയവര്‍ തന്നെ പ്രശ്‌നം പരിഹരിക്കണം. സര്‍ക്കാരിനെ മുള്‍മുനയില്‍ നിര്‍ത്തി നേട്ടമുണ്ടാക്കേണ്ടെന്ന് ആരും കരുതേണ്ടെന്നും അദ്ദേഹം പറഞ്ഞു.
എന്നാല്‍ മന്ത്രിക്ക് ജനങ്ങളെ പറ്റിക്കാമെന്നും തൊഴിലാളികളെ പറ്റിക്കാന്‍ കഴിയില്ലെന്നും കെഎസ്ടിഇയു (എഐടിയുസി) വര്‍ക്കിംഗ് പ്രസിഡന്റ് എം. ശിവകുമാര്‍ പറഞ്ഞു. തൊഴിലാളികള്‍ പണിമുടക്കിയപ്പോള്‍ 3 ദിവസത്തെ വരുമാന നഷ്ടം ഉണ്ടായെന്ന് പ്രചരിപ്പിച്ച മന്ത്രി മെയ് മാസത്തെ കളക്ഷനും ഓടിയ കിലോമീറ്ററും എത്രയാണെന്ന് വ്യക്തമാക്കണം. ഈ മാസത്തെ കെഎസ്ആര്‍ടിസി വരുമാനത്തിന്റെ കണക്ക് ഉള്‍പ്പടെ നിരത്തിയാണ് എം ശിവകുമാര്‍ മന്ത്രിക്കെതിരെ രംഗത്തെത്തിയത്.