Pravasimalayaly

‘സാറൊന്നും പറയണ്ട, ഞങ്ങള്‍ സര്‍ക്കാരിനൊപ്പം’; സില്‍വര്‍ ലൈന്‍ വിരുദ്ധ യാത്രയില്‍ അമളി പറ്റി വി മുരളീധരന്‍

തിരുവനന്തപുരം: കേന്ദ്ര മന്ത്രി വി മുരളീധരന് മുന്നില്‍ സില്‍വര്‍ ലൈന്‍ അനുകൂല മുദ്രാവാക്യങ്ങള്‍ മുഴക്കി ഒരു കുടുംബം. സില്‍വര്‍ ലൈന്‍ കടന്നുപോകുന്ന വീട്ടുകാരുടെ ആശങ്കകള്‍ നേരിട്ട് അറിയുന്നതിനായി ബിജെപി സംഘടിപ്പിച്ച സില്‍വര്‍ ലൈന്‍ വിരുദ്ധ പ്രതിരോധ യാത്രക്കിടെ കഴക്കൂട്ടത്താണ് സംഭവം. സിപിഎം കൗണ്‍സിലറുടെ വീട്ടിലെത്തിയപ്പോള്‍ മുരളീധരനെ എതിരേറ്റത് മുഖ്യമന്ത്രി പിണറായി വിജയന് അനുകൂലമായുള്ള മുദ്രാവാക്യം വിളികളായിരുന്നു.

കഴക്കൂട്ടത്തെ സിപിഎം വാര്‍ഡ് കൗണ്‍സിലര്‍ എല്‍എസ് കവിതയുടെ വീട്ടിലെത്തിയപ്പോഴാണ് മന്ത്രിക്ക് നേരെ സില്‍വര്‍ ലൈന്‍ അനുകൂല മുദ്രാവാക്യവുമായി കുടുംബം രംഗത്തെത്തിയത്. കൗണ്‍സിലറുടെ അച്ഛനും അമ്മയുമാണ് മുരളീധരന്‍ എത്തിയപ്പോള്‍ അനുകൂല മുദ്രാവാക്യവുമായി വീടിന്റെ വരാന്തയില്‍ വന്നത്.

ഇരുവരും സില്‍വര്‍ ലൈന്‍ വേണമെന്നും പദ്ധതിക്കായി തങ്ങളുടെ സ്ഥലം വിട്ടുകൊടുക്കുമെന്നും വ്യക്തമാക്കി.മംഗലപുരത്തിനും മേനംകുളത്തിനും ഇടയിലുള്ള പദ്ധതി കടന്നു പോകുന്ന കുടുംബങ്ങളെ കാണാനായിരുന്നു മന്ത്രിയും ബിജെപി പ്രതിനിധികളും എത്തിയത്. രണ്ടാമത്തെ വീടായിരുന്നു കൗണ്‍സിലറുടേത്. പിണറായി വിജയന് സിന്ദാബാദ് വിളിച്ചാണ് കുടുംബം ഇവരെ വരവേറ്റത്.

പദ്ധതിക്കായി തങ്ങളുടെ അര സെന്റ് ഭൂമിയാണ് നഷ്ടപ്പെടുന്നതെന്ന് കുടുംബം പറഞ്ഞു. ഇത് വിട്ടുകൊടുക്കാന്‍ ഒരുക്കമാണെന്നും അവര്‍ മന്ത്രിയോട് വ്യക്തമാക്കി. എല്ലാവരുടേയും വാക്കുകള്‍ കേള്‍ക്കാനാണ് താന്‍ എത്തിയതെന്ന് മന്ത്രി വീട്ടുകാരോട് പറഞ്ഞു. എന്നാല്‍ തങ്ങള്‍ ഈ പദ്ധതിക്ക് അനുകൂലമാണെന്ന് കുടുംബം വ്യക്തമാക്കി.

തങ്ങള്‍ സര്‍ക്കാരിനൊപ്പമാണെന്നും, സാറൊന്നും ഇങ്ങോട്ടു പറയണ്ടെന്നും കുടുംബം വ്യക്തമാക്കികുടുംബത്തിന്റെ പ്രതികരണത്തെ സംബന്ധിച്ച് മന്ത്രി പറഞ്ഞത് സിപിഎം കൗണ്‍സിലറുടെ വീട്ടില്‍ നിന്ന് ഇത്തരമൊരു പ്രതികരണമല്ലേ ഉണ്ടാവു എന്നായിരുന്നു. കൗണ്‍സിലറുടെ വീട്ടില്‍ കയറിയത് സിപിഎമ്മിന്റെ നിലപാട് തുറന്നു കാട്ടാനായിരുന്നു എന്നും അദ്ദേഹം പറഞ്ഞു.

Exit mobile version