Monday, November 25, 2024
HomeNewsകർഷക സമരത്തിന് പിന്തുണയുമായി കേരളത്തിൽ നിന്ന് 1000 വോ ളണ്ടിയർമാർ

കർഷക സമരത്തിന് പിന്തുണയുമായി കേരളത്തിൽ നിന്ന് 1000 വോ ളണ്ടിയർമാർ

തിരുവനന്തപുരം
എൻഡിഎ സർക്കാരിന്റെ കർഷകദ്രോഹ നയങ്ങൾക്കെതിരെ അതിശൈത്യത്തെയും വകവയ്ക്കാതെ ഡൽഹിയിൽ തുടരുന്ന കർഷകസമരത്തിന്‌ കരുത്തേകാൻ സംസ്ഥാനത്തുനിന്നുള്ള കർഷകരും. 1000 കർഷക വളന്റിയർമാർ ഡൽഹി അതിർത്തിയിലെ ഷാജഹാൻപുരിൽ സമരത്തിൽ അണിചേരുമെന്ന്‌ കേരള കർഷക സംഘം സംസ്ഥാന സെക്രട്ടറി കെ എൻ ബാലാഗോപാൽ വാർത്താസമ്മേളനത്തിൽ പറഞ്ഞു. 500 പേരടങ്ങുന്ന ആദ്യ സംഘം 11ന്‌ കണ്ണൂരിൽനിന്ന്‌ ബസ്സിൽ യാത്ര തിരിക്കും. വിവിധ ജില്ലകളിൽനിന്നുള്ള വളന്റിയർമാർ ഉണ്ടാകും. സിപിഐ എം പൊളിറ്റ്‌ബ്യൂറോ അംഗവും അഖിലേന്ത്യാ കിസാൻ സഭ വൈസ്‌ പ്രസിഡന്റുമായ എസ്‌ രാമചന്ദ്രൻപിള്ള രാവിലെ ഒമ്പതിന്‌ റാലി ഫ്ലാഗ്‌ ഓഫ്‌ ചെയ്യും. അഞ്ഞൂറുപേർ ഉൾക്കൊള്ളുന്ന രണ്ടാം സംഘം 21ന്‌ യാത്ര തിരിക്കും.
ഏഴാംവട്ട ചർച്ചയിലും കർഷകരുടെ ആവശ്യങ്ങൾ അംഗീകരിക്കാൻ കേന്ദ്ര സർക്കാർ വിസമ്മതിച്ചതിനെ തുടർന്നാണ്‌ സംസ്ഥാനത്തെ കർഷകരെയും ഡൽഹിയിലെ സമരത്തിൽ അണിചേർക്കാൻ തീരുമാനിച്ചത്‌. തെല്ലും പരിചിതമല്ലാത്ത കാലാവസ്ഥയിലും‌ സമരം വിജയകരമായി അവസാനിക്കും വരെ അതിന്റെ ഭാഗമാകും. വഴിയരികിൽ ടെന്റ്‌ കെട്ടി താമസിച്ച്‌ മുഴുവൻ സമയവും സമരത്തിൽ പങ്കാളികളാകും. കർഷകസംഘം സംസ്ഥാന പ്രസിഡന്റ്‌ കെ കെ രാഗേഷ്‌ എംപി, സെക്രട്ടറി എന്നിവർ ഉൾപ്പെടെയുള്ള സംസ്ഥാനതല നേതാക്കളും പങ്കുചേരും. സംസ്ഥാനത്ത്‌ പാളയം രക്തസാക്ഷി മണ്ഡപത്തിലും ജില്ലാ കേന്ദ്രങ്ങളിലും സംയുക്ത കർഷക സമിതി നടത്തുന്ന  പ്രതിഷേധത്തിന്‌ പുറമേയാണ്‌ കർഷകസംഘം ഡൽഹിയിലേക്ക്‌ സംഘടിപ്പിക്കുന്ന കർഷക റാലിയെന്നും ബാലഗോപാൽ പറഞ്ഞു.
കെ കെ രാഗേഷ്‌, സംസ്ഥാന വൈസ്‌ പ്രസിഡന്റ്‌ വി എസ്‌ പത്മകുമാർ എന്നിവരും വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.

RELATED ARTICLES

Leave a Reply

- Advertisment -

Most Popular

Recent Comments