ഈസ്റ്റർ ദിനത്തിൽ ഡൽഹിയിൽ മലയാളികളായ പിതാവും മകനും കോവിഡ് ബാധിച്ച് മരിച്ചു
padmin
ന്യൂഡല്‍ഹി
കൊവിഡ് ബാധിച്ച് മലയാളിയായ പിതാവും മകനും ഡല്‍ഹിയില്‍ ഈസ്റ്റര്‍ ദിനത്തില്‍ മരിച്ചു. എയര്‍ഫോഴ്‌സ് മുന്‍ ഉദ്യോഗസ്ഥന്‍ പത്തനംതിട്ട തൊണ്ടത്തറ തയ്യില്‍ വീട്ടില്‍ പരേതനായ ടി.കെ സാമുവലിന്റെ മകന്‍ ടി.എസ് ചെറിയാന്‍, (73) ചെറിയാന്റെ മകന്‍ നിധിന്‍ ചെറിയാന്‍ (36) എന്നിവരാണ് ഇന്ന് രാവിലെ ഡല്‍ഹി ദില്‍ഷാദ് ഗാര്‍ഡനിലെ താഹിര്‍പൂര്‍ രാജീവ് ഗാന്ധി ഇന്‍സ്റ്റിറ്റ്യൂട്ടില്‍ ചികില്‍സയില്‍ ഇരിക്കെ മരണമടഞ്ഞത്.
മകന്‍ നിധിന്‍ ഇന്നലെ രാത്രി 12 മണിക്കും പിതാവ് രാവിലെ 8 മണിക്കുമാണ് മരിച്ചത്. ടി.എസ് ചെറിയാന്‍ ഡല്‍ഹിയില്‍ ദീര്‍ഘകാലമായി താമസിച്ചുവരികയായിരുന്നു. മുന്‍ ഡല്‍ഹി മുഖ്യമന്ത്രി ഷീല ദീക്ഷിതിന്റെ കാലം മുതല്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകനായിരുന്നു. കിഴക്കന്‍ ഡല്‍ഹിയിലെ ദില്‍ഷാദ് ഗാര്‍ഡന്‍ പ്രദേശത്തെ കോണ്‍ഗ്രസിന്റെ സജീവ പ്രവര്‍ത്തകനായിരുന്നു. ഖാദി ബോര്‍ഡ് അംഗമായും ടി.എസ് ചെറിയാന്‍ പ്രവര്‍ത്തിച്ചിരുന്നു. മകന്‍ നിധിന്‍ ചെറിയാന്‍ രാജീവ് ഗാന്ധി ഇന്‍സ്റ്റിറ്റ്യൂട്ടില്‍ അഡ്മിനിസ്‌ട്രേഷന്‍ വിഭാഗത്തില്‍ കംപ്യൂട്ടര്‍ ഓപ്പറേറ്റര്‍ ജോലി ചെയ്യുകയായിരുന്നു. നിധിന്‍ ചെറിയാനാണ് ആദ്യം രോഗം ബാധിച്ചത്. നിധിന്റെ ഭാര്യ ജോസ്സി ഇവര്‍ക്ക് 7-വയസ്സുള്ള മകനും 6-മാസം പ്രായമുള്ള മകളും ഉണ്ട്. മൃതദേഹങ്ങള്‍ സീമാപുരിയിലെ പൊതു ശ്മശാനത്തില്‍ കൊവിഡ് പ്രോട്ടോകോള്‍ അനുസരിച്ച് ദഹിപ്പിച്ചു. കിഴക്കന്‍ ഡല്‍ഹിയിലെ അറിയപ്പെടുന്ന സാമൂഹ്യ പ്രവര്‍ത്തകന്‍ കൂടിയായിരുന്നു ടി.എസ് ചെറിയാന്‍, ഭാര്യ പരേതയായ കുഞ്ഞമ്മ ചെറിയാന്‍. സിറിയന്‍ ഓര്‍ത്തഡോക്‌സ് യാക്കോബായ സഭാഗമായിരുന്നു.