Pravasimalayaly

ഫാദർ സ്റ്റാൻ സ്വാമിയെന്ന ‘അർബൻ നക്സൽ’

മാവോയിസ്റ്റ് ബന്ധമാരോപിച്ച് ഭീമാ കൊറെഗാവ് കേസിൽ പെടുത്തി ഇന്ത്യൻ ഭരണകൂടം കൊലപ്പെടുത്തിയ ഫാദർ സ്റ്റാനിസ്ലാവോസ് ലൂർദ്ദ് സാമിയെന്ന അർബൻ നക്സലിനെ എന്തുകൊണ്ടാണ് ഇന്ത്യൻ ഭരണകൂടത്തിന് ഇല്ലാതാക്കേണ്ട ഭീഷണിയായി തോന്നിയത്. ആ കഥ മധ്യേന്ത്യയിലെ ജനകീയ പോരാട്ടങ്ങളുമായി കെട്ടുപിണഞ്ഞു കിടക്കുന്ന ഒന്നാണ്…

ഇന്ത്യയുടെ ധാതു കിണ്ണം എന്ന് വിശേഷിപ്പിക്കപ്പെടുന്ന മധ്യേന്ത്യയിലെ ജാർഖണ്ഡ് സംസ്ഥാനത്താണ് ഇന്ത്യയിലെ ധാതുസമ്പത്തിന്റെ 40 ശതമാനവും ഉള്ളത്. ജനസംഖ്യയിലെ വലിയ ശതമാനം ആദിവാസികളായ സംസ്ഥാനത്ത് അവരുടെ ആവാസ മേഖലകളിൽ നിന്നും അവരെ കുടിയൊഴിപ്പിച്ച് ധാതു സമ്പത്ത് കവർന്നെടുക്കാനുള്ള കോർപ്പറേറ്റ് ശ്രമങ്ങൾ ഈ മേഖലയെ സംഘർഷ ഭൂമിയാക്കിയിട്ട് നാളേറെയായി. വാസ്തവത്തിൽ പ്രകൃതി വിഭവങ്ങളാൽ സമ്പന്നമായ ഈ മേഖലയിലെ വിഭവക്കൊള്ളയ്ക്കും അതിനെതിരെയുള്ള സായുധവും അല്ലാത്തതുമായ പോരാട്ടങ്ങൾക്കും ഇന്ത്യയിലെ വിവിധ സാമ്ര്യാജ്യങ്ങളുടെ കാലത്തോളം തന്നെ പഴക്കമുണ്ട്. കോളനിവാഴ്ചയുടെ കാലത്തും തുടർന്ന ഈ ചരിത്രം ഇന്നും തുടരുന്നു. ബിർസ മുണ്ട മുതൽ സിപിഐ മാവോയിസ്റ്റ് പോളിറ്റ് ബ്യൂറോ അംഗം മിസിർ ബസ്ര വരെ ഈ സംഘർഷം ജന്മം കൊടുത്ത പോരാളികളാണ്.

ഇന്ത്യയിലെ ഏറ്റവും വലിയ ആഭ്യന്തര ഭീഷണിയെന്ന് മാവോയിസ്റ്റ് പാർട്ടിയെ വിശേഷിപ്പിച്ച് മൻമോഹൻ സിംഗ് സർക്കാർ ശക്തമാക്കിയ വിഭവകൊള്ള തീവ്രമാക്കിയ ബിജെപി സർക്കാർ അടിച്ചമർത്തൽ നടപടികളും ശക്തമാക്കിയതാണ് സ്റ്റാൻ സ്വാമിയുടെ ഉൾപ്പെടെ അറസ്റ്റിന്റെ പശ്ചാത്തലം. കുർബാനയും ചെയ്ത് കൊന്തയും ചൊല്ലിയിരിക്കുന്ന പുരോഹിതരിൽ നിന്നും വ്യത്യസ്തമായി നാട്ടിലെ അനീതികൾക്കെതിരെ ശക്തമായ നിലപാടെടുത്തതാണ് ഫാദർ സ്റ്റാനിനെ നക്സലൈറ്റുകളുടെ നഗര മുഖം എന്ന് ഇന്ത്യൻ ഭരണകൂടം വിശേഷിപ്പിക്കുന്ന അർബൻ നക്സലാക്കിയത്. റാഞ്ചിയിൽ കഴിഞ്ഞ 2017 ൽ നടന്ന നിക്ഷേപക സമ്മേളനത്തിൽ 3 ലക്ഷം കോടി രൂപയുടെ 209 ധാരണാപത്രങ്ങളാണ് ഒപ്പുവെക്കപ്പെട്ടത്, അവയിലേറെയും വമ്പൻ ഖനന പദ്ധതികളും. ഈ പദ്ധതികൾ നടപ്പിലാക്കണമെങ്കിൽ ആദിവാസി ജനവിഭാഗങ്ങളെ അവരുടെ ആവാസ മേഖലകളിൽ നിന്നും കുടിയൊഴിപ്പിക്കുക എന്നത് അനിവാര്യമായിരുന്നു. അതിനു മുൻപ് അപ്രകാരം ഒപ്പുവെച്ച ധാരണാപത്രങ്ങളിൽ ഏറെയും മാവോയിസ്റ്റ് പാർട്ടിയുടെയും മനുഷ്യാവകാശ പ്രവർത്തകരുടെയും ചെറുത്തുനിൽപ്പ് മൂലം തടസ്സപ്പെട്ട അനുഭവങ്ങൾ നിലനിന്നതിനാൽ തന്നെ കോർപ്പറേറ്റ് സേവകർ രണ്ടും കൽപ്പിച്ചാണ് പിന്നീട് ഇറങ്ങിയത്. ഫാദർ സ്റ്റാനിനെയും സുധ ഭരധ്വാജിനെയും പോലുള്ളവരെ ഇനിയും ശബ്ദിക്കാൻ വിട്ടാൽ അത് അപകടം ചെയ്യും എന്ന് ഇന്ത്യൻ ഭരണകൂടം അന്ന് തീരുമാനിച്ചിരുന്നു.

മാവോയിസ്റ്റ് മുദ്ര കുത്തി തടവറയിലടക്കപ്പെട്ടിരിക്കുന്ന മൂവായിരത്തോളം ആദിവാസികളിൽ 98 ശതമാനവും മാവോയിസ്റ്റുകളുമായി യാതൊരുവിധ ബന്ധമുള്ളവരല്ല എന്ന സത്യം പുറത്തുകൊണ്ടുവന്നത് ഉൾപ്പടെ നിരവധിയായ പ്രവർത്തനങ്ങളാണ് സ്റ്റാൻ സ്വാമി ചെയ്തിട്ടുള്ളത്. വനാവകാശ നിയമം നടപ്പാക്കിയെടുക്കാൻ ശക്തമായ ഇടപെടലുകൾ നടത്തിയിട്ടുള്ള അദ്ദേഹമാണ് ആദിവാസി സ്വയം ഭരണമേഖലയുമായി ബന്ധപ്പെട്ട PESA നിയമം നടപ്പാക്കണമെന്ന് ശക്തമായി വാദിച്ചതും. ഫാദർ സ്റ്റാൻ സ്വാമിയുടെ ഇടപെടലുകളാണ് മധ്യേന്ത്യയിൽ 2017 ൽ ശക്തമായ പതൽഗാഡി പ്രസ്ഥാനത്തിലേക്ക് എത്തിയത്. ആദിവാസികൾ ഗ്രാമങ്ങളിൽ ചെക് പോസ്റ്റുകൾ സ്ഥാപിച്ചും മറ്റും തങ്ങളുടേതായ സ്വയം ഭരണം പ്രഖ്യാപിച്ചത് ഇന്ത്യൻ ഭരണകൂടത്തെ വിറകൊള്ളിച്ച സംഭവമായിരുന്നു. അർബൻ നക്സൽ എന്ന പേരിൽ അറസ്റ്റ് ചെയ്യപ്പെട്ട സുധ ഭരദ്വാജ് ഉൾപ്പടെയുള്ളവർ രൂപീകരിച്ച ലൈംഗികാതിക്രമത്തിനും ഭരണകൂട അടിച്ചമർത്തലിനുമെതിരെ സ്ത്രീകൾ (WSS) എന്ന സംഘടനയ്ക്കും ഈ പാതിരി വേണ്ട സഹായങ്ങൾ ചെയ്തുകൊടുത്തിരുന്നു. യുറേനിയം റേഡിയേഷനെതിരെയും ചായ്‌ബാസ ഡാമിനെതിരെയുമെല്ലാം ശക്തമായ സമരമുഖത്തുണ്ടായിരുന്ന ഫാദർ സ്റ്റാൻ വാർദ്ധക്യത്തിലും ഊർജ്ജസ്വലതയോടെ പ്രവർത്തനനിരതണായിരുന്നു. അതിനാൽ തന്നെ അദ്ദേഹത്തെ നിശബ്ദമാക്കേണ്ടത് ചൂഷക താല്പര്യങ്ങൾക്ക് അത്യാവശ്യവുമായിരുന്നു. ഫാദർ സ്റ്റാൻ സ്വാമി മാത്രമല്ല, അർബൻ നക്സലുകൾ എന്ന് വിളിപ്പേരിട്ട് ഭരണകൂടം അടിച്ചമർത്തുന്ന മിക്കവരുടെയും ചരിത്രം ഏതാണ്ട് ഇതൊക്കെ തന്നെയാണ്

സ്റ്റാൻ സ്വാമിയുടെ മൃതസംസ്കാര ചടങ്ങിൽ ഫാ. ഫ്രേസർ നടത്തിയ പ്രസംഗം കേട്ടു. സ്റ്റാൻ കാൽപനികനായ ഒരു വിപ്ലവകാരിയോ സമരം തന്നെ ജീവിതം എന്നു പ്രഖ്യാപിച്ചിറങ്ങിയ പ്രക്ഷോഭകാരിയോ ആയിരുന്നില്ല. രാപ്പകൽ തെക്കുവടക്കോടിയ ഒരു സോ കോൾഡ് ആക്ടിവിസ്റ്റു പോലുമല്ല. ആദിവാസികൾ നേരിടുന്ന പ്രശ്നങ്ങൾ അദ്ദേഹം അപഗ്രഥിച്ചു, അതിന്റെ കാരണങ്ങൾ മനസ്സിലാക്കി. ഇന്ത്യൻ ഭരണഘടന ആദിവാസികൾക്കു നൽകുന്ന അവകാശങ്ങൾ എന്തൊക്കെയെന്നു വിശദീകരിച്ചു. ഇത്തരത്തിൽ ബൗദ്ധികമായ ഒരു സംഭാവനയായിരുന്നു പ്രധാനമായും അദ്ദേഹത്തിന്റേത്. ആറു വർഷം ബംഗ്ലൂരിലെ ഇന്ത്യൻ സോഷ്യൽ ഇൻസ്റ്റിറ്റ്യൂട്ടിന്റെ ഡയറക്ടറായിരുന്ന ഒരു സോഷ്യോളജിസ്റ്റിന് തികച്ചും ചേർന്ന വിധത്തിലുള്ള സംഭാവനകൾ.

അങ്ങനെയിരിക്കെയാണ് ഖനി ലോബികളുടെ ചൂഷണം തുടങ്ങുകയും ആദിവാസികൾ അവരുടെ പിതൃഭൂമിയിൽ അന്യരായി മാറുകയും ചെയ്തത്. അതിനെതിരെ സമരത്തിനിറങ്ങിയ
ആദിവാസി യുവാക്കളെ നക്സലുകൾ എന്നാരോപിച്ചു ബി ജെ പി ഭരണകൂടം ജയിലടക്കാൻ തുടങ്ങി. ഇത് കള്ളക്കേസുകളാണെന്ന് വ്യക്തമായ വസ്തുതകളുടെ പിൻബലത്തോടെ സ്റ്റാൻ സ്ഥാപിച്ചു , കേസുകൾ നടത്തി. അല്ലാതെ, പൊലീസിനെ വെടിവയ്ക്കുകയല്ല അദ്ദേഹം ചെയ്തത്.

തീർത്തും അഹിംസാവാദിയായ , സമാധാന പ്രിയനായ, അങ്ങേയറ്റം gentle ആയ ഒരാളായിരുന്നു സ്റ്റാൻ എന്ന് ഫാ.ഫ്രേസർ ഓർമിക്കുന്നു. മാത്രവുമല്ല തന്റെ പൗരോഹിത്യത്തെ ഒന്നാമതായി വില മതിക്കുകയും ചെയ്തിരുന്നു. ആസ്പത്രി കിടക്കയിൽ എന്നും വിശുദ്ധ കുർബ്ബാന സ്വീകരിക്കാൻ നിർബന്ധം പിടിച്ചിരുന്ന ഒരു പുരോഹിതൻ.

അങ്ങനെയൊരു ക്രിസ്ത്യൻ പുരോഹിതനെയാണ് ഇപ്പോൾ , സംഘികളേക്കാൾ വലിയ സംഘിഭക്തി കാണിക്കുന്ന ക്രിസംഘികൾ ലജ്ജയില്ലാതെ അധിക്ഷേപിക്കുന്നത്. ഒരു കലാപകാരിയോ മാറ്റോ ആയിരുന്നു അദ്ദേഹം എന്ന തെറ്റിദ്ധാരണ പരത്താൻ ഇവർ ശ്രമിച്ചു കൊണ്ടിരിക്കുകയാണ്. സ്റ്റാൻ പൗരോഹിത്യം ഉപേക്ഷിച്ചിരുന്നു എന്നു പോലും പ്രചരിപ്പിക്കുന്നുണ്ട്. നുണ പറയുക, അത് ആവർത്തിച്ചു പറയുക എന്നതാണല്ലോ പ്രധാന യുദ്ധമുറ .

പക്ഷേ, സത്യം ഒന്നേയുള്ളൂ:
നിരപരാധിയായ ഒരു വൃദ്ധ താപസനെ വിചാരണയും വിധിയും കൂടാതെ കൊന്നു കളഞ്ഞു. അത്രമാത്രം.

അതെ, നീതിയുടെ പക്ഷത്ത് നിന്ന് പതറാതെ പോരാടി എന്നത് തന്നെയാണ് ഫാദർ സ്റ്റാൻ സ്വാമിയെ ഇന്ത്യൻ ഭരണകൂടത്തിന്റെ ശത്രു പക്ഷത്ത് എത്തിച്ചത്. സ്വന്തം ജീവൻ തന്നെ ബലി നൽകിയ ഫാദർ സ്റ്റാനിന്റെ പോരാട്ടം മുന്നോട്ട് കൊണ്ടുപോകേണ്ടത് നീതി ബോധമുള്ള ഏവരുടെയും കടമയാണ്. തടവറയിൽ ഇനിയും ഇത്തരത്തിൽ ഒരുപാട് പേരുണ്ട്. ആനന്ദ് തെൽതുബ്ഡെ, ജി എൻ സായിബാബ, വെർനൺ ഗൊൺലാൽവസ്… പട്ടിക നീണ്ടതാണ്… അവരുടെയെല്ലാം മോചനത്തിനായി നമുക്ക് ശബ്ദമുയർത്താം… ഫാദർ സ്റ്റാൻ സ്വാമിയോട് നീതി പുലർത്താം…

Exit mobile version