Saturday, November 23, 2024
HomeNewsKeralaവിഎസ് അച്യുതാനന്ദൻ സഹായ ഫണ്ടിലേക്ക് എന്റെ വക 5 രൂപ: പരിഹാസവുമായി ഫാത്തിമ തഹ്ലീയ

വിഎസ് അച്യുതാനന്ദൻ സഹായ ഫണ്ടിലേക്ക് എന്റെ വക 5 രൂപ: പരിഹാസവുമായി ഫാത്തിമ തഹ്ലീയ

തൃശൂർ: സോളാർ കേസിൽ ഉമ്മൻ ചാണ്ടിക്കെതിരായ പരാമർശത്തിൽ വിഎസ് അച്യൂതാനന്ദൻ നഷ്ടപരിഹാരം നൽകണമെന്ന കോടതി വിധിയിൽ പരിഹാസവുമായി മുൻ എംഎസ്എഫ് ദേശീയ വൈസ് പ്രസിഡന്റ് ഫാത്തിമാ തഹ്ലീയ. ‘ഉമ്മൻചാണ്ടിയെ കുറിച്ച് പച്ചക്കള്ളം പറഞ്ഞതിന് കോടതി പിഴയിട്ട വിഎസ് അച്യുതാനന്ദൻ സഹായ ഫണ്ടിലേക്ക് എന്റെ വക 5 രൂപ’ എന്ന് തഹ്ലീയ ഫേസ്ബുക്കിൽ കുറിച്ചു.

കോടതി വിധി വിഎസ് അച്യുതാനന്ദനും സിപിഎമ്മിനുമേറ്റ പ്രഹരമാണെന്ന് കെപിസിസി അധ്യക്ഷൻ കെ സുധാകരൻ നേരത്തെ പ്രതികരിച്ചിരുന്നു. ‘ഈ വിധി വിഎസിന് മാത്രമല്ല, നുണക്കഥകൾ കൊണ്ട് എതിരാളികളെ വ്യക്തിഹത്യ ചെയ്യുന്ന സിപിഎമ്മിന് ഒന്നടങ്കം മുഖത്തേറ്റ പ്രഹരമാണ്. നുണ ഒരു ആയുധമാണ്‌. സി പി എമ്മിൻ്റെ എറ്റവും വലിയ ആയുധമായി ആ പ്രസ്ഥാനത്തെ നിലനിർത്തുന്നതും നുണകൾ തന്നെയാണ്.’ സുധാകരൻ പറഞ്ഞു.

സോളാർ കേസുമായി ബന്ധപ്പെട്ട് അന്നു മുഖ്യമന്ത്രിയായിരുന്ന ഉമ്മൻചാണ്ടിക്കെതിരെ പ്രതിപക്ഷ നേതാവായിരുന്ന വിഎസ് നടത്തിയ ഒരു പരാമർശത്തിനെതിരെ ഉമ്മൻചാണ്ടി നൽകിയ കേസിലാണ് ഇപ്പോൾ നിർണായകമായ വിധി വന്നിട്ടുള്ളത്. 10,10,000 രൂപ വിഎസ് ഉമ്മൻചാണ്ടിക്ക് മാനനഷ്ടത്തിനുള്ള നഷ്ടപരിഹാരമായി നൽകണമെന്ന് കോടതി ഉത്തരവിട്ടു. 2013 ജൂലൈ ആറിന് ഒരു ടെലിവിഷൻ ചാനലിന് നൽകി അഭിമുഖത്തിലാണ് വിഎസ് അച്യുതാനന്ദൻ വിവാദ പരാമർശം നടത്തിയത്.

ഉമ്മൻചാണ്ടിയുടെ നേതൃത്വത്തിൽ ഒരു കമ്പനി രൂപീകരിച്ച് തട്ടിപ്പ് നടത്തിയെന്നാണ് വിഎസ്‌ ചാനൽ അഭിമുഖത്തിൽ പരാമർശിച്ചത്. ഉമ്മന്‍ചാണ്ടി അഴിമതി നടത്തിയെന്നും വിഎസ്‌ ആരോപിച്ചു. ഇതിനെതിരെ കേസിനു പോയ ഉമ്മൻചാണ്ടി 2019 സെപ്റ്റംബർ 24ന് കോടതിയിൽ നേരിട്ടെത്തി മൊഴിനൽകിയിരുന്നു. തുടർന്നാണ് കോടതി വിധി പ്രസ്താവിച്ചത്.

RELATED ARTICLES

Leave a Reply

- Advertisment -

Most Popular

Recent Comments