ഫാസിൽ കൊലക്കേസ്; പതിനൊന്ന് പേർ കൂടി കസ്റ്റഡിയിൽ; മംഗളൂരുവിൽ നിരോധനാജ്ഞ തുടരുന്നു

0
22

ബംഗളൂരു: മംഗളൂരു സൂറത്‌കലിലെ ഫാസിൽ കൊലക്കേസിൽ പതിനൊന്ന് പേർ കൂടി കസ്റ്റഡിയിൽ. ഇതോടെ കേസിൽ കസ്റ്റഡിയിലായവരുടെ എണ്ണം 21 ആയി. അതേസമയം, കേസിലെ പ്രതികളെ ഇതുവരെ പിടികൂടാനായിട്ടില്ല. തുണിക്കട നടത്തുകയായിരുന്ന ഫാസിലിനെ കടയുടെ മുന്നിൽ വച്ച് മങ്കി ക്യാപ് ധരിച്ചെത്തിയ നാലംഗ സംഘം വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു.

കസ്റ്റഡിയിലുള്ള 21 പേരെ ചോദ്യം ചെയ്ത് വരികയാണെന്ന് പൊലീസ് അറിയിച്ചു. ഇവരിൽ ആരും കൃത്യത്തിൽ പങ്കെടുത്തവരല്ലെന്നാണ് വിവരം.

ഫാസിൽ എസ്.ഡി.പി.ഐ പ്രവർത്തകനാണെന്നാണ് സൂചന. എന്നാൽ ഇക്കാര്യം പൊലീസ് സ്ഥിരീകരിച്ചിട്ടില്ല. യുവമോർച്ചാ നേതാവ് പ്രവീൺ നെട്ടാറിന്റെ കൊലപാതകത്തെ തുടർന്ന് മംഗളൂരുവിൽ നിരോധനാജ്ഞ പ്രഖ്യാപിച്ചിരിക്കെയായിരുന്നു വീണ്ടും കൊലപാതകം നടന്നത്.

അതേസമയം, പ്രവീൺ കൊലപാതക കേസിൽ ദേശീയ അന്വേഷണ ഏജൻസി പ്രാഥമിക അന്വേഷണം ഉടൻ ആരംഭിക്കും. കഴിഞ്ഞ ദിവസം കർണാടക സർക്കാർ‌ കേസ് എൻ ഐ എയ്ക്ക് കൈമാറിയിരുന്നു. കേസിൽ രണ്ടുപേരാണ് ഇതുവരെ അറസ്റ്റിലായത്.

രണ്ടു കൊലപാതകങ്ങളുടെ പശ്ചാത്തലത്തിൽ മംഗളൂരുവിൽ ഏർപ്പെടുത്തിയ നിരോധനാജ്ഞ തുടരുകയാണ്. അവശ്യസർവീസുകൾ ഒഴികെയുള്ള രാത്രികാല യാത്രയ്ക്ക് വിലക്കേർപ്പെടുത്തി. വ്യാപാര സ്ഥാപനങ്ങൾ വൈകിട്ട് ആറ് മുതൽ രാവിലെ ആറ് വരെ പ്രവർത്തിക്കാൻ പാടില്ല. ദീർഘദൂര യാത്രചെയ്യുന്നവർ ടിക്കറ്റ് കൈവശം കരുതണം. കാസർകോ‌‌ട് ജില്ലയുടെ അതിർത്തി പ്രദേശങ്ങളിൽ കേരളപൊലീസും പരിശോധന കർശനമാക്കിയിരിക്കുകയാണ്.

Leave a Reply