ലൈംഗിക പീഡന കേസില്‍ അറസ്റ്റിലായ സംവിധായകന്‍ ലിജു കുറ്റം സമ്മതിച്ചു; അംഗത്വം റദ്ദ് ചെയ്‌തെന്ന് ഫെഫ്ക

0
329

കൊച്ചി: ലൈംഗിക പീഡന കേസില്‍ അറസ്റ്റിലായ സംവിധായകന്‍ ലിജു കൃഷ്ണ കുറ്റം സമ്മതിച്ചതായി പൊലീസ്. പരാതിക്കാരിയായ യുവതിയുമൊത്തു ഒന്നിച്ച് താമസിച്ചിട്ടുണ്ടെന്ന് പ്രാഥമിക ചോദ്യം ചെയ്യലില്‍ ഇയാള്‍ സമ്മതിച്ചു. പ്രതിയെ ഇന്ന് കസ്റ്റഡിയില്‍ വാങ്ങി ചോദ്യം ചെയ്യാനും തെളിവെടുപ്പു നടത്താനുമുള്ള ഒരുക്കത്തിലാണു പോലീസ്. അതിജീവിതയുടെ രഹസ്യമൊഴി ഇന്നു മജിസ്‌ട്രേട്ടിനു മുന്‍പില്‍ രേഖപ്പെടുത്തും.

ലിജുവിനെ ഇന്നലെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു. ഇന്‍ഫോപാര്‍ക്ക് സ്റ്റേഷനിലാണ് യുവതി പരാതി നല്‍കിയതെങ്കിലും പീഡനം നടന്നതു തൃക്കാക്കര പൊലീസ് സ്റ്റേഷന്റെ പരിധിയിലെ ഫ്‌ളാറ്റിലായതിനാല്‍ കേസ് അന്വേഷണച്ചുമതല തൃക്കാക്കര പോലീസിനു കൈമാറും. സംഭവത്തില്‍ അതിജീവിതയോടൊപ്പം ഉറച്ചുനില്‍ക്കുന്നുവെന്ന് വ്യക്തമാക്കി ഫെഫ്ക ഡയറക്ടേഴ്സ് യൂണിയന്‍ രംഗത്ത് എത്തി.

‘പടവെട്ട്’ എന്ന സിനിമയുമായി ബന്ധപ്പെട്ട് ലിജു കൃഷ്ണ എടുത്ത താത്ക്കാലിക അംഗത്വം റദ്ദ് ചെയ്തതായി ഫെഫ്ക ഡയറക്ടേഴ്സ് യൂണിയന്‍ അറിയിച്ചു. ഫെഫ്ക ഡയറക്ടേഴ്സ് യൂണിയന്‍ പ്രസിഡന്റ് രണ്‍ജി പണിക്കറും സെക്രട്ടറി ജി എസ് വിജയനുമാണ് വാര്‍ത്താക്കുറിപ്പിലൂടെ ഇക്കാര്യം അറിയിച്ചത്. യുവതിക്ക് പിന്തുണയുമായി സിനിമയിലെ വനിത പ്രവര്‍ത്തകരുടെ കൂട്ടായ്മയായ ഡബ്ല്യൂസിസിയും രംഗത്തെത്തി. കേസ് തീര്‍പ്പാക്കുന്നതുവരെ ലിജുവിനെ സിനിമ മേഖലയില്‍ വിലക്കേര്‍പ്പെടുത്തണമെന്നും എല്ലാ ഫിലിം ബോഡികളിലെയും അംഗത്വം റദ്ദാക്കണമെന്നും ഡബ്ല്യൂസിസി ആവശ്യപ്പെട്ടു.

ലിജു ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രമാണ് പടവെട്ട്. നിവിന്‍ പോളി നായകനായി എത്തുന്ന ചിത്രം നടന്‍ സണ്ണി വെയിനാണ് നിര്‍മിക്കുന്നത്. ലിജു അറസ്റ്റിലായതിന് പിന്നാലെ സിനിമയുടെ ചിത്രീകരണം നിര്‍ത്തിവച്ചു.തനിക്കു നേരിടേണ്ടിവന്ന ക്രൂര പീഡനത്തെക്കുറിച്ച് വിമണ്‍ എഗെയ്ന്‍സ്റ്റ് സെഷ്വല്‍ ഹരാസ്‌മെന്റ് എന്ന ഫേസ്ബുക്ക് പേജില്‍ യുവതി തുറന്നു പറഞ്ഞു. പ്രണയം നടിച്ച് താമസസ്ഥലത്തേക്ക് വിളിച്ചുകൊണ്ടുപോയി ബലപ്രയോഗത്തിലൂടെ കീഴ്പ്പെടുത്തി എന്നാണ് പരാതിയില്‍ യുവതി പറയുന്നത്.

2020 ജൂണ്‍ 21നാണ് സിനിമയുടെനിര്‍മ്മാണ ആവശ്യങ്ങള്‍ക്ക് വേണ്ടി വാടകക്കെടുത്ത വീട്ടില്‍ വച്ച് പീഡനത്തിന് ഇരയാക്കുന്നത്. ഇയാള്‍ പലപ്രാവശ്യം ബലപ്രയോഗത്തിലൂടെ ഇയാളുടെ പീഡനം തുടര്‍ന്നു. അതിനിടെ ഗര്‍ഭച്ഛിദ്രത്തിന് വിധേയയായെന്നും ഇത് മാനസികവും ശാരീരികവുമായി തന്നെ തളര്‍ത്തിയെന്നുമാണ് യുവതി പറയുന്നത്. 60 കിലോ ഭാരമുണ്ടായിരുന്ന താനിപ്പോള്‍ 32 കിലോ ആയി. നേരെ ഇരിക്കാനോ നടക്കാനോ കഴിയാത്ത നിലയില്‍ എന്റെ ആരോഗ്യം നഷ്ടപ്പെട്ടിരിക്കുന്നു എന്നും യുവതി പറഞ്ഞു

Leave a Reply