കൊല്ലം: നീറ്റ് പരീക്ഷക്കിടെ കൊല്ലത്ത് പെൺകുട്ടിയുടെ അടിവസ്ത്രം അഴിപ്പിച്ച സംഭവത്തില്‍ വിശദീകരണവുമായി നാഷണൽ ടെസ്റ്റിംഗ് ഏജൻസി (എൻടിഎ). സംഭവത്തിൽ, നേരിട്ടോ പരീക്ഷ സമയത്തോ ശേഷമോ പരാതി ലഭിച്ചിട്ടില്ലെന്ന് എൻടിഎ വിശദീകരിക്കുന്നു. ആയൂർ മാർത്തോമ്മാ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇൻഫർമേഷൻ ആൻഡ് ടെക്നോളജിയിൽ പരീക്ഷയെഴുതാനെത്തിയ വിദ്യാർഥിനികൾക്കാണ് ദുരനുഭവം.
അടിവസ്ത്രം അഴിച്ചുള്ള പരിശോധന അനുവദനീയമല്ല. ഡ്രസ് കോഡിൽ ഇത്തരം നടപടികൾ അനുവദിക്കുന്നില്ലെന്നും എൻടിഎ പറയുന്നു. പെൺകുട്ടിയുടെ വസ്ത്രത്തിന് മുകളിൽ ഒരു മെറ്റൽ ബട്ടൺ ഉണ്ടായിരുന്നു. കുട്ടിയുടെ രക്ഷിതാവിനെ കോളജിൽ വിശ്രമിക്കാൻ അനുവദിക്കാതിരുന്നതാണ് പരാതിക്ക് കാരണമെന്നും എൻടിഎ വ്യക്തമാക്കുന്നു.
അതേസമയം, സംഭവത്തിൽ ആയൂരിലെ പരീക്ഷ കേന്ദ്രത്തിനെതിരെ പരാതിയുമായി കൂടുതൽ പെണ്‍കുട്ടികൾ രംഗത്തെത്തി. മോശം അനുഭവമാണ് ഉണ്ടായതെന്ന് പെണ്‍കുട്ടികൾ പറയുന്നു. അടിവസ്‌ത്രം അഴിപ്പിച്ചതോടെ മുടി മുന്നിലേക്ക് ഇട്ട് ഇരുന്നാണ് പരീക്ഷ എഴുതിയത്. പരീക്ഷ കഴിഞ്ഞ് കോളജിൽ വച്ച് അടിവസ്ത്രം ഇടാൻ അനുവദിച്ചില്ലെന്നും പെണ്‍കുട്ടികൾ പരാതിപ്പെടുന്നു.
എന്നാല്‍, താൻ നടത്തിയ അന്വേഷണത്തിൽ കുട്ടികളുടെ അടിവസ്ത്രം അഴിപ്പിച്ചതായി തെളിവ് കിട്ടിയിട്ടില്ലെന്നാണ് നീറ്റ് ജില്ലാ കോ– ഓർഡിനേറ്റർ എൻജെ ബാബു പറയുന്നത്. വിവാദം എൻടിഎ അന്വേഷിക്കും. ഇവരുടെ അന്വേഷണത്തിനൊടുവിൽ തുടര്‍ നടപടി സ്വീകരിക്കുമെന്നും അദ്ദേഹം അറിയിച്ചു.
അതിനിടെ അടിവസ്ത്രം അഴിപ്പിച്ച സംഭവത്തിൽ പൊലീസ് കേസെടുത്തു. ദേഹ പരിശോധന ഡ്യൂട്ടിയിലുണ്ടായിരുന്ന കണ്ടാലറിയാവുന്ന സ്ത്രീക്കെതിരെയാണ് കേസെടുത്തത്. ശൂരനാട് സ്വദേശിനിയായ പെൺകുട്ടിയുടെ പിതാവിന്റെ പരാതിയിലാണ് നടപടി. സ്ത്രീത്വത്തെ അപമാനിച്ചതടക്കമുള്ള കുറ്റങ്ങൾ ചുമത്തി. ഇതേ കേന്ദ്രത്തിൽ പരീക്ഷയെഴുതിയ മറ്റൊരു വിദ്യാർഥിനിയും പരാതി നൽകി.
മതിയായ പരിശീലനം ലഭിക്കാത്തവരാണ് പരിശോധന നടത്തിയത്. പ്രദേശ വാസിയായ സ്ത്രീയടക്കം എട്ട് പേരാണ് പരിശോധനയ്ക്കുണ്ടായിരുന്നത്. ഇവരേയും കോളജ് ജീവനക്കാരെയും ചോദ്യം ചെയ്യും. സിസിടിവി ദൃശ്യങ്ങളും പൊലീസ് ശേഖരിച്ചു.